പിണറായി വിജയൻ

‘കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ മനസ്സാക്ഷിക്കുത്തില്ല, മരുന്നിനുപോലും ബാക്കിവെക്കാതെ ബി.ജെ.പി അങ്ങെടുത്തു...’; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയ സംഭവത്തിൽ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് കോൺഗ്രസുകാർ ബി.ജെ.പിയായെന്നും ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെയാണ് ബി.ജെ.പി അവരെ അങ്ങെടുത്തത്. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്. അരുണാചൽ പ്രദേശിലും പുതുച്ചേരിയിലും ഗോവയിലും കണ്ടതിന്‍റെ കേരള മോഡൽ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയോടൊപ്പം പോയതെന്നും ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബി.ജെ.പി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല. ബി.ജെ.പിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവത്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസിന്റെ കുടില തന്ത്രങ്ങൾ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർട്ടിയെ പിടിച്ചുകുലുക്കിയ മറ്റത്തൂരിലെ കൂടുമാറ്റത്തിൽ പ്രതിഷേധം ശക്തമായതോടെ അംഗങ്ങളടക്കം പത്ത് പേരെ കോൺഗ്രസ് പുറത്താക്കിയിരുന്നു. സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ, മിനി, കെ.ആര്‍. ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് പുറത്താക്കിയത്. വെള്ളിയാഴ്ച രാത്രി വരെ യു.ഡി.എഫിലായിരുന്ന എട്ട് കോൺഗ്രസ് പഞ്ചായത്തംഗങ്ങളാണ് നേതൃത്വത്തെ ഞെട്ടിച്ച് ശനിയാഴ്ച രാവിലെ പാർട്ടി വിടുന്നതായി കത്തിലൂടെ അറിയിച്ചത്.

പാർട്ടി വിട്ട എട്ട് അംഗങ്ങളും കോൺഗ്രസ് വിമതയും ബി.ജെ.പിയും ഒത്തുചേർന്നതോടെ സ്വതന്ത്രയായ ടെസി ജോസ് കല്ലറയ്‌ക്കൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 24 വാർഡുകളിൽ എൽ.ഡി.എഫ് -പത്ത്, യു.ഡി.എഫ് -എട്ട്, ബി.ജെ.പി -നാല്, സ്വതന്ത്രർ -രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം;

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്.

2016-ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള 44 കോൺഗ്രസ്സ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എൻഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ൽ ബിജെപി അധികാരം പിടിച്ചു. 2019-ൽ ഗോവയിലെ കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർടി ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡൽ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തിൽ എൽ ഡി എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയോടൊപ്പം പോയത്. അതവർ തുറന്നു പറയുന്നുമുണ്ട്.

ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. അതവർ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്.

എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവൽക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസ്സിന്റെ കുടില തന്ത്രങ്ങൾ ഞങ്ങൾ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്.

Full View
Tags:    
News Summary - Pinarayi Vijayan sharply criticizes Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.