'എന്റെ കാൽ മുറിക്കാൻ തന്നെ വാപ്പയുടെ സ്വത്ത് വിൽക്കേണ്ടി വന്നു, കൃത്രിമക്കാൽ വാങ്ങാൻ കൈയിൽ കാശില്ല': സ്കൂളിലെത്താൻ ഒറ്റക്കാലിൽ രണ്ട് കിലോമീറ്റർ നടന്ന് പർവായിസ്

ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ധാരാളം കഥകൾ നമ്മൾ കേൾക്കാറുണ്ട്. പർവായിസ് എന്ന ഒമ്പതാംക്ലാസ് വിദ്യാർഥിയുടെ ഹൃദയസ്പർശിയായ ജീവിതമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്കൂളിലെത്താൻ ഈ വിദ്യാർഥി രണ്ട് കിലോമീറ്ററാണ് ദിവസവും ഒറ്റക്കാലിൽ നടക്കുന്നത്.

ജമ്മു-കശ്മീരിലെ ഹന്ദ് വാര സ്വദേശിയായ പർവിയാസിന് നന്നേ ചെറുപ്പത്തിൽ തീപിടുത്തത്തിൽ ഇടതുകാൽ നഷ്ടപ്പെടുകയായിരുന്നു. എന്നാൽ, പ്രതിസന്ധികളോട് പൊരുതി ഡോക്ടറാവമെന്നാണ് ഈ മിടുക്കന്റെ ആഗ്രഹം.

'ഞാൻ എല്ലാദിവസവും സ്കൂളിലെത്താൻ രണ്ട് കിലോമീറ്റർ നടക്കാറുണ്ട്. നടക്കാൻ ബുദ്ധിമുട്ടായതുകൊണ്ട് സ്കൂളിലേക്ക് എത്തുമ്പോഴേക്കും വിയർക്കും. റോഡ് മുഴുവൻ തകർന്നു കിടക്കുകയണ്. എന്റെ സുഹൃത്തുക്കളൊക്കെ ഓടിച്ചാടി നടക്കുന്നത് കാണുമ്പോൾ ചെറിയ വേദന തോന്നാറുണ്ട്. എങ്കിലും, എനിക്ക് ഇത്രയും കരുത്ത് നൽകിയതിന് ഞാൻ അല്ലാഹുവിനോട് നന്ദി പറയുന്നു. ഒരു കൃത്രിമക്കാൽ സർക്കാർ തന്നാൽ സ്കൂളിലേക്ക് പോകനും മറ്റും കുറച്ച് കൂടി എളുപ്പമാകുമായിരുന്നു. പൊള്ളലേറ്റ കാൽ മുറിച്ചുനീക്കിയപ്പോൾ ആശുപത്രിയിലെ ബില്ലടക്കാൻ വാപ്പയുടെ സ്വത്ത് വിൽക്കേണ്ടി വന്നു, കൃത്രിമക്കാൽ വാങ്ങാൻ കൈയിൽ കാശില്ല. അന്ന് വലിയ തുക അതിന് ചെലവായി' -പർവായിസ് പറഞ്ഞു.

'എനിക്ക് ക്രിക്കറ്റും വോളിബാളും കബഡിയും ഇഷ്ടമാണ്. എന്‍റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഗവൺമെന്‍റ് എന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്‍റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള കരുത്ത് എനിക്കുണ്ട്. സാമൂഹിക ക്ഷേമവകുപ്പ് ഒരു ചക്രക്കസേര തന്നിരുന്നെങ്കിലും ഗ്രാമത്തിലെ റോഡിന്‍റെ ശോചനീയ അവസ്ഥകാരണം അത് ഉപയോഗിക്കാൻ കഴിയുന്നില്ല' -പർവായിസ് കൂട്ടിച്ചേർത്തു.


അതേസമയം പർവായിസിന്‍റെ ജീവിതകഥ പുറത്തറിഞ്ഞതോടെ പലരും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവിതത്തിൽ അനേകം വെല്ലുകളികൾ നേരിട്ടിട്ടും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോവുന്ന ഈ പതിനാലുകാരൻ എല്ലാവർക്കും പ്രചോദനമാണെന്ന് നെറ്റിസൺസ് പറയുന്നു. നിരവധി പേരാണ് ഇതിനകം വിഡിയോ പങ്കുവെച്ചത്.

"വളരെ ചെറുപ്രായത്തിൽ തന്നെ തീപിടിത്തത്തിൽ എന്റെ കുട്ടിയുടെ കാൽ നഷ്ടപ്പെട്ടു. സംഭവം നടക്കുമ്പോൾ ഞാൻ ബാരാമുള്ളയിലായിരുന്നു. ചികിത്സക്ക് ഇനിയും 3 ലക്ഷം രൂപ വേണം. അവന്റെ ചികിത്സയ്ക്കായി 50,000 രൂപ ചിലവഴിക്കാൻ തന്നെ എന്റെ സ്വത്ത് വിൽക്കേണ്ടിവന്നു. എന്റെ ഭാര്യ ഹൃദ്രോഗിയാണ്' -പർവായിസിന്റെ പിതാവ് ഗുലാം അഹമ്മദ് പറഞ്ഞു.

Tags:    
News Summary - 'I have fire within me to achieve my dreams': Specially-abled boy walks 2 km on one leg to reach school in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.