ന്യൂഡൽഹി: പഠനം കഴിഞ്ഞാൽ ഉടൻ തന്നെ നല്ലൊരു ജോലിയാണ് എല്ലാവരുടെയും സ്വപ്നം. ആദ്യമായി ജോലിക്ക് കയറുമ്പോൾ ശമ്പളക്കാര്യത്തിലൊന്നും ആരും വാശിപിടിക്കില്ല. എന്നാൽ നല്ലൊരു കമ്പനിയിൽ ഉയർന്ന ശമ്പളത്തോടെ ജോലി കിട്ടിയാൽ സന്തോഷത്തിന് അതിരുണ്ടാകില്ല. എന്നാൽ ഡൽഹിയിൽ ജോലി കിട്ടി ആദ്യ ദിവസം തന്നെ രാജിവെച്ച ഒരു യുവാവുണ്ട്. വീട്ടിൽ നിന്ന് ഓഫിസിലേക്ക് എത്താൻ ഒരുപാട് ദൂരം യാത്ര ചെയ്യണമെന്നതു കൊണ്ടാണ് ജോലി രാജിവെച്ചതെന്നാണ് യുവാവ് പറയുന്നത്.
ഡൽഹിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് യുവാവിന്റെ വീട്. ഓഫിസ് ഗുരുഗ്രാമിലും. വീട്ടിൽ നിന്ന് ഓഫിസിലേക്കും തിരിച്ച് വീട്ടിലേക്കുമായി മണിക്കൂറുകളോളം യാത്ര ചെയ്യണം. യാത്രയെല്ലാം കഴിഞ്ഞ് വെറും മൂന്ന് മണിക്കൂർ മാത്രമാണ് തനിക്ക് വീട്ടിൽ ചെലവഴിക്കാൻ കഴിയുന്നതെന്നും യുവാവ് പറയുന്നു. കൂടാതെ യാത്രചെലവിന് മാത്രമായി മാസത്തിൽ അയ്യായിരം രൂപയും ചെലവാകും. സമൂഹ മാധ്യമം വഴിയാണ് യുവാവ് ഇക്കാര്യം പങ്കുവെച്ചത്. നല്ലൊരു കമ്പനിയിൽ മാന്യമായ ശമ്പളത്തിലായിരുന്നു ജോലി ലഭിച്ചത്.
'ഞാൻ വളരെ അന്തർമുഖനാണ്. അതിനാൽ ഓൺസൈറ്റ് ജോലിയായിരുന്നു താൽപര്യം. എന്നാൽ അത് കിട്ടിയില്ല. ഓഫിസിലെ ജോലിയും യാത്രയുമെല്ലാം മുന്നോട്ട് പോകുമ്പോൾ ബുദ്ധിമുട്ടാകും. വീട് മാറുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും തനിക്ക് വയ്യ. കണക്കുകൂട്ടലുകൾ തെറ്റി'.-റെഡ്ഡിറ്റിലാണ് യുവാവ് അനുഭവം പങ്കിട്ടത്.
നിരവധി പേരാണ് ഈ കുറിപ്പിനോട് പ്രതികരിച്ചിരിക്കുന്നത്. തങ്ങൾ അനുഭവിക്കുന്ന യാത്രാപ്രശ്‌നങ്ങൾ നിരവധി പേർ പങ്കുവെച്ചു. അതേസമയം,യുവാവിനെ വിമർശിച്ചും ചിലർ രംഗത്തെത്തി. ആദ്യത്തെ ജോലിയാകുമ്പോൾ കുറച്ച് ബുദ്ധിമുട്ടണമെന്നും വീട് മാറുന്നത് അത്രവലിയ പ്രശ്‌നമല്ലെന്നുമാണ് ചിലരുടെ ഉപദേശം. ജീവിതത്തിൽ ഇടക്കൊക്കെ റിസ്‌ക് എടുക്കാൻ തയ്യാറാകണമെന്നാണ് ചിലർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.