രാഹുൽ ഈശ്വർ, താര ടോജോ അലക്സ്
കൊച്ചി: പെണ്ണുങ്ങൾ കുറച്ചൊക്കെ അങ്ങ് ക്ഷമിക്കും അവളുടെ മൗനം ഭയമാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് തലയിൽ കയറി നിരങ്ങാൻ വന്നാൽ രാഹുൽ ഈശ്വർ ഇപ്പോ കൊതുകുകടിയും കൊണ്ട് സിമൻറ് തറയിൽ കിടക്കുന്നതു പോലെയുള്ള അതിമനോഹരമായ ആചാരങ്ങൾ ഇനിയും കാണാമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ താരാ ടോജോ അലക്സ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വർ അറസ്റ്റിലായതിന് പിന്നാലെയാണ് പ്രതികരണം.
കഴുത്തിൽ ഇട്ട പാമ്പിനോട് തന്നെ ‘ചേട്ടാ, എന്നെ ഒന്ന് കടിക്കു പ്ലീസ് ’ എന്ന് അപേക്ഷിച്ച് നേരെ ജയിൽ കെട്ടിടത്തിന്റെ ആറാം ബ്ളോക്കിലേക്ക് എത്തിയവന്റെ കഥ ആദ്യമായാണ് കാണുന്നതെന്ന് താര ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നീതിബോധമോ സാമൂഹ്യബോധമോ മനുഷ്യത്തമോ ഏഴ് അയലത്ത് കൂടെ പോകാത്ത വെറുമൊരു കത്തിവേഷം ധരിച്ച് ഏതോ പുരുഷ അസോസിയേഷന്റെ പേരും പറഞ്ഞ് കഴിഞ്ഞ മൂന്ന് നാല് മാസമായി ചാനൽ ചർച്ചകളിൽ വന്നിരുന്ന് ഹിസ്റ്റീരിയ പിടിച്ചവനെപ്പോലെയാണ് ഉറഞ്ഞു തുള്ളിയതെന്നും താര പറയുന്നു.
എത്ര അപസർപ്പകഥകൾ നെയ്താലും നുണബോംബുകൾ പൊട്ടിച്ചാലും അവയെല്ലാം ചിതറിച്ചു കടന്ന് വരാനുള്ള ശക്തി സത്യത്തിനുള്ളതുകൊണ്ടാണ് അവൾ അരക്ഷിതാവസ്ഥയിൽ നിന്നും സുരക്ഷിതാവസ്ഥയിലേക്കും രാഹുൽ ഈശ്വർ അരങ്ങിൽ നിന്നും ജയിലിലേക്കും എത്തിയതെന്നും താര പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എൽ.എൽ.എക്കെതിരെ പുതിയ പ്രതികരണമൊന്നും താര നടത്തിയില്ല. നേരത്തെ, രാഹുലിനെതിരെ ആരോപണം ഉയർന്ന സമയത്ത് സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമർശനം നടത്തിയിരുന്നു. എത്ര അലക്കി വെളുപ്പിച്ചാലും എത്ര കഥകൾ പാടി പുകഴ്ത്തിയാലും എത്ര മാരീചവേഷങ്ങളെ ഇറക്കി കാടിളക്കിയാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടനാണെന്ന് താര രാഹുലിനെ കുറിച്ച് പറഞ്ഞിരുന്നു.
കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സകല സ്ത്രീകളുടെയും ഇൻബോക്സുകളിൽ പോയി പഞ്ചാര വർത്തമാനം പറയുകയും അതിൽ വീണു പോയവരുടെ മേൽ കടന്നു കയറ്റങ്ങൾ നടത്തുകയും ചെയ്ത ഒരുത്തനെ പറ്റി ഇടതടവില്ലാതെ പരാതികളും ആരോപണങ്ങളും ഉയർന്ന ആദ്യ ദിവസം മുതൽ അയാൾക്കെതിരെ പരസ്യമായി നിലപാടെടുക്കുകയും അത് കൃത്യമായി നേതൃത്വത്തെ അറിയിക്കുകയും, അതിൽ ഇന്നും അടിയുറച്ചു നിൽക്കുകയും ചെയ്യുന്നതിൽ അഭിമാനം മാത്രമാണ് താര വ്യക്തമാക്കിയിരുന്നു.
"വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് കഴുത്തിലിട്ടവന്റെ കഥ കേട്ടിട്ടുണ്ട്.. പക്ഷേ കഴുത്തിൽ ഇട്ട പാമ്പിനോട് തന്നെ ‘ചേട്ടാ, എന്നെ ഒന്ന് കടിക്കു പ്ലീസ് ’ എന്ന് അപേക്ഷിച്ച് നേരെ ജയിൽ കെട്ടിടത്തിന്റെ ആറാം ബ്ളോക്കിലേക്ക് എത്തിയവന്റെ കഥ ആദ്യമായാണ് കാണുന്നത്...
നീതിബോധമോ സാമൂഹ്യബോധമോ, മനുഷ്യത്തമോ.. ഏഴ് അയലത്ത് കൂടെ പോകാത്ത വെറുമൊരു കത്തിവേഷം.. ഏതോ പുരുഷ അസോസിയേഷന്റെ പേരും പറഞ്ഞ് കഴിഞ്ഞ മൂന്ന് നാല് മാസമായി ചാനൽ ചർച്ചകളിൽ വന്നിരുന്നു ഹിസ്റ്റീരിയ പിടിച്ചവനെപ്പോലെ ഉറഞ്ഞു തുള്ളിയത്..
ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ യാഥാർത്ഥ്യങ്ങൾ എന്താണെന്ന് അയാൾക്ക് നല്ല വ്യക്തമായ ബോധ്യമുണ്ടെങ്കിലും, പോക്കറ്റിൽ ചില്ലറ വേണമെങ്കിൽ ഈ വിഷയത്തിൽ മനസ്സുകളെ ത്രസിപ്പിക്കുന്ന കഥാസന്ദർഭങ്ങളും, വെല്ലുവിളികളും, ഇരവാദങ്ങളും, കുറച്ചു മസാലയും ചേർത്താൽ തൻ്റെ വീഡിയോകൾ കൂടുതൽ “വൈറൽ” ആവും എന്ന് കണക്കുകൂട്ടാൻ ഒട്ടും പ്രയാസമില്ലാത്തവനാണ് ഇയാൾ. അതിനുവേണ്ടി ഈ വിഷയത്തിൽ ആരോപണവിധേയന് നേരെ വിരൽ ചൂണ്ടി സ്വന്തം നിലപാട് പറഞ്ഞ എല്ലാ സ്ത്രീകളെയും ലക്ഷ്യമാക്കി — സ്ലട്ട് ഷെയ്മിംഗിന്റെ ഏറ്റവും താഴ്ന്ന തലങ്ങളിലേക്ക് ഇറങ്ങി അവരെ മോശമായി ചിത്രീകരിച്ചു... ചിത്തഭ്രമത്തിന്റെ ഉന്മാദത്തിൽ എന്നപോലെ അയാൾ ശർദ്ദിച്ചുവയ്ക്കുന്ന അയാളുടെ മാത്രം ഭാവനകളും ഫാന്റസികളും. ഹാലൂസിനേഷൻസും പിടികിട്ടാപ്പുള്ളിയുടെ അടിമകൂട്ടം വെള്ളം തൊടാതെ വിഴുങ്ങുന്നു..
എന്നിട്ട് കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് കോരിപ്പിക്കുന്നത് പോലെ അയാൾക്കൊപ്പം നിൽക്കുന്ന പാർട്ടിക്കാരെ കൊണ്ട് ഒരു പൈസയുടെയും ചെലവില്ലാതെ പാർട്ടിയുടെ സംവിധാനങ്ങൾ തന്നെ ഫ്രീ ആയി ഉപയോഗിച്ചു കൊണ്ട് സമൂഹത്തിലേക്ക് പ്രചരിപ്പിച്ചുകൊണ്ട് റീച്ച് ഉണ്ടാക്കി.. പൈസയും ഉണ്ടാക്കി.
