റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടങ്ങൾ സംഭവിക്കുന്ന നിരവധി വിഡിയോ നമ്മൾ കണ്ടതാണ്. എന്നാൽ ഉത്തർപ്രദേശിലെ ഷിക്കോഹാബാദ് റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.
ട്രെയിൻ വരുന്നതിനിടെ റെയിൽവെ ട്രാക്ക് മുറിച്ചുകടന്ന യുവതിയെ റെയിൽവെ ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തുന്നതാണ് വിഡിയോയിൽ. എന്നാൽ ഇതിനു പിന്നാലെ കുതിച്ചുവരുന്ന ട്രെയിനടുത്തേക്ക് വെള്ളകുപ്പിയെടുക്കാനായി യുവതി നീങ്ങുന്നതും വിഡിയോയിൽ കാണാം. യുവതിയുടെ പ്രവർത്തി കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്.
ഒരു പ്ലാറ്റ് ഫോമിൽ നിന്നും അടുത്ത പ്ലാറ്റ് ഫോമിലേക്ക് പോവുന്നതിനായി ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു യുവതി. എന്നാൽ ട്രെയിൻ വരുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് കയറാൻ കഴിയാതെ കുടുങ്ങിയ യുവതിയെ രാം സ്വരൂപ് മീണ എന്ന ഉദ്യോഗസ്ഥൻ ഓടിയെത്തി പ്ലാറ്റ് ഫോമിലേക്ക് പിടിച്ച് കയറ്റുകയായിരുന്നു. ഇതിനുപിന്നാലെ തന്‍റെ വെള്ളകുപ്പി എടുക്കാനായി യുവതി അതിവേഗതയിൽ വരുന്ന ട്രെയിനിനടുത്തേക്ക് നീങ്ങി. പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ട യുവതി ഒന്നും സംഭവിക്കാത്തപോലെ നടന്നുപോവുന്നതും വിഡിയോയിൽ കാണാം.
വിഡിയോ വൈറലായതോടെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തി. ഒരു ബോട്ടിലിന്‍റെ വില ജീവനേക്കാൾ വലുതായിരിക്കില്ല എന്നൊരാൾ കമന്‍റ് ചെയ്തപ്പോൾ ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മറ്റൊരു യൂസർ കമന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.