'അത്രയും വൃത്തികെട്ട മനസാണ് താങ്കൾക്ക്'; പ്രവാസി നഴ്സുമാര്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തിന് മറുപടിയുമായി മലയാളി നഴ്സ്

ദോഹ: തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ വിദ്വേഷ പരാമർശം നടത്തിയ ഖത്തറിലെ മലയാളം മിഷൻ കോഓർഡിനേറ്റർ ദുർഗാദാസ് ശിശുപാലന് മറുപടിയുമായി ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ്. മതപരിവര്‍ത്തനത്തിനായും തീവ്രവാദികള്‍ക്ക് ലൈംഗിക സേവക്കായും നഴ്‌സുമാരെ ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന് ദുര്‍ഗാദാസ് എന്നയാള്‍ ഹിന്ദുമഹാ സമ്മേളനത്തില്‍ പറയുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു സ്മിത ദീപുവിന്റ പ്രതികരണം. 

നഴ്സുമാര്‍ക്കുമേല്‍ ആര്‍ക്കും കയറി മേയാമെന്നാണോ ധാരണയെന്ന് സ്മിത ചോദിച്ചു. 12 വര്‍ഷമായി താന്‍ ഖത്തറില്‍ നഴ്സായി ജോലി ചെയ്യുകയാണെന്നും ഒരു അംഗീകൃത നഴ്സിങ് സംഘടനയുടെ ഭാരവാഹിയാണെന്നും അവർ ഫേസ് ബുക്കില്‍ കുറിച്ചു. നഴ്സിംഗ് സമൂഹത്തിനു ബഹുമാനം നല്‍കുന്ന രാജ്യമാണ് ഖത്തറെന്നും അവർ തരുന്ന കരുതലിൽ തങ്ങൾ സുരക്ഷിതരാണെന്നും സ്മിത പറഞ്ഞു. അങ്ങനെയുള്ള ഒരു രാജ്യത്ത് ജോലി ചെയ്യുന്ന നഴ്സുമാരെയാണ് ഇത്രയും വൃത്തികെട്ട പരാമർശം നടത്തി അപമാനിച്ചത്. ഒരു ശതമാനം പോലും ക്ഷമിക്കാൻ സാധിക്കില്ല. മുൻപിൽ വരുന്ന ജീവൻ രക്ഷിക്കുക എന്നതാണ് നഴ്സുമാരുടെ കർത്തവ്യം. ജീവന് കാവൽ നിൽക്കുന്ന, പവിത്രമായ ഒരു ജോലിയെയാണ് അപമാനിച്ചിരിക്കുന്നത്. ഇത്രയും വലിയ മഹാമാരി വന്നു ലോകം മുഴുവന്‍ കുലുക്കിയിട്ടും ചില വിഷ ജന്തുക്കൾ ഇനിയും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് അത്ഭുതമെന്നും അവർ കൂട്ടിച്ചേർത്തു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ദുർഗദാസേ... ഖത്തറിലെ ഒരു അംഗീകൃത നഴ്സിംഗ് സംഘടനയുടെ ഭാരവാഹിയാണ് ഞാൻ. ഈ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് സമൂഹത്തിൽ ഇറങ്ങി ചെന്ന ഒരു നഴ്സിംഗ് സംഘടനയുടെ ഭാരവാഹി. 12 വർഷം ആയി ഖത്തർ എന്നാ മഹാരാജ്യത്ത് നഴ്സിംഗ് ജോലി ചെയ്യാൻ തുടങ്ങിയിട്ട്. അതും ഇന്ത്യയിലെ അംഗീകൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജൻസിയിൽ കൂടി. ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാൾ ഒരുപിടി സ്നേഹം കൂടുതൽ എനിക്ക് ഖത്തർ എന്ന എന്റെ പോറ്റമ്മയോടാണ്. അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷാ കവചത്തിൽ ഉള്ള വിശ്വാസം കൊണ്ടാണ്. നഴ്സിംഗ് സമൂഹത്തിനു ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവർ തരുന്ന കരുതലിൽ ഞങ്ങൾ സുരക്ഷിതർ ആണ് എന്നുറപ്പ് ഉള്ളത് കൊണ്ടാണ്.

അങ്ങനെ ഉള്ള ഒരു രാജ്യത്ത് ജോലി ചെയ്യുന്ന ഒരു സമൂഹത്തെ ആണ് ഇത്രയും വൃത്തികെട്ട പരാമർശം നടത്തി താങ്കൾ അപമാനിച്ചേക്കുന്നത്. ഒരു ശതമാനം പോലും ക്ഷമിക്കാൻ സാധിക്കില്ല.

അത്രയും വൃത്തികെട്ട മനസാണ് താങ്കൾക്ക്.

താങ്കൾ എന്താണ് വിചാരിച്ചത്? ആർക്കും കേറി മേയാൻ പറ്റിയ ഒരു സമൂഹം ആണ് നഴ്സിംഗ് മേഖല എന്നാണോ? എന്തും വിളിച്ചു പറഞ്ഞു അപമാനിക്കാൻ കഴിയും എന്നാണോ താങ്കൾ വിചാരിച്ചിരിക്കുന്നത്?

വിവിധ ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന ഉള്ള ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരാൾ ആണ്. ഞങ്ങൾക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ. ഞങ്ങളുടെ മുൻപിൽ വരുന്ന ജീവൻ രക്ഷിക്കുക, സമൂഹത്തിനു വേണ്ടി ഞങ്ങളാൽ കഴിയുന്ന നന്മകൾ ചെയ്യുക, അതാണ് ഞങ്ങളുടെ കർത്തവ്യം. ഒരു രോഗി ബോധം നശിച്ചു മുൻപിൽ വരുമ്പോൾ, മൂക്കു ചുളിക്കാതെ, കണ്ണ് മിഴിക്കാതെ അവരുടെ വിസര്‍ജ്യങ്ങള്‍ അളന്നു കുറിച്ച്, അവരുടെ സ്രവങ്ങള്‍ വൃത്തിയാക്കി പരിചരിക്കുന്ന, അവരുടെ ജീവന് കാവൽ നിൽക്കുന്ന, പവിത്രമായ ഒരു ജോബിനെയാണ് താങ്കൾ അപമാനിച്ചിരിക്കുന്നത്.

ഇതാണോ താങ്കളുടെ സാമൂഹ്യ പ്രതിബദ്ധത?

ഇതിനു താങ്കൾ മറുപടി പറഞ്ഞേപറ്റൂ.

ഞങ്ങളുടെ മുൻപിൽ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കൾക്ക് ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ ഒന്നോർക്കുക അന്നും ഞങ്ങൾ നിറമനസോടെ വെള്ളം ഇറ്റിച്ചു തരും താങ്കളുടെ ചുണ്ടുകളിലേക്ക്. കാരണം ഞങ്ങൾ നഴ്സിംഗ് എന്ന ജോലിയോട് പൂർണമായും കൂറ് പുലർത്തുന്നവർ ആണ്. സർവീസ് ഓറിയന്‍റഡ് ആണ് ഞങ്ങളുടെ പ്രൊഫഷൻ. ഇത്രയും വലിയ മഹാമാരി വന്നു ലോകം മൊത്തം കുലുക്കിയിട്ടും നിങ്ങളെ പോലുള്ള വിഷ ജന്തുക്കൾ ഇനിയും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് അത്ഭുതം.

Tags:    
News Summary - Malayalee nurse responds to hate speech against expat nurses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.