മുഹമ്മദ് ഷമി രാഷ്ട്രീയത്തിലേക്കോ? എൻ.ഡി.എ കക്ഷി നേതാവുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചർച്ചകൾ ചൂടുപിടിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹം. രാ​ഷ്​​ട്രീ​യ ലോ​ക്​​ദ​ൾ (ആർ.എൽ.ഡി) അധ്യക്ഷൻ ജയന്ത് ചൗധരിയുമായി ഷമി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഞായറാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ ചിത്രം ജയന്ത് ചൗധരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വാർത്തകൾ സജീവമായത്. 2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഷമി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലാണ് മുഹമ്മദ് ഷമി ജനിച്ചത്. അതിനാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.എൽ.ഡി ടിക്കറ്റിൽ അംരോഹയിൽ നിന്ന് ഷമിയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സഹോദരനോ ജനവിധി തേടുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഷമിയോ പാർട്ടിയോ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

നിലവിൽ സമാജ്‌വാദി പാർട്ടി (എസ്.പി) നേതാവ് മഹ്ബൂബ് അലിയാണ് അംരോഹ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ നാല് തവണയും ഇവിടെ നിന്ന് തുടർച്ചയായി വിജയിച്ചത് മഹ്ബൂബ് അലിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രാം സിങ്ങിനെ 71,000-ത്തിലധികം വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അതിന് മുൻപ് 2017-ൽ ബി.എസ്.പിയുടെ നൗഷാദ് അലിയെ 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം തോൽപ്പിച്ചിരുന്നു. ഈ എസ്.പി കോട്ട പിടിച്ചെടുക്കാനാണ് എൻ.ഡി.എ സഖ്യകക്ഷിയായ ആർ.എൽ.ഡി ഷമിയെ കളത്തിലിറക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.

2025-ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ നിന്ന് പുറത്താണ്. ഫിറ്റ്‌നെസ് പ്രശ്‌നങ്ങളെത്തുടർന്ന് ഏറെക്കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന താരം, അടുത്തിടെ ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായി കളിച്ചിരുന്നു. എന്നാൽ വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ ഷമിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ സജീവമാകുന്നത്.

Tags:    
News Summary - Mohammed Shami to Enter Politics?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.