ബക്നറും സചിനും

സചിനെ പുറത്താക്കിയ എൽ.ബി.ഡബ്ല്യു, ‘അതൊരു തെറ്റായിരുന്നു’; 22 വർഷങ്ങൾക്ക് ശേഷം കുറ്റസമ്മതം നടത്തി ബക്നർ

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച ആ വിവാദ തീരുമാനത്തിന് 22 വർഷങ്ങൾ തികയുമ്പോൾ, വെസ്റ്റിൻഡീസ് മുൻ അമ്പയർ സ്റ്റീവ് ബക്നർ തന്റെ തെറ്റ് പരസ്യമായി സമ്മതിച്ചിരിക്കുകയാണ്. 2003-04ലെ ഇന്ത്യയുടെ ആസ്‌ട്രേലിയൻ പര്യടനത്തിനിടെ ബ്രിസ്‌ബേനിലെ ഗാബയിൽ നടന്ന മത്സരത്തിൽ സചിനെ പുറത്താക്കിയ തീരുമാനം തെറ്റായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

79കാരനായ ബക്നർ, വെസ്റ്റിൻഡീസ് ക്രിക്കറ്റ് അമ്പയേഴ്സ് അസോസിയേഷനോട് സംസാരിക്കവെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. “സചിൻ ടെണ്ടുൽക്കറെ എൽ.ബി.ഡബ്ല്യു നൽകി പുറത്താക്കിയത് ഒരു തെറ്റായിരുന്നു എന്ന് എനിക്കറിയാം. ഇന്നും ആളുകൾ അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ജീവിതത്തിൽ തെറ്റുകൾ സംഭവിക്കാം, അത് ഞാൻ അംഗീകരിക്കുന്നു” -ബക്നർ പറഞ്ഞു.

യഥാർഥത്തിൽ അന്ന് എന്താണ് സംഭവിച്ചത്?

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം അമ്പയറിങ് തീരുമാനങ്ങളിൽ ഒന്നായാണ് സചിനെ പുറത്താക്കിയ നടപടിയെ കണക്കാക്കുന്നത്. 2003ൽ ബ്രിസ്‌ബേനിലെ ഗാബ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സ്. മൂന്ന് റൺസുമായി സചിൻ ക്രീസിൽ നിൽക്കുന്നു. ആസ്‌ട്രേലിയൻ പേസർ ജേസൺ ഗില്ലസ്പി ആയിരുന്നു പന്തെറിഞ്ഞത്.

ഗില്ലസ്പി എറിഞ്ഞ ഗുഡ് ലെങ്ത് പന്ത് എക്സ്ട്രാ ബൗൺസായി കുതിച്ചുയർന്നു. സചിൻ ആ പന്ത് ലീവ് ചെയ്യാനായി ബാറ്റ് ഉയർത്തിപ്പിടിച്ചു. എന്നാൽ പന്ത് സചിന്റെ തൈ പാഡിൽ ആണ് വന്നുതട്ടിയത്. ബാറ്റ് ഉയർത്തിപ്പിടിച്ചതിനാൽ പന്ത് സ്റ്റമ്പിന് മുകളിലൂടെ പോകുമെന്ന് ഉറപ്പായിരുന്നു. പിന്നാലെ ആസ്‌ട്രേലിയൻ താരങ്ങൾ ശക്തമായി അപ്പീൽ ചെയ്തതോടെ, അല്പം പോലും ചിന്തിക്കാതെ ബക്നർ തന്റെ ചൂണ്ടുവിരൽ ഉയർത്തി ഔട്ട് വിധിച്ചു.

അമ്പയറുടെ തീരുമാനം കണ്ട് സച്ചിൻ അമ്പരന്നുപോയി. പന്ത് സ്റ്റമ്പുകൾക്ക് വളരെ മുകളിലൂടെയാണ് പോകുന്നതെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. അന്ന് കമന്ററി ബോക്സിലുണ്ടായിരുന്ന ഇതിഹാസ താരം ടോണി ഗ്രേഗ് ഈ തീരുമാനത്തെ ‘ഭയാനക വിധി’ എന്നാണ് വിശേഷിപ്പിച്ചത്.

തന്റെ കരിയറിൽ സചിനെതിരെ ബക്നർ സ്വീകരിച്ച പല തീരുമാനങ്ങളും ഇത്തരത്തിൽ വിവാദമായിരുന്നു. വർഷങ്ങൾക്ക് ശേഷം സച്ചിനോട് ബക്നറെ കുറിച്ച് ചോദിച്ചപ്പോൾ, ചിരിച്ചുകൊണ്ട് താരം പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഞാൻ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന് ബോക്സിങ് ഗ്ലൗസ് നൽകണം, എന്നാൽ പിന്നെ വിരൽ ഉയർത്താൻ കഴിയില്ലല്ലോ!”

Tags:    
News Summary - 22 Years Later, Steve Bucknor Breaks Silence On Controversial Sachin Tendulkar LBW: "Was A Mistake"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.