എലി കരണ്ട പണം
ലഖ്നോ: ഭർത്താവിന്റെ കണ്ണുവെട്ടിച്ച് വർഷങ്ങളായി സ്വരൂകൂട്ടി വെച്ച ലക്ഷക്കണക്കിന് രൂപ എലികൾ കണ്ടംതുണ്ടമാക്കി നശിപ്പിച്ചു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് കുടുംബത്തിന് കനത്ത ആഘാതമുണ്ടാക്കിയ സംഭവം നടന്നത്. ഭർത്താവിനോട് പോലും പറയാതെ രഹസ്യമായി കരുതിവെച്ച പണമാണ് എലികൾ കരണ്ട് നശിപ്പിച്ചത്.
2019 മുതൽ ചെറിയ തുകകൾ വീതം സ്വരുക്കൂട്ടിയാണ് ഇവർ വലിയൊരു തുക സ്വന്തമായി ഉണ്ടാക്കിയെടുത്തത്. ഭാവിയിൽ സ്വർണാഭരണങ്ങൾ വാങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഈ പണം ഇവർ മാറ്റിവെച്ചിരുന്നത്. വീട്ടിനുള്ളിലെ ഒരു ട്രങ്കിനുള്ളിലാണ് പണം സുരക്ഷിതമായി സൂക്ഷിച്ചിരുന്നത്. എന്നാൽ പണം ഭദ്രമായിരിക്കുമെന്ന് വിശ്വസിച്ച് വർഷങ്ങളോളം ഇവർ ഈ പെട്ടി തുറന്ന് നോക്കുകയോ പരിശോധിക്കുകയോ ചെയ്തിരുന്നില്ല.
ഇതിനിടയിൽ ഇവരുടെ രഹസ്യ സമ്പാദ്യം ഏകദേശം 12 ലക്ഷം രൂപയോളമായി വളർന്നിരുന്നു. ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് പെട്ടി തുറന്ന് നോക്കിയ സ്ത്രീ ഞെട്ടിപ്പോയി. പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന നോട്ടുകളുടെ വലിയൊരു ഭാഗവും എലികൾ തിന്നുതീർത്തിരുന്നു. കറൻസി നോട്ടുകൾ മുഴുവൻ കരണ്ടുതീർത്ത എലികൾ അവയുടെ അവശിഷ്ടങ്ങൾ പെട്ടിക്ക് ഉള്ളിൽ തന്നെ ചിതറിച്ചിടുകയും ചെയ്തിരുന്നു. നോട്ടുകളെല്ലാം കഷ്ണങ്ങളായി മാറിയത് കണ്ട് എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരായി നിൽക്കുകയാണ് ഈ ദമ്പതികൾ.
പെട്ടി തുറന്നപ്പോൾ ചിതറിക്കിടക്കുന്ന കീറിനശിച്ച നോട്ടുകളും കഷ്ണങ്ങളും ഭർത്താവും ഭാര്യയും ചേർന്ന് പുറത്തെടുക്കുന്നതിന്റെയും പരിശോധിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ഭാഗികമായി കേടുകൂടാതെ ശേഷിക്കുന്ന നോട്ടുകൾ എന്തെങ്കിലുമുണ്ടോ എന്ന് ഇവർ പരിശോധിച്ചെങ്കിലും, സമ്പാദ്യത്തിന്റെ ഭൂരിഭാഗവും പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്.
ഈ സംഭവം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സംഭവത്തിൽ അനുകമ്പ പ്രകടിപ്പിച്ചും എന്നാൽ അതേസമയം തന്നെ ബാങ്കുകളെ ഉപയോഗിക്കാത്തതിന്റെ മണ്ടത്തരത്തെ വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ‘വളരെ സങ്കടകരമാണ്, എന്നാൽ നഷ്ടപ്പെട്ട പണമോ സമയമോ ഇനി തിരികെ ലഭിക്കില്ല. ആ പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു ഭേദം എന്നായിരുന്നു ഒരു കമന്‍റ്.
പിന്നെന്തിനാണ് ബാങ്കുകൾ ഉള്ളത്? എന്തിനാണ് ഇവർ തങ്ങളുടെ സമ്പാദ്യം ബാങ്കിൽ നിക്ഷേപിക്കാത്തത്?" എന്ന് മറ്റൊരാൾ ആശ്ചര്യത്തോടെ ചോദിച്ചു. വീടുകളിൽ പണം രഹസ്യമായി സൂക്ഷിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.