ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ ഒരു കൂട്ടം യാത്രക്കാർ ഉച്ചത്തിൽ പാട്ടുപാടുന്നതിന്റെയും ഡാൻസ് ചെയ്യുന്നതിന്റെയും വിഡിയോ വൈറലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നു. ഒരു കുടുംബത്തിൽപ്പെട്ട വലിയ സംഘം ഉച്ചത്തിൽ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതുമാണ് വിഡിയോയിൽ. കൂടാതെ സഹയാത്രക്കാർ അസ്വസ്ഥരാകുന്നതും വിഡിയോയിൽ കാണാം. വിഡിയോ വൻ തോതിൽ പ്രചരിച്ചതോടെ പ്രതികരണവുമായി ഇന്ത്യൻ റെയിൽവേയും രംഗത്തെത്തി.
പൗരബോധമില്ലായ്മയുടെ ഉദാഹരണമെന്നാണ് വിഡിയോയിലെ സംഘത്തെ പലരും വിശേഷിപ്പിച്ചത്. ‘ട്രാക്കുകളിലെ പൊതുജനശല്യം. പൗരബോധം പൂജ്യം. ഈ ആളുകൾ ട്രെയിൻ വാങ്ങിയോ അതോ മറ്റെന്തെങ്കിലുമാണോ? ഈ ട്രെയിൻ അവർക്കുവേണ്ടി മാത്രമാണോ ഓടുന്നത്? അവരുടെ നാടകം കാരണം മറ്റ് യാത്രക്കാർ ഗുരതരമായ അസൗകര്യങ്ങൾ നേരിടുന്നു. അവർക്ക് അടിസ്ഥാന പൗരബോധം പോലുമില്ല, മറ്റുള്ളവരോട് ബഹുമാനമില്ല, പൊതു ഇടങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് അറിയില്ല’ -എന്ന് കുറിച്ചുകൊണ്ടാണ് എക്സിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിന് മറുപടിയായി മുംബൈ ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ പരാതിക്കാരോട് അവരുടെ പി.എൻ.ആർ നമ്പർ പങ്കുവെക്കാൻ ആവശ്യപ്പെട്ടു. ‘പ്രിയപ്പെട്ട യാത്രക്കാരേ, നിങ്ങൾക്കുണ്ടായ അസൗകര്യത്തിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ആർ.പി.എഫ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്’ മറ്റൊരു പോസ്റ്റിൽ ഉദ്യോഗസ്ഥൻ കുറിച്ചു.
അതേസമയം, വിഡിയോക്കെതിരെ പ്രതിഷേധവുമായി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. ട്രെയിൻ യാത്രകളിലെ സമാനമായ അനുഭവങ്ങളും പലരും പങ്കുവെച്ചു. 10ൽ കൂടുതൽ സീറ്റുകൾ ബുക്ക് ചെയ്യുന്നതിലൂടെ മുഴുവൻ കോച്ചും തങ്ങളുടേതാണെന്നും മറ്റുള്ളവരുടെ അവകാശങ്ങൾക്ക് പ്രധാന്യം കൽപ്പിക്കേണ്ടതില്ലെന്നും ചിന്തിക്കുന്നവരാണ് അധികമെന്നും ഒരു എക്സ് ഉപയോക്താവ് കുറിച്ചു. പൊതുഗതാഗതം സ്വകാര്യ വേദിയല്ലെന്നും മറ്റുള്ളവരുടെ അവകാശങ്ങൾ കൂടി കണക്കിലെടുക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.