വാഹനാപകടത്തിൽ മരിച്ച കാലിക്കറ്റ് എഫ്.സി താരം റിജോൺ ജോസിന്റെ മൃതദേഹം കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സഹതാരങ്ങൾ അന്തിമോപചാരമർപ്പിക്കുന്നു
സ്റ്റേഡിയത്തെ കണ്ണീർപ്പുഴയാക്കി താരങ്ങൾ
കോഴിക്കോട്: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന്റെ കന്നി മത്സരത്തിന് ബൂട്ടണിഞ്ഞ് ഫുട്ബാളും കൈയിലേന്തി കാണികളുടെ മുന്നിലേക്ക് കടന്നുവരേണ്ട താരത്തെ സ്റ്റേഡിയത്തിലേക്ക് വെള്ളപുതപ്പിച്ച് കൊണ്ടുവന്നപ്പോൾ കാലിക്കറ്റ് എഫ്.സി താരങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭക്ഷണം കഴിക്കാനെന്നു പറഞ്ഞ് സഹതാരം ഗനിയുമായി ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപെട്ട് മരിച്ച റിജോൺ ജോസിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് കോർപറേഷൻ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ സഹതാരങ്ങൾ പൊട്ടിക്കരഞ്ഞു. പലരും ദുഃഖം അടക്കാൻ കഴിയാതെ വാവിട്ടുകരഞ്ഞ കാഴ്ച കളിയാരാധകരെയും കാണികളെയും ഒരുപോലെ സങ്കടത്തിലാക്കി.
2024ലെ സൂപ്പർ ലീഗ് കേരളയിൽ കിരീടം നേടിയ കാലിക്കറ്റ് എഫ്.സി ടീമിലെ പ്രമുഖ അംഗമായിരുന്നു റിജോൺ. പിന്നിട് ഫോഴ്സ കൊച്ചിയിൽ ചേക്കേറിയ റിജോണിനെ മൂന്നാം സീസണിൽ കാലിക്കറ്റ് എഫ്.സി തന്നെ സ്വന്തമാക്കുകയായിരുന്നു. ഇത്തവണ ചരിത്രവിജയം ആവർത്തിക്കാനുള്ള ഒരുക്കത്തിൽ മുന്നേറവെ ഒപ്പമുണ്ടായിരുന്ന പ്രിയ സുഹൃത്തിനെ കൈവിട്ടവേദന അടക്കാനാവാത്തതാണ്.
ശ്രീഭൂമി എഫ്.സി, ജോർജ്ജ് ടെലിഗ്രാഫ് എസ്.സി, എഫ്.സി ഡെക്കാൻ, ഫോഴ്‌സ കൊച്ചി എഫ്.സി എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. കൊൽക്കത്ത ഫുട്‌ബാൾ ലീഗിലും കർണാടക സൂപ്പർ ഡിവിഷൻ ലീഗിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസായ റിജോൺ ജോസ് ഇത്തവണ സന്തോഷ് ട്രോഫി ക്യാമ്പിലെത്തുമെന്ന പ്രതീക്ഷ ഏറിനിൽക്കെയാണ് ദുരന്തം വേട്ടയാടിയത്. ഒരുമിച്ച് നേടിയ വിജയങ്ങളുടെ ആഹ്ലാദവും പരാജയങ്ങളിൽ പങ്കിട്ട ആശ്വാസവും കളിക്കളത്തിലെ ചെറിയ പിണക്കങ്ങളും വലിയ സൗഹൃദങ്ങളും എല്ലാം ഒരു നിമിഷം കൊണ്ട് വേദനിക്കുന്ന ഓർമകളായി മാറി.
വെളളിയാഴ്ച കോർപറേഷൻ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയുമായായിരുന്നു കാലിക്കറ്റ് എഫ്.സിയുടെ ആദ്യ മത്സരം. അഡ്വ. കെ. ജയന്ത് എം.എൽ.എ, കെ.എഫ്.എ വൈസ് പ്രസിഡന്റ് അഡ്വ. ഹരിദാസൻ, കെ.ഡി.എഫ്.എ സെക്രട്ടറി ഷാജേഷ് കുമാർ, മുൻ ഫുട്ബാൾ താരം ഹൈദ്രൂസ്, ആസ്റ്റർ മിംസ് പ്രതിനിധികൾ, നൈനാംവളപ്പ് ഫുട്‌ബാൾ ഫാൻസ് അസോസിയേഷൻ(എൻഫ) പ്രസിഡന്റ് സുബൈർ നൈനാംവളപ്പ്, കൗൺസിലർമാരായ സി.പി. സലീം, സഫറി വെള്ളയിൽ, ശ്രീജ സി. നായർ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് റോയ് ജോൺ, സെക്രട്ടറി പ്രബുൽ എന്നിവർ അന്തിമോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.