ഇന്ത്യൻ ഗോൾ കീപ്പർ അമരീന്ദർ സിങ് പരിശീലനത്തിൽ
കൊവ്ലൂണ് (ഹോങ്കോങ്): എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതഎ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മൂന്നാം റൗണ്ടിൽ ഇന്ത്യക്ക് ചൊവ്വാഴ്ച നിർണായക മത്സരം. ഗ്രൂപ് സിയിലെ രണ്ടാം അങ്കത്തിൽ ഹോങ്കോങ്ങാണ് എതിരാളികൾ. ഇന്ത്യൻ സമയം വൈകുന്നേരം 5.30 മുതലാണ് മത്സരം.
മാർച്ചിൽ നടന്ന ആദ്യ കളിയിൽ ബംഗ്ലാദേശിനോട് സമനില വഴങ്ങിയ ഇന്ത്യക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ജയം അനിവാര്യമാണ്. നാല് ടീമുകളടങ്ങുന്ന ഗ്രൂപ്പിലെ മറ്റൊരു സംഘം സിംഗപ്പൂരാണ്. ഹോങ്കോങ്ങും സിംഗപ്പൂരും തമ്മിൽ നടന്ന കളിയും സമനിലയിലാണ് കലാശിച്ചത്.
ഫിഫ റാങ്കിങ്ങിൽ 127ാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയുടെ സമീപകാല പ്രകടനങ്ങൾ അത്ര ആശാവഹമല്ല. ഈയിടെ തായ്ലൻഡിനെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ മനോലോ മാർക്വേസിന്റെ ശിഷ്യർ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോറ്റത്. 2024ൽ ഒരു ജയം പോലും നേടാനാവാതിരുന്ന ടീം ഈ വർഷം മാലദ്വീപിനെ മൂന്ന് ഗോളിന് തോൽപിച്ചതിൽപിന്നെ സമനിലയും തോൽവിയുമൊക്കെ തുടരുകയാണ്.
വിരമിക്കൽ പിൻവലിച്ച് സ്ട്രൈക്കർ സുനിൽ ഛേത്രി തിരിച്ചെത്തിയിട്ടും താളം കണ്ടെത്താനായിട്ടില്ല. 153ാം റാങ്കുകാരാണ് ഹോങ്കോങ്. ഇവരുമായുള്ള ഏറ്റുമുട്ടലിന്റെ ചരിത്രം നോക്കിയാൽ നേരിയ മുൻതൂക്കമേ ഇന്ത്യക്കുള്ളൂ. ഈയിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡുമായി ഹോങ്കോങ്ങിന് സന്നാഹ മത്സരമുണ്ടായിരുന്നു. 1-3ന് തോൽക്കുകയായിരുന്നു ടീം.
കൈ ടാക് സ്പോർട്സ് പാർക്കിൽ നടക്കുന്ന ഇന്ത്യ-ഹോങ്കോങ് മത്സരത്തിന്റെ 50,000 ടിക്കറ്റുകളും വിറ്റഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോങ്കോങ് ഫുട്ബാളിനെ സംബന്ധിച്ച് റെക്കോഡ് ജനക്കൂട്ടമാണ് കളിക്ക് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ ഒമ്പതിന് സിംഗപ്പൂരുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.