പാരിസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളർക്ക് ഫ്രഞ്ച് ഫുട്ബാൾ മാസികയായ ഫ്രാൻസ് ഫുട്ബാൾ സമ്മാനിക്കുന്ന ബാലൺ ഡി ഓർ പുരസ്കാര ജേതാവിനെ തിങ്കളാഴ്ചയറിയാം. മികച്ച പുരുഷ താരത്തിനൊപ്പം, വനിതാ താരം, യുവതാരത്തിനുള്ള കോപ ട്രോഫി, ഗോൾ കീപ്പർക്കുള്ള യാഷിൻ ട്രോഫി, ടോപ് സ്കോറർക്കുള്ള ഗെർഡ് മുള്ളർ, മികച്ച കോച്ചിനുള്ള യൊഹാൻ ക്രൈഫ് തുടങ്ങിയ പുരസ്കാരങ്ങളുടെ അവകാശികളെയും ചടങ്ങിൽ പ്രഖ്യാപിക്കും. ഇന്ത്യൻ സമയം അർധരാത്രി 12.30 മുതൽ പാരിസിലാണ് ചടങ്ങ്.
യൂറോപ്പിലെ വിവിധ ക്ലബുകൾക്കായി തിളങ്ങിയ 30 താരങ്ങളുടെ ചുരുക്കപട്ടിക നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ഇവരിൽനിന്ന് വോട്ടെടുപ്പിലൂടെയാണ് 69ാമത് ബാലൺ ഡി ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്. ഫിഫയുടെ ആദ്യ 100 റാങ്കിലുള്ള രാജ്യങ്ങളിലെ മാധ്യമപ്രവർത്തകരാണ് വോട്ടർമാർ. ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്ക് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തതിന്റെ മികവുമായി ഫ്രാൻസ് സ്ട്രൈക്കർ ഉസ്മാൻ ഡെംബലെ ആരാധകരുടെ സാധ്യതാ പട്ടികയിൽ മുന്നിലുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിയാണ് കഴിഞ്ഞ വർഷം മികച്ച പുരുഷ താരമായത്. ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇക്കുറിയും ചുരുക്കപ്പട്ടികയിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.