കോഴിക്കോട്: എണ്ണമറ്റ യാത്രക്കാർ വന്നുപോകുന്ന കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മനുഷ്യസ്നേഹത്തിന്റെ ഹൃദയസ്പർശിയായ ഒരു അനുഭവക്കുറിപ്പ്. റിയാദിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കണ്ടുമുട്ടിയ പ്രവാസി യുവാവ് ഒരുക്കിയ ആതിഥ്യത്തെ കുറിച്ചാണ് ശാന്തപുരം ജാമിഅ അൽ ഇസ്‌ലാമിയ ഡെപ്യൂട്ടി റെക്ടർ ഡോ. നഹാസ് മാള പങ്കുവെച്ചത്. പരിചയപ്പെടുന്നവർക്ക് പങ്കുവെക്കാൻ പത്തിരിയും ഇറച്ചിയും പൊതിഞ്ഞു കൊടുത്ത ഉമ്മയുടെ സംസ്കാരവും കരുതലും അത് മറ്റുള്ളവർക്ക് കൊടുക്കാനുള്ള മനുഷ്യത്വത്തിന്റെ നേർപ്പകർപ്പുമാണ് കുറിപ്പിൽ പറയുന്നത്.
പുലർച്ചെ നാലുമണിക്ക് വീട്ടിൽ നിന്നിറങ്ങി എമിഗ്രേഷൻ നടപടികളെല്ലാം പൂർത്തിയാക്കി ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോഴാണ് മലപ്പുറം എടവണ്ണപ്പാറ ഓമാനൂർ സ്വദേശിയായ ഉമർ എന്ന യുവാവ് നഹാസിനെ പരിചയപ്പെടുന്നത്. വർഷങ്ങളായി പ്രവാസിയായ ഉമർ, അബഹയിലെ ജോലിസ്ഥലത്തേക്ക് മടങ്ങാനാണ് വിമാനത്താവളത്തിൽ എത്തിയത്.
"ഇങ്ങള് എന്തെങ്കിലും കഴിച്ചോ?" എന്ന ലളിതമായ ചോദ്യത്തിലൂടെ ഉമർ തന്റെ ബാഗിൽ നിന്ന് ഉമ്മ കരുതിവെച്ച ഭക്ഷണപ്പൊതി പുറത്തെടുത്തു. നാട്ടിലെ വീടുപണിയും കുടിയിരിക്കലും കഴിഞ്ഞ് മടങ്ങുന്ന ഉമറിന് ഉമ്മ നൽകിയതായിരുന്നു ആ പൊതി. വെറും ഭക്ഷണമല്ല, മറിച്ച് യാത്രക്കിടെ കണ്ടുമുട്ടുന്ന അപരിചിതർക്കായി കരുതിവെച്ച സ്നേഹം കൂടിയായിരുന്നു അത്. ഓരോ പത്തിരിക്കുള്ളിലും ഇറച്ചി വെച്ച് റോൾ ആക്കിയാണ് ഉമ്മ പൊതിഞ്ഞു തന്നിട്ടുള്ളത്. യാത്രയിൽ ആരെയെങ്കിലും കൂടെ കിട്ടുമെന്ന് ഉമ്മക്ക് ഉറപ്പായിരുന്നു എന്ന് ഉമർ പറഞ്ഞു.
കോടിക്കണക്കിന് മനുഷ്യരുള്ള ഈ ലോകത്ത് നാം നേരിൽ കാണുന്ന ചുരുക്കം ചിലരിലേക്ക് എങ്ങനെ നന്മ പകരണം എന്നതിന് ഉത്തമ ഉദാഹരണമാണിതെന്ന് നഹാസ് കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
റിയാദിലേക്കുള്ള യാത്രയിലാണ്. പുലർച്ചെ 4 ന് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. സമയത്തിന് തന്നെ കാലിക്കറ്റ് എയർപോർട്ടിൽ എത്തി, എമിഗ്രേഷനും കഴിഞ്ഞ് ഫ്ലൈറ്റ് കാത്തിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ അടുത്ത് വന്ന് നിങ്ങൾ യൂട്യൂബിൽ ഉള്ള ആളല്ലേ എന്ന് ചോദിക്കുന്നു. ഉള്ളിൽ ചിരിയൊതുക്കി സോഷ്യൽ മീഡിയയിൽ കുറച്ച് വീഡിയോസ് ചെയ്യാറുണ്ടെന്ന് മാത്രം തിരിച്ചു പറഞ്ഞു. കണ്ട് സലാം പറയാൻ വന്നതാണെന്ന് പറഞ്ഞു.
നമസ്കരിക്കാൻ സമയം ആയതിനാൽ വേഗം ഞങ്ങൾ രണ്ടുപേരും സുബ്ഹ് ജമാഅത് പൂർത്തിയാക്കി. മലപ്പുറം എടവണ്ണപ്പാറ ഓമാനൂർ ആണ് സ്വദേശം എന്നും സൗദിയിൽ അബഹയിൽ ഒരു കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നതെന്നുമെല്ലാം അദ്ദേഹം വിശദീകരിച്ചു.
13 വർഷമായി വിദേശത്ത് ജോലി ചെയ്യുന്നു. നാട്ടിലെ വീടുപണി പൂർത്തിയാക്കിയ ശേഷം ഇപ്പോൾ കുടിയിരിക്കൽ കഴിഞ്ഞാണ് മടക്കം. കാര്യങ്ങൾ പറയുന്നതിനിടെ ആൾ പെട്ടെന്ന് ഒരു ചോദ്യം ; ഇങ്ങള് എന്തെങ്കിലും കഴിച്ചോ? ഉമ്മ പൊതിഞ്ഞുതന്ന പത്തിരിയും ഇറച്ചിയും ഉണ്ട്, നമുക്ക് ഒരു ഭാഗത്ത് മാറിയിരുന്നു കഴിച്ചാലോ, തടസ്സം ഒന്നും ഇല്ലല്ലോ? പ്രയാസം ഒന്നുമില്ലാതെ കഴിക്കാം, ഓരോ പത്തിരിക്കുള്ളിലും ഇറച്ചി വെച്ച് റോൾ ആക്കിയാണ് ഉമ്മ പൊതിഞ്ഞു തന്നിട്ടുള്ളത്. യാത്രയിൽ ആരെയെങ്കിലും കