ജോലി പോയാൽ ക്ലിക്ക് ചെയ്യാൻ ‘ഐ ഗോട്ട് ഫയേർഡ്’ ബട്ടൺ; കോർപറേറ്റുകളെ പരിഹസിച്ച് ബംഗളൂരു ടെക്കി

ബംഗളൂരു: എ.​ഐ തരംഗത്തിൽ ആഗോള കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നതിടെ ​ഐ.ടി ഭീമൻമാരെ പരിഹസിച്ച് ‘ഐ ഗോട്ട് ഫയേർഡ്’ ബട്ടൺ നിർമിച്ച് ബംഗളൂരു ടെക്കി. ഒറ്റ ക്ലിക്കിൽ ഡിജിറ്റൽ സിസ്റ്റമാകെ തകിടം മറിയുന്ന രീതിയിലാണ് ബട്ടണിന്റെ നിർമാണം. കോർപറേറ്റ് ലോകത്തെ കളിയാക്കുന്ന ഈ ഓൺലൈൻ സംവിധാനം തമാശക്ക് ചിത്രീകരിച്ചിരിക്കുന്നതാണെങ്കിലും നിലവിലെ സാഹചര്യങ്ങളുമായി കൂട്ടിച്ചേർത്തായിരുന്നു പലരുടെയും പ്രതികരണം.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്കിയായ പങ്കജ് ആണ് ബട്ടണെ സംബന്ധിച്ച് എക്സിൽ പോസ്റ്റ് ചെയ്തത്. ആഗോള ടെക് കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ തുടരുന്ന സമയമായതിനാൽ പങ്കജിന്റെ പോസ്റ്റ് വളരെ വേഗത്തിൽ വൈറലായി. ദൈനംദിന സാഹചര്യത്തെ കൂട്ടിയിണക്കി ടെക് കമ്പനികളെ പരിഹസിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘എ​.ഐ പിരിച്ചുവിടലുകൾ കൈവിട്ടുപോകുന്നു. അതിനാൽ ഞാൻ ‘ഐ​ ഗോട്ട് ഫയേർഡ്’ ബട്ടൺ നിർമിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഓൺലൈനിൽ വിചിത്രവും നർമം നിറഞ്ഞതുമായ കണ്ടുപിടിത്തങ്ങൾ ഇതിനുമുമ്പും പങ്കജ് പങ്കുവെച്ചിട്ടുണ്ട്.

ലാപ്ടോപിന് സമീപമാണ് ഒരു ഹാർഡ് വെയർ ബട്ടൺ സ്ഥാപിച്ചിരിക്കുന്നത്. ജോലിയിൽനിന്ന് പിരിച്ചുവിട്ടാലുടൻ ഈ ബട്ടൺ അമർത്തിയാൽ നിരവധി പ്രവൃത്തികൾ ഒരേസമയം നടക്കും. ഒറ്റ ക്ലിക്കിലൂടെ കമ്പനിയുടെ കോഡ് ബേസ് മുഴുവൻ പരസ്യമാകും. വളരെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ .env ഫയലുകൾ പരസ്യമാകും. കമ്പനിയുടെ സ്റ്റേജിങ് ഡേറ്റാ ബേസുകൾ ഇല്ലാതാകും. തനിക്ക് ഇത് ഒരിക്കലും ആവശ്യം വരില്ലെന്ന് പ്രതീക്ഷിക്കുന്നതായി പങ്കജ് പോസ്റ്റിൽ പറയുന്നു.

ആക്ഷേപഹാസ്യ പോസ്റ്റ് ആണെങ്കിലും ഐ.ടി മേഖലയിലെ പിരിച്ചുവിടലുകൾ എത്രത്തോളം ആശങ്കകളും ഉത്കണ്ഠയും ഉയർത്തിയിട്ടുണ്ടെന്ന് പോസ്റ്റിന്റെ റീച്ച് കാണിച്ചുതരുന്നു. നിരവധി ഉപയോക്താക്കൾ തമാശയാണെങ്കിലും അസ്വസ്ഥതയുണ്ടാക്കുന്ന എന്തോ ഒന്നു​ണ്ടെന്ന് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പറയുന്നു. മറ്റു ചിലർ ടെക്കിയുടെ സർഗാത്മകതയെയും നർമ്മത്തെയും ​പ്രശംസിച്ചു.

അതേസമയം, യഥാർഥ ജീവിതത്തിൽ ഇത്തരം പ്രവൃത്തികൾക്ക് ശ്രമിച്ചാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും പലരും പങ്കുവെച്ചു. ഇത്തരമൊരു ബട്ടൺ യഥാർഥത്തിൽ നടപ്പിലാക്കുന്നത് ഗുരുതരമായ കോർപ്പറേറ്റ് അട്ടിമറി, ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ ലംഘനം, സൈബർ സുരക്ഷാ നിയമങ്ങളുടെ ലംഘനം എന്നിവക്ക് കാരണമാകും. കൂടാതെ ഇത് ക്രിമിനൽ കുറ്റങ്ങൾക്ക് കാരണമാകും.

Tags:    
News Summary - Bengaluru techie builds AI powered I Got Fired button amid mass tech layoffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.