ഒരു വശത്ത് വലിയ ദ്വാരവുമായി എമിറേറ്റ്സിന്‍റെ വിമാനം പറന്നത് 14 മണിക്കൂർ

സാങ്കേതിക തകരാറിനെ തുടർന്ന് വിമാനങ്ങൾ അടിയന്തരമായി ഇറക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ ഈയിടെ എമിറേറ്റ്സിന്‍റെ വിമാനത്തിൽ യാത്രചെയ്ത യാത്രക്കാർ തലനാരിഴക്കാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപെട്ടത്. ഒരുവശത്ത് വലിയ ദ്വാരവുമായി എമിറേറ്റ്സിന്‍റെ എ.380 എയർബസ് പറന്നത് ഏകദേശം 14 മണിക്കൂറോളമാണെന്നാണ് റിപ്പോർട്ടുകൾ.

ജൂലൈ ഒന്നിന് ദുബൈയിൽ നിന്നും ബ്രിസ്ബനിലേക്ക് പുറപ്പെട്ട എമിറേറ്റ്സിന്‍റെ വിമാനം കടലിനുമുകളിലൂടെ പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ഒരു പൊട്ടിത്തെറി ശബ്ദം കേൾക്കുകയായിരുന്നു. എന്നാൽ അധികൃതർ യാത്രതുടരാൻ തീരുമാനിക്കുകയും 13.5 മണിക്കൂറുകൾകൊണ്ട് ബ്രിസ്ബനിൽ എത്തുകയും ചെയ്തു. വിമാനത്താവളത്തിൽ എത്തിയശേഷം നടത്തിയ പരിശോധനയിൽ വിമാനത്തിന്‍റ ഒരു വശത്ത് വലിയ ദ്വാരം കണ്ടെത്തുകയായിരുന്നു. കേടുപാടുകൾ കാരണം ബ്രിസ്ബനിൽ നിന്ന് മടങ്ങാൻ കഴിയാതെ വിമാനം 17 മണിക്കൂറോളം അവിടെ തന്നെ തുടരുകയും ചെയ്തു.

പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ഒരു പൊട്ടിത്തെറി ശബ്ദം കേട്ടു. തറയിൽ അതിന്‍റെ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. എന്നാൽ ക്യാബിൻ ക്രൂ ശാന്തരായി കാണപ്പെട്ടു എന്ന് ഒരു യാത്രക്കാരൻ പറഞ്ഞതായി ബ്രിസ്ബനിൽ നിന്നുള്ള ഒരു പത്രം റിപ്പോർട്ടു ചെയ്തു.

അതേസമയം, ടയറുകളിലൊന്ന് പൊട്ടിയതിനെ തുടർന്ന് ദുബൈയിൽ നിന്ന് ബ്രിസ്ബനിലേക്ക് പോയ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതായി എമിറേറ്റ്സിന്‍റെ വക്താവ് അറിയിച്ചു. യാത്രക്കാർ സുരക്ഷിതമായി യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - An Emirates Airbus A380 flew for nearly 14 hours with a large hole in its side

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.