വെസ്റ്റിൻഡീസില്ലാത്തൊരു ഏകദിന ലോകകപ്പ്; യോഗ്യത നേടാതെ മുൻ ചാമ്പ്യന്മാർ; 48 വർഷത്തെ ചരിത്രത്തിൽ ആദ്യം

ഈ വർഷം ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിൽ വെസ്റ്റിൻഡീസ് കളിക്കില്ല. നിർണായക യോഗ്യത മത്സരത്തിൽ സ്കോട്ട്ലൻഡിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതാണ് മുൻ ചാമ്പ്യന്മാരായ കരീബിയൻ രാജ്യത്തിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ ഇല്ലാതാക്കിയത്.

48 വർഷത്തെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ വിൻഡീസ് കളിക്കാത്ത ആദ്യ ലോകകപ്പാകും ഇന്ത്യയിലേത്. ഈ വർഷം ആദ്യം നടന്ന ട്വന്റി20 ലോകകപ്പിനും വെസ്റ്റിൻഡീസ് യോഗ്യത നേടിയിരുന്നില്ല. നേരത്തെ യോഗ്യത മത്സരത്തിൽ നെതർലൻഡ്സ്, സിംബാബ്‌വെ ടീമുകളോടും ടീ തോറ്റിരുന്നു. സൂപ്പർ സിക്സ് റൗണ്ട് മത്സരത്തിൽ ഏഴു വിക്കറ്റിനാണ് സ്കോട്ടിഷ് പട വിൻഡീസിനെ തകർത്തത്.

ടോസ് നേടിയ സ്കോട്ട്ലൻഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോട്ട്ലൻഡ് ബോളർമാർ നിറഞ്ഞാടിയ മത്സരത്തിൽ വിൻഡീസ് 43.5 ഓവറിൽ 181 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. മുൻനിര ബാറ്റർമാർ വേഗത്തിൽ മടങ്ങി. 79 പന്തുകളിൽ 45 റൺസ് നേടിയ ജയ്സൺ ഹോൾഡറും 43 പന്തുകളിൽ 36 റൺസ് നേടിയ ഷെപ്പേർഡും മാത്രമാണ് ടീമിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്‌ലൻഡ് 43.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ടീമിനായി മാത്യു ക്രോസും (107 പന്തിൽ 74 റൺസ്), ബ്രണ്ടം മക്മുല്ലനും (106 പന്തിൽ 69 റൺസ്) അർധ സെഞ്ച്വറി നേടി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 125 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. സ്കോട്ട്ലൻഡിന് ഏഴു വിക്കറ്റ് ജയം. സൂപ്പർ സിക്സ് റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത ലഭിക്കുക. ആറു പോയന്റ് വീതമുള്ള ശ്രീലങ്കയും സിംബാബ്‍വെയുമാണ് നിലവിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

ഒരുകാലത്ത് ക്രിക്കറ്റിലെ ഏറ്റവും കരുത്തുറ്റ പേരായിരുന്നു വിൻഡീസ്. ഏകദിനത്തിലെ ആദ്യ രണ്ട്‌ ലോകകപ്പിലെയും ജേതാക്കൾ. 1975, 1979 ലോകകപ്പുകളിലാണ് ചാമ്പ്യന്മാരായത്. 1983ൽ ഫൈനലിലെത്തിയെങ്കിലും ഇന്ത്യയോടു പരാജയപ്പെട്ടു. രണ്ട് ട്വന്റി20 കിരീടങ്ങളും നേടിയിട്ടുണ്ട്. യോഗ്യതാ റൗണ്ടിലെ ആദ്യഘട്ടത്തിലേറ്റ രണ്ട്‌ വമ്പൻ തോൽവികളാണ് വിൻഡീസിന് വിനയായത്.

സിംബാബ്‌വെയോട് 35 റൺസിനും നെതർലൻഡ്‌സിനോട് സൂപ്പർ ഓവറിലും തോറ്റു. കഴിഞ്ഞ 12 ലോകകപ്പിലും കരീബിയൻ ടീം കളിച്ചിരുന്നു. 2019 ഏകദിന ലോകകപ്പിൽ യോഗ്യത റൗണ്ടിലൂടെയാണ് പ്രവേശിച്ചത്.

Tags:    
News Summary - 2-Time Champions West Indies Fail To Qualify For First Time In 48 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.