4x400 മീ. മിക്സഡ് റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീം
ഗുമി (ദക്ഷിണ കൊറിയ): ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം നാൾ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. 4x400 മീ. മിക്സഡ് റിലേയിൽ സ്വർണം നിലനിർത്തിയപ്പോൾ ഡെക്കാത്തലണിൽ തേജശ്വിൻ ശങ്കറും പുരുഷ ട്രിപ്പ്ൾ ജംപിൽ പ്രവീൺ ചിത്രവേലും വനിത 400 മീറ്ററിൽ രൂപാൽ ചൗധരിയും 1500 മീറ്ററിൽ പൂജയും വെള്ളി മെഡലുകൾ നേടി. പുരുഷ 1500 മീറ്ററിൽ യൂനുസ് ഷായുടെ വെങ്കലമാണ് ഇന്നലത്തെ ആറാം മെഡൽ. ഇതോടെ ഇന്ത്യയുടെ ആകെ നേട്ടം രണ്ട് വീതം സ്വർണവും വെങ്കലവും നാല് വെള്ളിയുമുൾപ്പെടെ എട്ട് മെഡലുകളായി.
രൂപാൽ ചൗധരി, സന്തോഷ് കുമാർ, ടി.കെ വിശാൽ, ശുഭ വെങ്കടേഷൻ എന്നിവരടങ്ങിയ സംഘമാണ് മിക്സഡ് റിലേയിൽ ഒന്നാം സ്ഥാനക്കാരായത്. മൂന്ന് മിനിറ്റ് 18.12 സെക്കൻഡായിരുന്നു സമയം. ചൈനയും (3.20:52) ശ്രീലങ്കയുമാണ് (3.21:95) രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. രണ്ട് ടീമുകളെയും അയോഗ്യരാക്കിയതിനെത്തുടർന്ന് കസാഖ്സ്താനും (3.22:70) കൊറിയയും (3.22:87) യഥാക്രമം വെള്ളിയും വെങ്കലവും കൈക്കലാക്കി. 10 ഇനങ്ങളിൽനിന്നായി 7618 പോയന്റോടെയാണ് തേജശ്വിന്റെ വെള്ളി.
16.90 മീറ്റർ ചാടിയാണ് പ്രവീൺ ട്രിപ്പ്ൾ ജംപിൽ രണ്ടാമനായത്. 52.68 സെക്കൻഡിൽ ഫനിഷ് ചെയ്ത് രൂപാൽ 400 മീറ്ററിലെ വെള്ളി ജേത്രിയായപ്പോൾ മറ്റൊരു ഇന്ത്യൻ താരം വിത്യ രാംരാജ് അഞ്ചാമതായി. നാല് മിനിറ്റ് 10.83 സെക്കൻഡിൽ പൂജ 1500 മീറ്ററിൽ രണ്ടാംസ്ഥാനത്തെത്തി. സഹതാരം ലിലി ദാസിന് നാലാംസ്ഥാനമാണ് ലഭിച്ചത്. അതേസമയം, വനിത ലോങ് ജംപിൽ ശൈലി സിങ്ങും (6.17 മീ.) മലയാളി ആൻസി സോജനും (6.14 മീ.) ഫൈനലിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.