ന്യൂഡൽഹി: 2030ലെ കോമൺവെൽത്ത് ഗെയിംസ് ആതിഥേയത്വത്തിന് ശ്രമം നടത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം. വേദിയായി അഹ്മദാബാദും തെരഞ്ഞെടുക്കും. കഴിഞ്ഞ മാർച്ചിൽ ഇന്ത്യ താൽപര്യപത്രം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ദിവസങ്ങൾക്കു മുമ്പ് ഇന്ത്യൻ നീക്കത്തിന് അംഗീകാരം നൽകിയിരുന്നു.
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം സമർപ്പിച്ച നിർദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതവഹിച്ച മന്ത്രിസഭ യോഗം അംഗീകാരം നൽകുകയായിരുന്നെന്ന് വാർത്ത കുറിപ്പ് അറിയിച്ചു. ആഗസ്റ്റ് 31നകം അപേക്ഷ സമർപ്പിക്കേണ്ടതിനാൽ വരുന്ന 48 മണിക്കൂറിനകം ഒളിമ്പിക് അസോസിയേഷൻ നടപടികൾ പൂർത്തിയാക്കും.
കോമൺവെൽത്ത് ഗെയിംസ് വിജയകരമായി നടത്താനായാൽ 2036ലെ ഒളിമ്പിക്സിനും ഇന്ത്യ ശ്രമം നടത്തും. അതിനും അഹ്മദാബാദ് തന്നെ വേദിയാകും. ഇതേ താൽപര്യങ്ങളോടെ അഹ്മദാബാദ് നഗരം ഉടച്ചുവാർക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്.
നിർമാണം പുരോഗമിക്കുന്ന സർദാർ വല്ലഭ്ഭായി പട്ടേൽ സ്പോർട്സ് എൻക്ലേവ്, വമ്പൻ ക്രിക്കറ്റ് മൈതാനമായ നരേന്ദ്ര മോദി സ്റ്റേഡിയം എന്നിവയാണ് നഗരത്തിലെ പ്രധാന വേദികൾ. കോമൺവെൽത്ത് ഗെയിംസിൽ 72 രാജ്യങ്ങളിലെ അറ്റ്ലറ്റുകൾ പങ്കെടുക്കും.
അതേസമയം, 2026ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത് സ്കോട്ലൻഡ് നഗരമായ ഗ്ലാസ്ഗോയാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാന ഇനങ്ങളായ ഗുസ്തി, ഷൂട്ടിങ്, ബാഡ്മിന്റൺ, ഹോക്കി തുടങ്ങി ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്ന ഇനങ്ങളെല്ലാം ഒഴിവാക്കിയാണ് ഗ്ലാസ്ഗോ ഗെയിംസ് നടക്കുക. എന്നാൽ, 2030ലെ ഗെയിംസ് ഇന്ത്യയിൽ നടത്തുന്ന പക്ഷം എല്ലാം ഉൾപ്പെടുത്തി വിപുലമായിതന്നെ ഗെയിംസ് നടത്തുമെന്ന് ഇന്ത്യ ഉറപ്പുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.