അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷന്‍റെ ബാറ്റിങ്

ഇഷാനും ഹാർദിക്കിനും ഫിഫ്റ്റി; നമീബിയക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ നമീബിയക്ക് മുന്നിൽ 210 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ഓപണർ ഇഷാൻ കിഷന്‍റെയും മധ്യനിരയിൽ ഹാർദിക് പാണ്ഡ്യയുടെയും തകർപ്പൻ അർധ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്ത് പകർന്നത്. കഴിഞ്ഞ മത്സരത്തിലെ ടോപ് സ്കോററായ സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 209 റൺസ് നേടിയത്. നമീബിയക്കായി ജെറാർഡ് ഇറാസ്മസ് നാലോവറിൽ 20 റൺമാത്രം വിട്ടുനൽകി നാല് വിക്കറ്റ് നേടി.

മത്സരത്തിൽ ടോസ് നേടിയ നമീബിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇഷാൻ കിഷനൊപ്പം ഓപണിങ് റോളിലെത്തിയ സഞ്ജു സാംസൺ ടീമിന് ഗംഭീര തുടക്കം സമാമനിച്ചാണ് മടങ്ങിയത്. എട്ടു പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 22 റൺസ് നേടിയാണ് പുറത്തായത്. പിന്നാലെയിറങ്ങിയ തിലക് വർമയെ കൂട്ടുപിടിച്ച് ഇഷാൻ അർധ സെഞ്ച്വറി പൂർത്തിയാക്കി. ടീം സ്കോർ 100 കടത്തിയാണ് താരം പുറത്തായത്. 24 പന്തിൽ ആറ് ഫോറും അഞ്ച് സിക്സുമുൾപ്പെടെ 61 റൺസാണ് ഇഷാന്‍റെ ബാറ്റിൽനിന്ന് പിറന്നത്.

ക്യാപ്റ്റൻ സൂര്യകുമാറിന് 13 പന്തിൽ 12 റൺസ് മാത്രമാണ് അടിച്ചെടുക്കാനായത്. പതിവിന് വിപരീതമായി പതിയെ കളിച്ച തിലക് വർമ 21 പന്തിൽ 25 റൺസുമായി മടങ്ങി. തുടക്കത്തിൽ പതിയെ കളിച്ച ഹാർദിക് പാണ്ഡ്യ പിന്നീട് സ്കോറിങ് ടോപ് ഗിയറിലാക്കി. 28 പന്തിൽ 52 റൺസ് നേടിയ താരം 19-ാം ഓവറിലാണ് പുറത്തായത്. നാലുവീതം സിക്സും ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ഇതേ ഓവറിൽ ശിവം ദുബെയും അക്സർ പട്ടേലും പുറത്തായത് ഇന്ത്യക്ക് ക്ഷീണമായി.

ദുബെ (16 പന്തിൽ 23) അനാവശ്യ റണ്ണിന് ശ്രമിച്ച് പുറത്തായപ്പോൾ, അക്സർ പട്ടേൽ (0) ബൗൾഡാകുകയായിരുന്നു. അവസാന ഓവറിൽ റിങ്കു സിങ് (1), അർഷ്ദീപ് സിങ് (2) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. വരുൺ ചക്രവർത്തി (1) പുറത്താകാതെനിന്നു.  

Tags:    
News Summary - India vs Namibia | T20 World Cup | Ishan Kishan | Hardik Pandya | Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.