ഇന്ത്യൻ താരങ്ങൾ മത്സരത്തിനിടെ

ടി20 ലോകകപ്പിന് റെക്കോഡ് വ്യൂവർഷിപ്; ഇന്ത്യയിൽ മാത്രം കളികണ്ടത് 50 കോടിയിലേറെപ്പേർ!

ഐ.സി.സി ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുന്നു. ടൂർണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഇന്ത്യയിൽ മാത്രം കാഴ്ചക്കാരുടെ എണ്ണം 50 കോടി (500 മില്യൻ) പിന്നിട്ടു. ഏതൊരു ടി20 ലോകകപ്പിനും ലഭിക്കുന്ന ഏറ്റവും ഉയർന്ന കാഴ്ചക്കാരുടെ എണ്ണമാണിത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ചെയർമാൻ ജയ് ഷാ ബുധനാഴ്ച തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് റെക്കോഡ് നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ക്രിക്കറ്റിനെ ആഗോളതലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചതെന്നും ഇന്ത്യൻ ആരാധകരിൽനിന്ന് ലഭിച്ച പ്രതികരണം വിസ്മയിപ്പിക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു.

ടി.വിക്ക് പുറമെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ മുന്നേറ്റമാണുണ്ടായത്. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിൽ ഒരേസമയം 6.05 കോടി (60.5 മില്യൻ) ആളുകൾ മത്സരം കണ്ടത് പുതിയ റെക്കോർഡാണ്. “ടി20 ലോകകപ്പിനെ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഈ യാത്ര തുടങ്ങിയത്. ഇന്ത്യയിലെ കാഴ്ചക്കാരുടെ എണ്ണം 50 കോടി കടന്നതിൽ അതിയായ സന്തോഷം. നോക്കൗട്ട് മത്സരങ്ങൾ തുടങ്ങാനിരിക്കെ, ഇന്ത്യൻ ആരാധകരുടെ സ്നേഹം കൂടുതൽ റെക്കോഡുകൾ തകർക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു” -ജയ് ഷാ എക്സിൽ കുറിച്ചു

ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ബുധനാഴ്ച തുടക്കമായി. ആദ്യ സെമിയിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലാണഅ മത്സരം. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ഏയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക. മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിലുള്ള കിവികൾ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്.

മാർച്ച് അഞ്ചിന് നടക്കുന്ന രണ്ടാം സെമിയിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരും. സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റിൻഡീസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. മലയാളി താരം സഞ്ജു സാംസൺ പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ഹാരി ബ്രൂക്ക് നയിക്കുന്ന ഇംഗ്ലണ്ട് ടീം, തുടർച്ചയായ അഞ്ച് വിജയങ്ങളുമായാണ് (ലീഗ് ഘട്ടത്തിലും സൂപ്പർ എട്ടിലും കൂടി) സെമി ഫൈനലിലേക്ക് എത്തുന്നത്. സഞ്ജുവിന്റെയും ടീം ഇന്ത്യയുടെയും തകർപ്പൻ ഫോമിലുള്ള പ്രതീക്ഷയിലാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് സ്വന്തം മണ്ണിൽ നടക്കുന്ന മത്സരങ്ങൾ ജയിച്ച് കിരീടം നിലനിർത്താൻ ഇനി വേണ്ടത് രണ്ട് വിജയങ്ങൾ മാത്രമാണ്.

Tags:    
News Summary - ICC Men's T20 World Cup 2026 breaks viewership records, crosses 500 million viewers in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.