ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തായി മടങ്ങുന്ന ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജദേജ
കൊൽക്കത്ത: ആദ്യ ഇന്നിങ്സിൽ 30 റൺസിന്‍റെ ലീഡ് നേടി, രണ്ടാം ഇന്നിങ്സിനൊടുവിൽ അത്ര തന്നെ റൺസിന് തോൽവി ഏറ്റുവാങ്ങുക, അതാണ് ഈഡനിൽ ഗാർഡനിൽ ടീം ഇന്ത്യക്ക് സംഭവിച്ചത്. താരതമ്യേന കുഞ്ഞൻ ടാർഗറ്റായ 124 റൺസ് ഇന്ത്യ അനായാസം അടിച്ചെടുക്കുമെന്ന ആരാധക പ്രതീക്ഷകൾ പൊടുന്നനെയാണ് തകർന്നത്. ഒറ്റ റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് വീണതോടെ ടീം പ്രതിരോധത്തിലായി. ആത്മവിശ്വാസം അപ്പാടെ തകർന്ന ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറിയപ്പോൾ കേവലം 93 റൺസിൽ ഇന്ത്യയുടെ കഥ കഴിഞ്ഞു! ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്ത് കണ്ടിട്ടില്ലാത്ത വിധം മോശം പ്രകടനമായതോടെ, ഇന്ത്യക്ക് ചേസ് ചെയ്ത് ജയിക്കാൻ പറ്റാത്ത രണ്ടാമത്തെ കുറഞ്ഞ സ്കോർ കൂടിയായി കൊൽക്കത്തയിലേത്. 1997നു ശേഷമുള്ള ഏറ്റവും മോശം ചേസിങ്ങാണിത്.
28 വർഷം മുമ്പ് വെസ്റ്റിൻഡീസിനെതിരെയാണ് ഇതിനുമുമ്പ് ഇന്ത്യ ഇത്തരത്തിൽ തോറ്റത്. അന്ന് വെസ്റ്റിൻഡീസിനെതിരെ 120 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. എന്നാൽ മറുപടി 81 റൺസിൽ അവസാനിച്ചതോടെ 38 റൺസിന്‍റെ പരാജയം രുചിച്ചു. ഇതിനു ശേഷം ആദ്യമായാണ് ഇന്ത്യ 125ലും കുറഞ്ഞ ടാർഗറ്റ് എത്തിപ്പിടിക്കാനാകാതെ കീഴടങ്ങുന്നത്. ഈഡൻ ഗാർഡനിൽ സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കിയത് ഇന്ത്യൻ സംഘത്തിന് വൻ തിരിച്ചടിയായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ബാറ്റർമാർ പരാജയപ്പെട്ടെന്നാണ് പരിശീലകൻ ഗൗതം ഗംഭീറിന്‍റെ അഭിപ്രായം. പ്രതിരോധിച്ച് കളിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ജയിക്കാമായിരുന്നുവെന്നും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബവുമയുടെ (55*) ഇന്നിങ്സ് ചൂണ്ടിക്കാട്ടി ഗംഭീർ പറഞ്ഞു.
അതേസമയം സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കുന്നതിലൂടെ ടെസ്റ്റ് ക്രിക്കറ്റിനെ തകർക്കുകയാണ് ചെയ്യുന്നതെന്നും കളിക്കാർക്ക് അതുകൊണ്ട് പ്രയോജനമില്ലെന്നും ഇന്ത്യയുടെ മുൻ സ്പിന്നർ ഹർഭജൻ സിങ് അഭിപ്രായപ്പെട്ടു. “അവർ ടെസ്റ്റ് ക്രിക്കറ്റിനെ പൂർണമായും തകർത്തുകളഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന് ആർ.ഐ.പി. കഴിഞ്ഞ ഏതാനും വർഷങ്ങളായി തയാറാക്കുന്ന പിച്ച് ഞാൻ കാണാറുണ്ട്. ടീം ജയിക്കുന്നതിനാൽ ആർക്കും പരാതിയില്ല. ആരെങ്കിലുമൊക്കെ വിക്കറ്റെടുത്ത് ഹീറോയാകുന്നു, എല്ലാം നല്ലനിലയിൽ പോകുന്നുവെന്ന് പൊതുവെ ചിന്ത ഉയരുന്നു.
എന്നാൽ ഇത് വളരെ മോശം പ്രവണതയാണ്. ജയിച്ചാലും കളിക്കാർക്ക് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകുന്നില്ല. നുകത്തിൽ കെട്ടിയ കാളയുടെ അവസ്ഥയിലാകും താരങ്ങൾ. ക്രിക്കറ്ററെന്ന നിലയിൽ ഒരിക്കലും വളരില്ല. ഇത്തരം പിച്ചുകളിൽ എങ്ങനെ ബാറ്റുചെയ്യണമെന്ന് ബാറ്റർമാർക്ക് ആശയക്കുഴപ്പമുണ്ടാകും. അവരെ കളി അറിയാത്തവരെ പോലെയാക്കും. പിച്ചിന്‍റെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം വിക്കറ്റുകൾ വീഴുന്നു. ബാറ്ററുടെയോ ബൗളറുടെയോ കഴിവ് പ്രകടിപ്പിക്കാൻ കഴിയാതെ വരുന്നു” -ഹർഭജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.