അതിജീവിതയുടെ പരാതി വന്നതിന് ശേഷം, അവരെക്കുറിച്ച് എന്ത് നുണകളും വൃത്തികേടുകളും പറഞ്ഞാലും അത് തീപോലെ പടരുമെന്ന് പൂർണ്ണ ബോധ്യമുള്ളയാൾ, രണ്ടു ദിവസം കൊണ്ട് എട്ട് വീഡിയോകളാണ് തുടർച്ചയായി അവളെ അധിക്ഷേപിച്ചും അപമാനിച്ചും തന്റെ YouTube, Facebook അക്കൗണ്ടുകളിലൂടെ തുരുതുരെ വിക്ഷേപിച്ചത്. പക്ഷേ, മരണവും ജീവിതവും തമ്മിലുള്ള നൂൽപ്പാലം കടന്ന് തിരിച്ചു വന്ന അവളെ അധിക്ഷേപവും തെറിയും ഭീഷണിയും കൊണ്ട് ഉടുക്കു കൊട്ടി പേടിപ്പിച്ച് നിശബ്ദയാക്കാം എന്ന് കരുതിയിടത്താണ് രാഹുൽ ഈശ്വർ തനിക്ക് ഏറ്റവും വലിയ തെറ്റ് പറ്റിയത്.
എത്ര അപസർപ്പകഥകൾ നെയ്താലും, നുണബോംബുകൾ പൊട്ടിച്ചാലും, അവയെല്ലാം ചിതറിച്ചു കടന്ന് വരാനുള്ള ശക്തി സത്യത്തിനുള്ളതുകൊണ്ടാണ് അവൾ അരക്ഷിതാവസ്ഥയിൽ നിന്നും സുരക്ഷിതാവസ്ഥയിലേക്കും... രാഹുൽ ഈശ്വർ അരങ്ങിൽ നിന്നും ജയിലിലേക്കും എത്തിയത്.
കുറച്ചു മാസങ്ങൾക്കു മുമ്പ് മറ്റൊരു യൂട്യൂബർ മഹാനോട് ഒരു ഗൂഢാലോചന സിദ്ധാന്തമിറക്കി കുറ്റാരോപിതനെ വെള്ളപൂശാമെന്ന് ഏതോ മഹാപാപികൾ പറഞ്ഞതും, കേട്ടപാതി കേൾക്കാത്ത പാതി അയാൾ എടുത്തുചാടി കുറച്ച് വീഡിയോസ് എടുത്തങ്ങ് വീശി...
അദ്ദേഹത്തിൻറെ സർഗ്ഗാത്മകതക്കും അതിബുദ്ധിക്കുമൂള്ള പാരിതോഷികമായി കൊടുത്ത പരാതികളുടെ മേൽ ടിയാൻ തുടർച്ചയായി കോടതി കയറി ഇറങ്ങുന്നുണ്ട്.
അപ്പോ പറഞ്ഞ് വന്നത്... പെണ്ണുങ്ങൾ കുറച്ചൊക്കെ അങ്ങ് ക്ഷമിക്കും... കണ്ടില്ല എന്ന് നടിക്കും.. പക്ഷേ അവളുടെ മൗനം, അവളുടെ ഭയമാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് തലയിൽ കയറി നിരങ്ങാൻ വന്നാൽ, രാഹുൽ ഈശ്വർ ഇപ്പോ കൊതുകുകടിയും കൊണ്ട് സിമൻറ് തറയിൽ കിടക്കുന്നതു പോലെയുള്ള അതിമനോഹരമായ ആചാരങ്ങൾ ഇനിയും കാണാം...ഇനിയും അനുഭവിക്കാം."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.