ഒരേയൊരു ഹഗ്ഗ്! തന്നിട്ട് പൊക്കോളാം; അപ്രതീക്ഷിതമായി കടയിലേക്ക് വന്ന് അതിഥി, ഉടമയെ ആലിംഗനം ചെയ്യുന്ന കുരങ്ങിന്റെ വിഡിയോ വൈറൽ

എല്ലാവർക്കും ഒരു ആലിംഗനത്തിന്റെ ആവശ്യമുണ്ട്. അതിന് മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല. മനസ്സറിഞ്ഞ് ഒന്നു കെട്ടിപ്പിടിച്ചാൽ മതി വിഷമിച്ചിരിക്കുന്നവന്റെ ഉള്ളൊന്ന് തണുക്കാൻ. അത്തരമൊരു കൺകുളിർക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഒരു മനുഷ്യനും കുരങ്ങനും കൈമാറിയ ആലിംഗനത്തിന്റെ രസകരമായ കാഴ്ച.

കടയിൽ ജോലി ചെയ്തു കൊണ്ടിരുന്ന കടയുടമയുടെ അടുത്തേക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു ലാംഗൂർ കുരങ്ങൻ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് തലചായ്ച്ച് സ്നേഹം പ്രകടിപ്പിക്കുന്ന വിഡിയോ ആണ് വൈറലായത്.

ഒഡീഷയിലെ ഒരു റിപ്പയർ ഷോപ്പിലെ ഈ അപൂർവ്വ സംഭവം. വന്യമൃഗമാണെന്ന ഭയമോ പരിഭ്രാന്തിയോ കാട്ടാതെ, അതീവ ശാന്തനായിരിക്കുന്ന കടയുടമയേയും കാണാം. അയാൾ ആ അപ്രതീക്ഷിത അതിഥിയെ സ്വീകരിച്ച രീതിയാണ് വ്യത്യസ്തമാക്കിയത്. പെട്ടെന്നുള്ള ചലനങ്ങളോ പ്രകോപനപരമായ പെരുമാറ്റങ്ങളോ ഉണ്ടാക്കാതെ അദ്ദേഹം ശാന്തനായി നിന്നത് ലാംഗൂരിനെയും ശാന്തമാക്കി. ഏതാനും നിമിഷങ്ങൾ സ്നേഹത്തോടെ ആലിംഗനം ചെയ്തശേഷം ലാംഗൂർ കുരങ്ങൻ യാതൊരു പ്രശ്നവുമില്ലാതെ അവിടെനിന്ന് തിരിച്ചുപോകുകയും ചെയ്തു.

സമൂഹമാധ്യമമായ എക്സിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യം നിമിഷനേരങ്ങൾക്കുള്ളിൽത്തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സംഭവം എ.ഐ ആണെന്ന് പലരും പറഞ്ഞെങ്കിലും സംഗതി ഉള്ളതാണ്. സംഭവത്തിലെ കൗതുകവും അപൂർവതയും കണ്ട് മാധ്യമങ്ങളും മറ്റും വിഡിയോ ഒന്നടങ്കം ഏറ്റെടുക്കുകയാണ് ഉണ്ടായത്.

വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ രസകരവും ചിന്തോദ്ദീപകവുമായ നിരവധി കമന്റുകളാണ് വരുന്നത്. വന്യജീവികളെ നേരിടുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും പരിഭ്രാന്തരാകാതെ ശാന്തത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പലരും ചൂണ്ടിക്കാണിച്ചു. "വന്യജീവിയാണെന്ന് അറിഞ്ഞിട്ടും സാന്തനായി നിന്നത് അദ്ദേഹം ചെയ്ത ശരിയായ കാര്യമാണ്" എന്ന് ഒരു ഉപയോക്താവ് കുറിച്ചു. 

കടയുടമയെ ആക്രമിക്കാൻ വന്നതാണെന്നാണ് ആദ്യം കരുതിയതെന്നും, എന്നാൽ സുഹൃത്തിനെപ്പോലെ സുഖവിവരന്വേഷിക്കാൻ എത്തിയതാണെന്ന് മനസ്സിലായെന്നും ചിലർ തമാശയായി എഴുതി. കടയ്ക്കുള്ളിൽ പരിഭ്രാന്തനായി നിന്നിരുന്ന മഞ്ഞ ഷർട്ട് ധരിച്ച മറ്റൊരു വ്യക്തിയുടെ പ്രതികരണവും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി. കടയുടമ ലാംഗൂരിനെ തിരിച്ച് കെട്ടിപ്പിടിക്കാമായിരുന്നില്ലേ എന്ന് ആഗ്രഹിച്ചവരും കുറവല്ല. മനുഷ്യനും മൃഗവും തമ്മിലുള്ള ഇത്തരം സ്നേഹനിമിഷങ്ങൾ വലിയ പോസിറ്റിവിറ്റിയാണ് സമൂഹമാധ്യമ ഉപഭോക്താക്കളിൽ നിറച്ചത്.

Tags:    
News Summary - Video of a Monkey Embracing Shop Owner Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.