ഇടിച്ച് വീഴ്ത്തി 'വെങ്കലം'; ഏഷ്യൻ ഗെയിംസ് എം.എം.എയിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രമെഴുതി സുചിക തരിയാൽ

നഗോയ: ഏഷ്യൻ ഗെയിംസ് വേദിയിൽ ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം. ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്‌സഡ് മാർഷൽ ആർട്സിൽ (എം.എം.എ) ഇന്ത്യ തങ്ങളുടെ ആദ്യ മെഡൽ സ്വന്തമാക്കി. വനിതകളുടെ ട്രെഡീഷണൽ 60 കിലോഗ്രാം വിഭാഗത്തിൽ 36-കാരിയായ സുചിക തരിയാലാണ് ചരിത്രം കുറിച്ചുകൊണ്ട് രാജ്യത്തിനായി വെങ്കല മെഡൽ കഴുത്തിലണിഞ്ഞത്. ഇതോടെ ടൂർണമെന്റിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം നാലായി ഉയർന്നു. ഷൂട്ടിങ്ങിൽ ലഭിച്ച മൂന്ന് വെള്ളി മെഡലുകൾക്ക് പുറമെയാണിത്.

തിങ്കളാഴ്ച നടന്ന വാശിയേറിയ സെമി ഫൈനൽ പോരാട്ടത്തിൽ സിംഗപ്പൂരിന്റെ ഹുയി ഹൂൺ തിയോയോട് പരാജയപ്പെട്ടതോടെയാണ് സുചികയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. കടുത്ത പോരാട്ടം നടന്ന മത്സരത്തിന്റെ എക്‌സ്ട്രാ റൗണ്ടിൽ 0-2 എന്ന സ്കോറിനാണ് ഇന്ത്യൻ താരം അടിയറവ് പറഞ്ഞത്. നേരത്തെ, മികച്ച പ്രകടനം പുറത്തെടുത്ത സുചിക ക്വാർട്ടർ ഫൈനലിൽ മംഗോളിയൻ താരം അൽതാൻചൈമെഗ് ബൈഗൽമയെ 2-0 എന്ന സ്കോറിന് തകർത്തുവിട്ടാണ് സെമിയിൽ പ്രവേശിച്ചതും രാജ്യത്തിനായി മെഡൽ ഉറപ്പിച്ചതും.

അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്കായി പലതവണ ജേഴ്സിയണിഞ്ഞ പരിചയസമ്പന്നയായ കായികതാരമാണ് സുചിക തരിയാൽ. 2022ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിലും, 2023ലെ ഏഷ്യൻ ഗെയിംസിൽ കുറാഷ് ഇനത്തിലും സുചിക രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റം കുറിച്ച ഒരു കായികയിനത്തിൽ തന്നെ ഇന്ത്യക്കായി മെഡൽ നേടാനായത് രാജ്യത്തെ കോംബാറ്റ് കായിക മേഖലയ്ക്ക് വലിയ ഊർജമാണ് പകരുന്നത്.

Tags:    
News Summary - Asian Games: India Wins First MMA Medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.