ബംഗളൂരു: ജോലിക്കിടെ ഉറക്കംതൂങ്ങുന്നവർ നിരവധിയുണ്ട്. തിരക്കുപിടിച്ച ജോലിക്കിടെ ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് അൽപ്പനേരം ഒന്നു മയങ്ങാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട്. ഇത്തരക്കാർക്ക് ഒരു സന്തോഷ വാർത്തയാണ് ബംഗളൂരു കേന്ദ്രീകരിച്ചുള്ള സ്റ്റാർട്ടപ്പായ വേക്ഫിറ്റ് എന്ന സ്ഥാപനം. ജീവനക്കാർക്ക് അരമണിക്കൂർ ഉച്ചയുറക്കത്തിന് അനുവാദം നൽകിയിരിക്കുകയാണ് കമ്പനി.
വേക്ഫിറ്റ് സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡയാണ് ജീവനക്കാരെ ഈ സന്തോഷവാർത്ത അറിയിച്ചത്. ഉച്ചക്ക് രണ്ട് മണിമുതൽ 2.30 വരെയാണ് ജീവനക്കാർക്ക് ഉറങ്ങാനുള്ള സമയം. ഈ സമയത്ത് മറ്റൊരു ജോലിയും ആരും ചെയ്യേണ്ടതില്ല. ഉറങ്ങാനുള്ള നിശബ്ദമായ സാഹചര്യം ഒരുക്കുകയും ചെയ്യുമെന്നാണ് കമ്പനി പറയുന്നത്.
'നമ്മൾ ആറ് വർഷമായി ഉറക്കവുമായി ബന്ധപ്പെട്ട ബിസിനസാണ് ചെയ്യുന്നത്. എന്നിട്ടും ഉച്ചയുറക്കം എന്ന ഏറെ ആവശ്യമായ കാര്യത്തോട് നമുക്ക് നീതി പുലർത്താനായില്ല. ഇന്ന് മുതൽ മാറ്റം വരുത്താൻ പോകുകയാണ്' -ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ ചൈതന്യ വ്യക്തമാക്കി.
ഉച്ചയ്ക്കുള്ള ഉറക്കം മികച്ച പ്രകടനവും ഉത്പാദനക്ഷമതയും കാഴ്ചവെക്കാൻ സഹായിക്കുമെന്നാണ് നാസയിൽ നിന്നും ഹാർവാർഡിൽ നിന്നുമുള്ള പഠനങ്ങൾ തെളിയിക്കുന്നതെന്ന് രാമലിംഗഗൗഡ എഴുതുന്നു.
കമ്പനിയുടെ തീരുമാനത്തിന് വൻ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മറ്റ് സ്ഥാപനങ്ങളും ഈ മാതൃക സ്വീകരിക്കട്ടെയെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.