ന്യൂഡൽഹി: ‘ഇത് റേസിസമാണ്... നോർത്തും സൗത്തും തമ്മിലുള്ള വംശീയ വിഭജനം...’ തമിഴ്നാട് നിയമസസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചർമ്മത്തിലെ നിറം മാറ്റത്തിൽ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. തമിഴ്‌നാട്ടിലെ പരിപാടികളിൽ പങ്കെടുത്തപ്പോൾ മോദിയുടെ ചർമ്മത്തിന് കൂടുതൽ കറുപ്പ്/തവിട്ട് നിറം തോന്നിച്ചുവെന്നും പ്രചാരണത്തിന്റെ ഭാഗമായി അറിഞ്ഞു ചെയ്ത മേക്കപ്പ് ആണെന്നുമാണ് ഉയരുന്ന വിമർശനം. ‘50 Shades of Modi Ji’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യയോട് അടുത്തുനിൽക്കുന്നതിനായി അറിഞ്ഞുചെയ്ത മേക്കപ്പ് ആണെന്നാണ് ഉയരുന്ന വാദം. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള മേക്കപ്പ് എന്നും ഇതിനെ പലരും വിളിച്ചു. എക്‌സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലാണ് വിവാദം ഉയരുന്നത്. മോദിയുടെ റാലികളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചായിരുന്നു പ്രതികരണം. തമിഴ്നാട്ടിലെ പ്രാദേശിക ജനതയുമായി മികച്ച ബന്ധം സ്ഥാപിക്കാൻ അദ്ദേഹം ഇരുണ്ട നിറത്തിലുള്ള മേക്കപ്പ് ഉപയോഗിച്ചോ അതോ ബ്രോൺസർ ഉപയോഗിച്ചോ എന്നാണ് ഉയരുന്ന സംശയം. ‘ദ്രാവിഡരെ അപമാനിക്കലാണ്’ എന്ന് പലരും പ്രതികരിച്ചു.
തമിഴ്നാട്ടിൽ താൽക്കാലികമായി ടാൻ ഇട്ടതിലൂടെ ദക്ഷിണേന്ത്യയിൽ നിന്ന് വരുന്നവരുടെ കറുത്ത തൊലിയെയാണ് മോദി പരിഹസിച്ചതെന്ന് പലരും അഭിപ്രായപ്പെട്ടു. കൂടാതെ ബി.ജെ.പി നേതാവായ തരുൺ വിജയ് യുടെ പ്രസ്താവനയും പലരും ഇതോടൊപ്പം ഉയർത്തിക്കാട്ടി. 2017ൽ ബി.ജെ.പി നേതാവായ തരുൺ വിജയ് ദക്ഷിണേന്ത്യക്കാർക്കൊപ്പം താമസിക്കുന്നതിനാൽ ഇന്ത്യക്കാർ വംശീയവാദികളല്ലെന്ന പ്രസ്താവനയുമായി എത്തിയിരുന്നു. ‘നമ്മൾ വംശീയവാദികളാണെങ്കിൽ, നമുക്ക് എന്തിനാണ് തെക്കൻ സംസ്ഥാനങ്ങൾ? നമ്മൾ എന്തിനാണ് അവരോടൊപ്പം താമസിക്കുന്നത്? നമുക്ക് ചുറ്റും കറുത്തവർഗ്ഗക്കാരുണ്ട്.’ എന്നായിരുന്നു ബി.ജെ.പി നേതാവും പാഞ്ചജന്യയുടെ മുൻ എഡിറ്ററുമായ തരുൺ വിജയ് 2017 ഏപ്രിലിൽ നടത്തിയ പ്രസ്താവന. ആഫ്രിക്കൻ പൗരന്മാർക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വംശീയ ആരോപണങ്ങൾക്കെതിരെ ഇന്ത്യയെ ന്യായീകരിച്ചുകൊണ്ട് അൽ ജസീറ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിജയ് യുടെ പ്രതികരണം.
കഴിഞ്ഞ തവണ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ മോദി താടി വളർത്തിയിരുന്നു എന്നും പലരും അഭിപ്രായപ്പെട്ടു. രബീന്ദ്ര നാഥ ടാഗോറിനെപ്പോലെ തോന്നിക്കാൻ മോദി താടി വളർത്തിയെന്നായിരുന്നു അന്ന് ഉയർന്ന വിമർശനം.
നേരത്തേ, പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തൊലിയുടെ നിറത്തെ ചൊല്ലിയുള്ള പ്രസ്താവന നടത്തിയതും ചർച്ചകളിൽ ഉയർന്നുവന്നു. ഇതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഒരു സ്ഥാനാർഥിയോടുള്ള പിന്തുണയും എതിർപ്പും ചർമ്മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയല്ല. അത് രാഷ്ട്രീയ തീരുമാനമായിരുന്നു. പ്രധാനമന്ത്രി എന്തുകൊണ്ടാണ് ചർമ്മത്തിന്റെ നിറം ചർച്ചയിൽ കൊണ്ടുവന്നത്. പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ പൂർണ്ണമായും അപ്രസക്തവും പ്രകടമായി വംശീയവുമാണെന്നും ചിദംബരം പ്രതികരിച്ചിരുന്നു.
അതേസമയം, മോദി മേക്കപ്പ് ഇട്ടതാണോ അതോ കടുത്ത വെയിലിൽ സംഭവിച്ച മാറ്റമാണോ എന്ന സംശയവും പലരും ഉയർത്തി. മറ്റ് ചിലർ മോദിയുടെ ചർമ്മത്തിലെ മാറ്റം കാമറ ലൈറ്റിങ്ങിലെ വ്യത്യാസം കൊണ്ടാണെന്നും വാദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.