'വിരമിച്ച എത്ര സൈനികർക്ക് ഇതുവരെ ജോലി നൽകി?'; ആനന്ദ് മഹീന്ദ്രയോട് ചോദ്യവുമായി സോഷ്യൽ മീഡിയ

സൈന്യത്തിൽ കരാറടിസ്ഥാനത്തിൽ നാല് വർഷത്തേക്ക് യുവാക്കളെ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നപ്പോൾ പ്രതിരോധത്തിലായത് കേന്ദ്ര സർക്കാറാണ്. ഈ ഘട്ടത്തിലാണ് കേന്ദ്ര മന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും അഗ്നിവീറുകൾക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന വാഗ്ദാനവുമായി പ്രതിഷേധം തണുപ്പിക്കാൻ രംഗത്തെത്തിയത്. അഗ്നിവീറുകൾക്ക് പിന്തുണയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി. എന്നാൽ, ഇതിന് പിന്നാലെ വൻ വിമർശനമാണ് ആനന്ദ് മഹീന്ദ്രയുടെ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

അഗ്നിവീരരുടെ ഗുണങ്ങൾ വ്യവസായ മേഖലക്ക് ഉപകരിക്കുമെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. അഗ്നിപഥിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളിൽ ദുഃഖമുണ്ട്, അഗ്നിവീരരുടെ അച്ചടക്കവും കഴിവുകളും അവർക്ക് മികച്ച തൊഴിലവസരങ്ങൾ നൽകും, അഗ്നിപഥിൽ പരിശീലനം ലഭിച്ചവർക്ക് അവസരം നൽകാൻ മഹീന്ദ്ര ഗ്രൂപ്പിന് താത്പര്യമുണ്ട് -അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാൽ, സൈനിക സേവനം കഴിഞ്ഞെത്തുന്നവർക്ക് എന്ത് ജോലി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കണമെന്നായിരുന്നു പലരും ആവശ്യപ്പെട്ടത്. സൈനിക സേവനം പൂർത്തിയാക്കിയ എത്രപേർക്ക് ഇത്രയും കാലത്തിനിടെ ആനന്ദ് മഹീന്ദ്ര ജോലി നൽകിയെന്ന് പറയണമെന്നും പലരും ആവശ്യപ്പെട്ടു.




നാവികസേന മുൻ മേധാവി അഡ്മിറൽ അരുൺ പ്രകാശ് ആനന്ദ് മഹീന്ദ്രയോട് ചോദ്യവുമായെത്തി. 'സൈനിക സേവനം പൂർത്തിയാക്കിയ ആയിരക്കണക്കിന് ഓഫിസർമാരും ജവാന്മാരും രണ്ടാമതൊരു തൊഴിൽമേഖല തേടിക്കൊണ്ടിരിക്കുമ്പോൾ എന്തിനാണ് മഹീന്ദ്ര ഗ്രൂപ് പുതിയ അഗ്നിപഥ് പദ്ധതി വരെ കാത്തുനിൽക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. 


ജൂൺ 14നാണ് കേ​ന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. നാലു വർഷത്തെ ​സൈനിക സേവനമാണ് ഈ പദ്ധതി ആവശ്യപ്പെടുന്നത്. ഇതുവഴി റിക്രൂട്ട് ചെയ്യപ്പെടുന്നവരിൽ 75 ശതമാനം പേരും നാലു വർഷത്തിനു ശേഷം സൈനിക സേവനം അവസാനിപ്പിച്ച് പുറത്തിറങ്ങണം. 17.5 മുതൽ 21 വയസ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത.

എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി നടക്കാതിരുന്ന സൈനിക റിക്രൂട്ട്മെന്റിനു വേണ്ടി കാത്തിരുന്ന ഉദ്യോഗാർഥികളുടെ രോഷത്തിനാണ് പുതിയ പദ്ധതി തിരികൊളുത്തിയത്. രാജ്യവ്യാപക പ്രക്ഷോഭമാണ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്നത്. 

Tags:    
News Summary - Anand Mahindra trolled for Agniveer tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.