മമ്മിക്ക ഇപ്പോൾ നാട്ടുകാരുടെ 'മമ്മുക്ക'; 60ാം വയസ്സിൽ മോഡലായി കൂലിപ്പണിക്കാരൻ

കോഴിക്കോട്: കോട്ടും സൂട്ടുമണിഞ്ഞ് കൈയിൽ ഐപാഡുമായിരിക്കുന്ന പരസ്യ മോഡലിനെ കണ്ടപ്പോൾ നാട്ടുകാർക്ക് സംശയം -'നമ്മുടെ മമ്മിക്കയെ പോലെ ഉണ്ടല്ലോ!'. കാര്യമറിഞ്ഞപ്പോൾ സംശയം അതിശയത്തിന് വഴിമാറി-'ആൾ മമ്മിക്ക തന്നെ!'. ഇനി മമ്മിക്കയെ കുറിച്ചോർക്കു​മ്പോൾ കൂലിവേലയും കഴിഞ്ഞ് മുഷിഞ്ഞ വേഷത്തിൽ മീനും പച്ചക്കറിയും വാങ്ങി നടന്നുവരുന്ന രൂപമായിരിക്കില്ല കൊടുവള്ളിക്കാരുടെ മനസ്സിൽ തെളിയുക. കോട്ടും സൂട്ടുമണിഞ്ഞ് കൈയ്യിൽ ഐ പാഡുമായി ഇരിക്കുന്ന ഈ കിടിലൻ മേ​ക്ക് ഓവർ ആയിരിക്കും. അവരിപ്പോൾ മമ്മിക്കയോട് പറയുന്നത് ഇതാണ് -'നിങ്ങൾ മമ്മിക്കയല്ല ഇക്കാ മമ്മുക്കയാ'.

കൊടുവള്ളി വെണ്ണക്കാട് പാറക്കടവിൽ മമ്മിക്കയാണ് ഇപ്പോൾ നാട്ടിലെ താരം. 60ാം വയസ്സിൽ നടത്തിയ ഒരു ഫോട്ടോഷൂട്ടോടെയാണ് മമ്മിക്ക സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഫേസ്ബുക്കിലും ഇൻസ്റ്റ​​ഗ്രാമിലുമെല്ലാം ലക്ഷക്കണക്കിന് ലൈക്കും കമന്റുമാണ് മമ്മിക്കയുടെ മേക്ക്ഓവർ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. വെണ്ണക്കാട് സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഷരീക്ക് വയലിൽ ആണ് മമ്മിക്കയിലെ മോഡലിനെ കണ്ടെത്തിയത്. ഷരീക്കിന്റെ ഉടമസ്ഥതയിലുള്ള ഒരു വെഡിങ്ങ് സ്യൂട്ട് സ്ഥാപനത്തിന്റെ പരസ്യങ്ങളിലേക്കുവേണ്ടിയാണ് കൂലിപ്പണിക്കാരനായ മമ്മിക്ക മോഡലായി മാറിയത്.


ഇതിന്റെ ചിത്രങ്ങളും മേക്കിങ് വീഡിയോയും സാമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോൾ തരംഗമായി മാറി. ഫേസ്ബുക്ക് വീഡിയോ മാത്രം പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്. മുമ്പ് മമ്മിക്കയുടെ ഒരു ഫോട്ടോ ഷരീക്ക് ഫേസ്ബുക്കിലിട്ടിരുന്നു. നടൻ വിനായകനുമായി ഇതിലെ ലുക്കിന് സാമ്യമുള്ളതിനാൽ അത് ഹിറ്റായി. ഇതാണ് മമ്മിക്കയെ മോഡലാക്കാൻ ഷാരിക്കിന് ധൈര്യം നൽകിയത്.

ബ്യൂട്ടീഷനായ മജ്‌നാസ് ആരാമ്പ്രമാണ് മമ്മിക്കയുടെ മേക്ക് ഓവർ നിർവ്വഹിച്ചത്. ആഷിഖ് ഫുആദ്, ഷബീബ് വയലിൽ എന്നിവർ ഫോട്ടോഷൂട്ടിന്റെ അണിയറയിൽ പ്രവർത്തിച്ചു. സ്റ്റാറായതോടെ ഇന്‍സ്റ്റഗ്രാമിലും സജീവമാണ് മമ്മിക്ക. തന്റെ പഴയ ഫോട്ടോകളും മേക്കോവറും അദ്ദേഹം ഈ പേജില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. അവസരം ലഭിച്ചാല്‍ കൂലിവേലക്കൊപ്പം ഇനിയും മോഡലിങ് ചെയ്യുമെന്ന് മമ്മിക്ക പറയുന്നു. 


Full View


Tags:    
News Summary - 60 year old daily wage labourer Mammikka is now a model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.