സ്നേഹത്തിനും പ്രണയത്തിനും പ്രായമില്ലെന്നാണല്ലോ പറയാറ്. ജീവിതസായാഹ്നത്തിലും പരസ്പരം സ്നേഹിച്ചും സന്തോഷിച്ചും കഴിയാൻ അവസരം ലഭിക്കുക ഭാഗ്യം തന്നെയാണ്. ജീവിതംകൊണ്ട് അത് യാഥാർഥ്യമാക്കിയ ദമ്പതികളുടെയും അവരുടെ സ്നേഹത്തിന് വിലയിടാതെ നന്മ ചെയ്ത ജ്വല്ലറിയുടമയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ അംഭോറ ജഹാംഗീര്‍ ഗ്രാമത്തിലെ 93കാരനായ നിവൃത്തി ഷിന്‍ഡേയും ഭാര്യ ശാന്താബായിയും ഔറംഗബാദിലെ (ഇപ്പോൾ ഛത്രപതി സാംഭാജി നഗർ) ഗോപിക ജ്വല്ലറിയിലെത്തിയപ്പോൾ ജീവനക്കാർ അമ്പരന്നു. ആവശ്യമറിഞ്ഞപ്പോൾ കൗതുകവുമായി. ശാന്താബായിക്ക് ഒരു താലിമാല വാങ്ങിനൽകണമെന്ന ഏറെക്കാലത്തെ ആഗ്രഹം യാഥാർഥ്യമാക്കാനായിരുന്നു ഇരുവരും എത്തിയത്.
എന്നാൽ, താലിമാല വാങ്ങാൻ ആവശ്യമായ പണത്തെ കുറിച്ചൊന്നും വലിയ ധാരണയില്ലാതിരുന്ന ഇവരുടെ കയ്യിലുണ്ടായിരുന്നത് വെറും 1120 രൂപയായിരുന്നു. ഇതോടെ, ജ്വല്ലറി ഉടമ ഇടപെടുകയായിരുന്നു. വെറും 20 രൂപ മാത്രം വാങ്ങി അദ്ദേഹം നിവൃത്തി ഷിന്‍ഡേക്കും ശാന്താബായിക്കും താലിമാല നൽകി. ഇതോടെ ആ വയോധിക ദമ്പതികളുടെ കണ്ണുനിറഞ്ഞു. ജ്വല്ലറിയിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
'കടയിലെത്തിയ ദമ്പതികൾ താലിമാല വേണമെന്ന് പറഞ്ഞു. ആ മനുഷ്യന്‍റെ കയ്യിൽ 1120 രൂപ മാത്രമായിരുന്നു ഉള്ളത്. അത് എനിക്ക് തന്നിട്ട് ഭാര്യയ്ക്ക് ഒരു താലിമാല വേണമെന്ന് പറഞ്ഞു. ഭാര്യയോടുള്ള അദ്ദേഹത്തിന്റെ പ്രണയം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. അവരുടെ പണത്തിൽ നിന്നും വെറും 20 രൂപ മാത്രം എടുത്താണ് താലിമാല നൽകിയത്'-ഉടമ പറഞ്ഞു. ഉടമയുടെ ഹൃദയവിശാലതയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.