‘ആദ്യമായി ലഭിച്ച ജോലിക്ക് പോകാൻ കുളിച്ചൊരുങ്ങാൻ പോയ ചെറുപ്പക്കാരൻ ബാത്‌റൂമിൽ മരിച്ചു കിടക്കുന്നു....’

ദുബൈ: വിസിറ്റിങ് വിസയിലെത്തി ഏറെ പ്രയത്നിച്ച ശേഷം ലഭിച്ച ജോലിയിൽ പ്രവേശിക്കാനിരിക്കുന്ന ദിവസം മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലേക്കയച്ച കരളലിയിപ്പിക്കുന്ന അനുഭവം പങ്കുവെക്കുകയാണ് പ്രവാസി സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. ആദ്യദിവസം തന്നെ ജോലിക്ക് പോകുവാനായി കുളിച്ചൊരുങ്ങാൻ ബാത്‌റൂമിൽ കയറി നേരമേറെ കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടർന്ന് റൂമിലുള്ളവർ ബാത്‌റൂമിൽ തുറന്നു നോക്കിയപ്പോഴാണ് ചെറുപ്പക്കാരൻ മരിച്ചു കിടക്കുന്നത് കണ്ടത്. ഓരോ മനുഷ്യന്റെയും അവസ്ഥ ഇതൊക്കെയാ​ണെന്നും അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നർക്കും മുൻകൂട്ടി നിശ്ചയിക്കാൻ കഴിയില്ലല്ലോ എന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ആ​ഴ്ച നാട്ടിലേക്ക് കയറ്റിവിട്ട മൃതദേഹങ്ങളിൽ ഏഴ് പേർ 28,30 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരാണെന്നും അഷ്റഫ് താമരശ്ശേരി പറയുന്നു. ‘വളരെയധികം നൊമ്പരപ്പെടുത്തുന്നതും അതേപോലെ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ചെറുപ്പക്കാരുടെ അവസ്ഥ. തലകറങ്ങി വീണും അറ്റാക്ക് വന്നുമാണ് ഈ ചെുറപ്പക്കാർ മരിച്ചത്. നമ്മൾ ഓരോരുത്തരും ഭക്ഷണകാര്യത്തിൽ വളരെ വളരെ ശ്രദ്ധിക്കേണ്ടതുണ്ട് ട്ടോ. മുമ്പൊക്കെ ഓണം വന്നാലും പെരുന്നാള് വന്നാലും ക്രിസ്മസ് വന്നാലും ആഘോഷങ്ങൾക്ക് എല്ലാരുംകൂടി റൂമിൽ തന്നെ ഭക്ഷണം പാചകം ചെയ്തു സന്തോഷത്തോടെ കഴിക്കുന്നവരായിരുന്നു നമ്മൾ പ്രവാസികൾ. പക്ഷെ ഇന്നിപ്പോ കൊണ്ടുവരുന്നത് അതല്ലല്ലോ. ജോലി സംബന്ധമായ വിഷമതകൾ, പണം സംബന്ധമായ എടങ്ങേറുകൾ, മറ്റ് മാനസിക പിരിമുറുക്കങ്ങൾ അങ്ങിനെ നൂറ് പ്രശ്നങ്ങളിലൂടെയാണ് അനുദിനം ഓരോ പ്രവാസികളും കടന്നുപോകുന്നത്. അതിനിടയിൽ ശരീരം ശരിക്കും നോക്കുന്നവർ, ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുന്നവർ വളരെ ചുരുക്കം. ആരെയും കുറ്റപ്പെടുത്താനും പറ്റില്ല. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റുള്ളൂ എന്ന ചിന്തയോടെ എല്ലാരും ആരോഗ്യ കാര്യങ്ങളിൽ ഒന്ന് ശ്രദ്ധിക്കണം’ -അദ്ദേഹം പറഞ്ഞു.

കുറിപ്പുകളുടെ പൂർണരൂപം:

ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട രണ്ട് മൃതദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ ആരുടേയും കരളലിയിപ്പിക്കുന്നതാണ്. സ്വന്തംനാടും വീടും വിട്ട്, ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് കുടുംബംനോക്കാൻ നല്ലൊരു ജീവിതം സ്വപ്നംകണ്ട് എഴു കടലും താണ്ടി 23 വയസ്സ് മാത്രം പ്രായമുള്ള ഒരു സാധു ചെറുപ്പക്കാരൻ വിസിറ്റിങ് വിസയിൽ ഇവിടെ വന്നതാണ്. ഒരുപാട് സ്ഥലങ്ങളിൽ ജോലിക്ക് വേണ്ടി അലഞ്ഞു നടന്നു. ഒടുവിൽ ഒരു കമ്പനിയിൽ ഇന്റർവ്യൂ നടത്തി നല്ലൊരു ജോലിയും കിട്ടി.

