കാഴ്ചാ പരിമിതർക്ക് പരീക്ഷ എഴുതാൻ കൂട്ട്; പ്ലസ് ടു വിദ്യാർഥി സിയൂസിന്റെ ആശയം വൈറൽ
പുസ്തകം നൽകിയാൽ മാത്രം വിദ്യാഭ്യാസം പൂർണമാകില്ല, പരീക്ഷ എഴുതാനും ഒരാൾ വേണം. കാഴ്ചപരിമിതരായ വിദ്യാർഥികൾ നേരിടുന്ന ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള ഒരു പ്ലസ് ടു വിദ്യാർഥി.
വഡോദരയിലെ നവരചന ഇന്റർനാഷണൽ സ്കൂളിലെ സിയൂസ് ലാലാനിയാണ് തന്റെ രണ്ട് പദ്ധതികളിലൂടെ ശ്രദ്ധേയനാകുന്നത്.
കാഴ്ച ഇല്ലാത്ത കുട്ടികൾ തൊട്ടറിഞ്ഞ് പഠിക്കാനുള്ള പുസ്തകങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നതു കണ്ടാണ് സിയൂസ് 'ഏകലവ്യ' എന്ന ആദ്യ പദ്ധതി തുടങ്ങിയത്. സ്പർശനം കൊണ്ട് മനസിലാക്കാവുന്ന പുസ്തകങ്ങളും ചെറു ലൈബ്രറികളും ഒരുക്കുക, രക്ഷിതാക്കൾക്ക് ആവശ്യമായ പരിശീലനം നൽകുക എന്നതായിരുന്നു ലക്ഷ്യം. ഇന്ന് ഗുജറാത്തിലെ മൂന്ന് ജില്ലകളിലായി 500 ലധികം പേർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.
എന്നാൽ പഠനം കഴിഞ്ഞാലും പ്രശ്നം തീരുന്നില്ലെന്ന് സിയൂസ് മനസിലാക്കി. പലർക്കും പരീക്ഷയിൽ ഉത്തരം എഴുതിക്കൊടുക്കാൻ ആളെ കിട്ടാറില്ല. ഇതിന് പരിഹാരമായാണ് രണ്ടാമത്തെ പദ്ധതിയായ 'സാക്ഷം' ആരംഭിച്ചത്. വിദ്യാർഥികളെ സന്നദ്ധരായ സ്ക്രൈബുകളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ശൃംഖലയാണിത്. 50-ലധികം സ്ക്രൈബുകളും നൂറിലധികം വിദ്യാർഥികളും ഇതിനോടകം ഇതിന്റെ ഭാഗമായി. ദേശീയതലത്തിലെ എൻജിഒകളുമായി സഹകരിച്ച് പദ്ധതി വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. സ്ക്രൈബുകൾക്ക് കൃത്യമായ പരിശീലനവും സർട്ടിഫിക്കേഷനും നൽകണമെന്ന നിർദേശവും സിയൂസ് മുന്നോട്ട് വെക്കുന്നുണ്ട്.
സമഗ്ര വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങൾ ഇന്നും ഇന്ത്യയിൽ വലുതാണെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. പല സ്കൂളുകളിലും ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആവശ്യമായ പ്രത്യേക അധ്യാപകരോ സൗകര്യങ്ങളോ ഇല്ല. നയങ്ങൾ ഉണ്ടായാൽ മാത്രം പോരാ, അവ പ്രായോഗികമായി നടപ്പാക്കേണ്ടതുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഗുജറാത്തിലെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ച് സിയൂസ് നടത്തിയ പഠനം 2026 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. കാഴ്ചപരിമിതരായ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള സിയൂസിന്റെ ആദ്യകാല ഗവേഷണത്തിന് ക്രെസ്റ്റ് ഗോൾഡ് അവാർഡ് ലഭിച്ചിട്ടുണ്ട്.
സമഗ്ര വിദ്യാഭ്യാസം എന്നത് റാമ്പുകളും കെട്ടിടങ്ങളും മാത്രമല്ല, കുട്ടികളെ മനസിലാക്കുന്ന സംവിധാനങ്ങൾ കൂടിയാണെന്നാണ് സിയൂസിന്റെ നിലപാട്. ഭാവിയിൽ ഇക്കണോമിക്സും പബ്ലിക് പോളിസിയും പഠിച്ച് ഈ മേഖലയിൽ തന്നെ പ്രവർത്തിക്കാനാണ് ആഗ്രഹം.
യേൽ യങ് ഗ്ലോബൽ സ്കോളേഴ്സ് 2026 ൽ തെരഞ്ഞെടുക്കപ്പെട്ട സിയൂസ് തന്റെ ആശയങ്ങൾ യുസി ബെർക്ലി, യുഎന്നിന്റെ സാമ്പത്തിക സാമൂഹിക സമിതി ചേംബർ, പ്രമുഖ എഐ ടെക് കമ്പനിയായ എൻവിഡിയ ആസ്ഥാനം തുടങ്ങിയ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.