തൃശൂർ: ട്വിറ്ററിൽ പങ്കുവെച്ച മോദി സ്തുതി വിഡിയോയിലെ വിഡ്ഢിത്തത്തിന് പൊങ്കാല ഏറ്റുവാങ്ങി ബി.ജെ.പി ദേശീയ വക്താവും ഭാരതീയ ക്രിസ്ത്യൻ മഞ്ച് പ്രസിഡന്റുമായ ടോം വടക്കൻ. ‘ഇതാണ് നരേന്ദ്രമോദി ജിയുടെ പുതിയ ഇന്ത്യയെക്കുറിച്ചുള്ള ദർശനം’ എന്ന അടിക്കുറിപ്പോടെയാണ് കുതിരാൻ തുരങ്കത്തിന്റെ വിഡിയോ പങ്കുവെച്ച് ടോം വടക്കൻ ‘എയറി’ലായത്.
‘കോയമ്പത്തൂർ-തൃശൂർ തുരങ്കം തുറന്നു. രണ്ടുമണിക്കൂറായിരുന്ന യാത്രാ സമയം ഇപ്പോൾ വെറും10 മിനിറ്റാണ്. ഇന്ത്യൻ സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നന്ദി. ഇത്തരം കാര്യങ്ങൾ ഒരുമാധ്യമവും വാർത്തയാക്കുന്നില്ല’ -എന്ന വിശദീകരണത്തോടെ ചന്ദ്ര മൗലി എന്ന സംഘ്പരിവാർ അനുകൂല ട്വിറ്റർ അക്കൗണ്ടിൽ വന്ന വിഡിയോ ആണ് വടക്കൻ പങ്കുവെച്ചത്.
ഇരുസ്ഥലങ്ങളും തമ്മിൽ 113 കിലോമീറ്റർ ദൂരമുണ്ട്. ഇത് എങ്ങിനെയാണ് 10 മിനിറ്റ് കൊണ്ട് താണ്ടിയെത്തുക എന്ന് തൃശൂർകാരനായ ടോം വടക്കന് അറിയില്ലേയെന്നും ബി.ജെ.പിയിൽ ചേർന്നതോടെ ഉള്ള ബുദ്ധിയും നഷ്ടമായോ എന്നും കമന്റുണ്ട്. ‘വാളയാർ വരെ ഒരു കുഴലുണ്ട്. അതിലൂടെ 220km സ്പീഡിൽ വരാൻ കഴിയും.. അതിന് ശേഷം കോരയാർ പുഴ ഒഴുകുന്നുണ്ട് (ഇപ്പൊ വെള്ളമില്ല) അതിലേക്ക് എടുത്തു ചാടിയാൽ അര മണിക്കൂർ കൊണ്ട് ഒറ്റപ്പാലം എത്താം. അവിടെ നിന്ന് പിന്നെ എത്ര വേണം തൃശൂർ എത്താൻ....’ എന്നാണ് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടിന് ലഭിച്ച മറ്റൊരു കമന്റ്. ‘ഒരുത്തൻ സംഘി ആയാൽ അവന്റെ ബുദ്ധി എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കിക്കോണം’ എന്നാണ് മറ്റൊരു കമന്റ്.
‘വടക്കൻറ ശത്രുക്കൾ ആരെങ്കിലും ആണോ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്? ഇത്രേം വലിയ വിവരക്കേട് share ചെയ്തു വടക്കനെ നാണം കെടുത്താൻ’, ‘അമ്മാവന്മാരുടെ ശ്രദ്ധക്ക് : fact check ചെയ്ത് വാർത്തകൾ share ചെയ്യുക’, ‘ഈ ട്വീറ്റ് കാണുന്നത്തോടെ വടക്കൻജീ 100% സംഘിത്വം നേടിയെന്ന് മോദിജിക്ക് മനസിലാവും. അടുത്ത ഇലക്ഷനിൽ തൃശ്ശൂർ സീറ്റ് തരുമെന്ന് തീർച്ച’... എന്നിങ്ങനെ പോകുന്നു കമന്റുകൾ.
2020ഏപ്രിലിലാണ് ടോം വടക്കൻ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കൂടിയാണ് ഇപ്പോൾ ടോം വടക്കൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.