കോഴിക്കോട്: ആത്മഹത്യ കൊണ്ട് പൊലീസ് ഡിപ്പാർട്ട്മെൻറ് നന്നാവും എന്ന് കരുതരുതെന്നും പത്ത് ദിവസത്തിനിടയിൽ ആറു പേർ ആത്മഹത്യ ചെയ്തിട്ടും ഇവിടൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നുമുള്ള വിമർശനവുമായി സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന്. അവധി കിട്ടാത്തതിനെ തുടർന്ന് തൃശൂർ കൊരട്ടിയിൽ ഒരു സിവിൽ പൊലീസ് ഓഫിസർ ജീവനൊടുക്കാൻ ശ്രമിച്ച സംഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയായിരുന്നു ഉമേഷ്.
'അമ്മയെ ചികിത്സിക്കാൻ പോലും അവധി കിട്ടുന്നില്ലെങ്കിൽ, ഒരു സസ്പെൻഷൻ സംഘടിപ്പിക്കുക. ഒന്നോ, രണ്ടോ ആറോ പത്തോ മാസം നിങ്ങൾക്ക് ബ്രേക്ക് കിട്ടും. സർവീസിൽ നിന്ന് കുറച്ച് ദിവസം മാറിനിൽക്കുന്നത് ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി ഒളിച്ചോടുന്നതിനേക്കാൾ എത്ര ലളിതമാണ്. കുറച്ച് പണം നഷ്ടപ്പെടുന്നത്, ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ എത്ര ഭേദമാണ്..'-ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചു.
പൊലീസ് സേനയിലെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്തതിന്റെ പേരിൽ വർഷങ്ങളായി സസ്പെൻഷനിൽ കഴിയുകയാണ് ഉമേഷ് വള്ളിക്കുന്ന്.
ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ മറ്റോ കയറെടുക്കുന്നതിന് മുൻപ് നിങ്ങളുടെ ഉറ്റസുഹൃത്തിനെ ഒന്നു വിളിച്ച് മനസ് തുറന്നാൽ നിങ്ങൾക്ക് പിടിച്ചു നിൽക്കാനാവുമെന്ന് ഉപദേശമാണ് ഉമേഷ് സഹപ്രവർത്തകരായ പൊലീസുകാർക്ക് നൽകുന്നത്.
"ആത്മഹത്യ കൊണ്ട് ഡിപ്പാർട്ട്മെൻറ് നന്നാവും എന്ന് കരുതരുത്. പത്ത് ദിവസത്തിനിടയിൽ ആറു പേർ ആത്മഹത്യ ചെയ്തിട്ടും ഇവിടൊരു മാറ്റവും സംഭവിച്ചിട്ടില്ല.
അമ്മയെ ചികിത്സിക്കാൻ പോലും അവധി കിട്ടുന്നില്ലെങ്കിൽ, ഒരു സസ്പെൻഷൻ സംഘടിപ്പിക്കുക. ഒന്നോ, രണ്ടോ ആറോ പത്തോ മാസം നിങ്ങൾക്ക് ബ്രേക്ക് കിട്ടും.
സർവീസിൽ നിന്ന് കുറച്ച് ദിവസം മാറിനിൽക്കുന്നത് ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി ഒളിച്ചോടുന്നതിനേക്കാൾ എത്ര ലളിതമാണ്.
കുറച്ച് പണം നഷ്ടപ്പെടുന്നത്, ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ എത്ര ഭേദമാണ്.. പോലീസിനകത്തെ ജീവിതം വഴിമുട്ടുമ്പോൾ, കൈവിട്ടു പോകുമെന്ന് പേടി തോന്നുമ്പോൾ , എന്തുകൊണ്ടോ, ചിലരെങ്കിലും എന്നെ വിളിക്കാറുണ്ട്.
അവരെ മണിക്കൂറുകൾ സമയമെടുത്ത് കേൾക്കാറുണ്ട്. മരണത്തിന് വിട്ടുകൊടുക്കാതെ ചേർത്തു പിടിക്കാറുണ്ട്. ചിലപ്പോൾ കൗൺസിലിങ്ങിന് അയക്കാറുണ്ട്.
ഒരിക്കൽ മാത്രം, ഒരാൾ മാത്രം കൈയ്യിൽ നിന്ന് ചോർന്നു പോയിട്ടുണ്ട്. ഒരു മെമ്മോചാർജ്ജും കയ്യിൽ തന്ന്, ഒരുപാട് തമാശ പറഞ്ഞ്, "അണ്ണാ, ഒത്തിരി സമയമുണ്ട്. അണ്ണൻ സൗകര്യം പോലെ നോക്കിയേച്ച് പറഞ്ഞാ മതിയണ്ണാ.." എന്ന് ചിരിച്ചോണ്ട് പോയതായിരുന്നു, ഒരു സൂചനയും തരാതെ! നോക്കാനും പറയാനും അവൻ സമയം തന്നില്ല...🙏
ദേഷ്യം കൊണ്ടോ, സങ്കടം കൊണ്ടോ, നിരാശ കൊണ്ടോ, മടുപ്പ് കൊണ്ടോ, പ്രതിഷേധം കൊണ്ടോ, ജീവിതം വഴിമുട്ടിയതുകൊണ്ടോ കയറെടുക്കുന്നതിന് മുൻപ് നിങ്ങളുടെ ഉറ്റസുഹൃത്തിനെ ഒന്നു വിളിച്ച് മനസ്സുതുറന്നാൽ നിങ്ങൾക്ക് പിടിച്ചു നിൽക്കാനാവും. അതല്ലെങ്കിൽ ദിശയുടെ നമ്പറുകളിൽ വിളിക്കാം. Toll free helpline number: 1056, 0471-2552056 ). വിട്ടു കൊടുക്കരുത് ജീവനെ.. തീർത്തു കളയരുത് ഇത്തിരിയോളമുള്ള ഈ ജീവിതത്തെ..."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.