പെൺകുട്ടിയെ മർദിക്കുന്ന ചിത്രം
ലക്നോ: 'ആന്‍റി' എന്ന് വിളിച്ച പെൺകുട്ടിയെ യുവതി ക്രൂരമായി മർദിക്കുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തിങ്കളാഴ്ച ഉത്തർപ്രദേശിലെ ഇത്താഹിലെ ബാബുഗെഞ്ച് മാർക്കറ്റിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പെൺകുട്ടി 'ആന്‍റി' എന്ന് അഭിസംബോധന ചെയ്തതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് കാഴ്ചക്കാർ പറഞ്ഞു.
പെൺകുട്ടിയുടെ ചെകിടത്തും മറ്റ് ശരീര ഭാഗങ്ങളിലും യുവതി അടിക്കുകയായിരുന്നു. യുവതിയെ പിടിച്ചുമാറ്റാൻ മാർക്കറ്റിലെത്തിയ മറ്റ് സ്ത്രീകൾ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വനിതാ പൊലീസ് എത്തിയാണ് മർദനത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ചത്.
ഭർത്താവിന്‍റെ രക്ഷക്കും ആയുസിനും വേണ്ടി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ യുവതികൾ ഒരു ദിവസം വ്രതമെടുക്കുന്ന കർവചൗഥ് ആഘോഷം നവംബർ നാലിനാണ് വടക്കേ ഇന്ത്യയിൽ ആചരിക്കുന്നത്. അതിനാൽ തന്നെ സാധനങ്ങൾ വാങ്ങിക്കുന്നതിനായി മാർക്കറ്റിൽ വൻ ജനത്തിരക്കായിരുന്നു. കാഴ്ചക്കാരിൽ ആരോ പകർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
കാർത്തിക മാസത്തിൽ പൂർണ ചന്ദ്രൻ വരുന്ന നാലാം ദിവസം മുതലാണ് വ്രതം ആരംഭിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, എന്നിവടങ്ങളിൽ പരമ്പരാഗതമായും ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലും കർവചൗഥ് ആഘോഷിച്ചു വരുന്നു. വരുംകാല വരനായി വിവാഹം കഴിക്കാത്ത സ്ത്രീകളും ഈ വ്രതം അനുഷ്ടിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.