അങ്ങനെ ഒരുപാട് പ്രയത്നങ്ങൾക്ക് ശേഷം കിട്ടിയ ആ ജോലിക്ക് പ്രവേശിക്കുവാനായി ആദ്യദിവസം തന്നെ കുളിച്ചൊരുങ്ങുവാനായിട്ട് ബാത്‌റൂമിൽ കയറിയതാണ്. നേരമേറെ കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടർന്ന് റൂമിലുള്ളവർ ബാത്‌റൂം തുറന്നു നോക്കിയപ്പോഴാണ് ആ സാധു ചെറുപ്പക്കാരൻ മരിച്ചു കിടക്കുന്നത് കണ്ടത്. എങ്ങനെ സഹിക്കും.

എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ജോലി കിട്ടിയെന്നറിഞ്ഞതിൽ നാട്ടിൽ കുടുംബക്കാരും പെരുത്ത് സന്തോഷത്തിലായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം ആകെ തകർന്നില്ലേ ആ കുടുംബത്തിന്. ഓരോ മനുഷ്യന്റെയും അവസ്ഥ ഇതൊക്കെയാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നർക്കും മുൻകൂട്ടി നിശ്ചയിക്കാൻ കഴിയില്ലല്ലോ. എല്ലാം സർവ്വശക്തന്റെ നിയന്ത്രണത്തിലാണ്. നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യമാണ്. പടച്ചവൻ ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള മനഃശക്തി നൽകുമാറാകട്ടെ.

--------------

ഇക്കഴിഞ്ഞ ദിവസം കയറ്റിവിട്ട മൃതദേഹങ്ങളിൽ ഏഴ് പേരും 28,30 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരാണ്. വളരെയധികം നൊമ്പരപ്പെടുത്തുന്നതും അതേപോലെ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ചെറുപ്പക്കാരുടെ അവസ്ഥ, ഓരോരുത്തരും തലകറങ്ങി വീണുമരിക്കുക, അറ്റാക്ക് വന്നുമരിക്കുക അതായിരുന്നു ഈ ചെറുപ്പക്കാർക്ക് സംഭവിച്ചത്. നമ്മൾ ഓരോരുത്തരും ഭക്ഷണകാര്യത്തിൽ വളരെ വളരെ ശ്രദ്ധിക്കേണ്ടതുണ്ട് ട്ടോ, മുമ്പൊക്കെ ഓണം വന്നാലും പെരുന്നാള് വന്നാലും ക്രിസ്മസ് വന്നാലും ആഘോഷങ്ങൾക്ക് എല്ലാരുംകൂടി റൂമിൽ തന്നെ ഭക്ഷണം പാചകം ചെയ്തു സന്തോഷത്തോടെ കഴിക്കുന്നവരായിരുന്നു നമ്മൾ പ്രവാസികൾ.

പക്ഷെ ഇന്നിപ്പോ കൊണ്ടുവരുന്നത് അതല്ലല്ലോ. എല്ലാരും പുറത്ത്പോയി ഭക്ഷണം കഴിക്കുന്ന ഒരു പ്രവണത പ്രവാസികൾക്കിടയിൽ സ്ഥിരം ഒരു പതിവായിരിക്കുന്നു. ഇതിന്റെ അനന്തരഫലമോ അതിന് നമ്മൾ വല്യ വില കൊടുക്കേണ്ടതായി വരുന്നു. നാടും വീടും സ്വന്തം കുടുംബത്തെയും വിട്ട് പ്രവാസഭൂമിയിൽ വന്നവരേ ഇവിടെ എല്ലാർക്കും ജോലി സംബന്തമായ വിഷമതകൾ, പണം സംബന്ധമായ എടങ്ങേരുകൾ, മറ്റ് മാനസികമായ പിരിമുറുക്കങ്ങൾ അങ്ങിനെ ഒരു നൂറ് പ്രശ്നങ്ങളിലൂടെയാണ് അനുദിനം ഓരോ പ്രവാസികളും കടന്നുപോകുന്നത്.

അതിനിടയിൽ ശരീരം ശരിക്കും നോക്കുന്നവർ, ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുന്നവർ വളരെ ചുരുക്കം. ജോലി തിരക്കിനിടയിൽ പുറത്ത് നിന്നും സമയം തെറ്റിയുള്ള ഭക്ഷണം കഴിക്കലും അതും ഓയിലിന്റെ അതിപ്രസരമുള്ള ഫുഡ്കളും, എന്താണോ കയ്യിൽ കിട്ടുന്നത് അതൊക്കെ വലിച്ചു വാരി ഭക്ഷിക്കുന്നതുമായ ഒരവസ്ഥ യാണ് ഇന്ന് കണ്ടു വരുന്നത്. പിന്നെ സാഹചര്യങ്ങളും അങ്ങനെയൊക്കെ ആയിരിക്കാം. ആരെയും കുറ്റപ്പെടുത്താനും പറ്റില്ല. എന്നാലും ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റുള്ളൂ എന്ന ചിന്തയോടെ എല്ലാരും ആരോഗ്യ കാര്യങ്ങളിൽ ഒന്ന് ശ്രദ്ധിക്കണം.നാഥൻ തുണക്കട്ടെ.

Tags:    
News Summary - Ashraf Thamarasery about expatriate death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.