2019ലെ വെസ്റ്റിൻഡീസ് പര്യടനത്തിൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു ഹനുമ വിഹാരി. അന്ന് രണ്ടു ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. നാലു വർഷത്തിനിപ്പുറം മറ്റൊരു പര്യടനത്തിന്‍റെ ഭാഗമായി കരീബിയൻ മണ്ണിലാണ് ഇന്ത്യൻ ടീം.
എന്നാൽ ടീമിൽ വിഹാരിയില്ല. 2018ൽ ഓവലിൽ ഇംഗ്ലണ്ടിനെതിരെയാണ് താരം അരങ്ങേറ്റ മത്സരം കളിച്ചത്. ഇതുവരെ 16 ടെസ്റ്റ് മത്സരങ്ങളിൽനിന്നായി 839 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 29കാരനായ റൈറ്റ് ഹാൻഡ് ബാറ്റർ ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനായി കളിക്കുകയാണ്. കഴിഞ്ഞവർഷം വരെ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ ഭാഗമായിരുന്നു. കഴിഞ്ഞവർഷം എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്.
മൂന്നാം നമ്പറുകാരനായി കളിക്കാനിറങ്ങിയ താരം 20, 11 എന്നിങ്ങനെയാണ് അന്ന് രണ്ട് ഇന്നിങ്സുകളിലായി സ്കോർ ചെയ്തത്. ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനം നടത്താനായിട്ടുണ്ടെന്നും വിഹാരി പറയുന്നു. ദുലീപ് ട്രോഫി ഫൈനൽ മത്സരത്തിനിടെ ഇ.എസ്.പി.എൻ ക്രിക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘എനിക്ക് ഇപ്പോഴും ഉറപ്പില്ല (എന്തുകൊണ്ട് ടീമിൽനിന്ന് ഒഴിവാക്കിയെന്നതിൽ). അവസരം കിട്ടുമ്പോഴെല്ലാം എന്റെ കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട്. ഒരുപക്ഷേ എന്റെ മികച്ച പ്രകടനം ഇന്ത്യൻ ടീമിന് മതിയാകുമായിരുന്നില്ല. മികച്ചതിനായി വീണ്ടും ശ്രമിക്കും. ഒരു സ്പോർട്സ്മാൻ എന്ന നിലയിൽ ഇതുമാത്രമാണ് ചെയ്യാൻ കഴിയുക. ഈ വരുന്ന സീസണിലും ഞാൻ അത് തുടരും’ -ഹനുമാൻ വിഹാരി വ്യക്തമാക്കി.
അജിങ്ക്യ രഹാനെ വലിയ പ്രചോദനമാണ്. 15 മാസത്തെ ഇടവേളക്കുശേഷം ടെസ്റ്റ് ടീമിൽ പഴയ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വിരമിക്കുന്നതുവരെ പ്രതീക്ഷയുണ്ട്. ഇപ്പോൾ പ്രായം 29 ആണ്, ഇനിയും ഒരുപാട് സമയമുണ്ടെന്നും വിഹാരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.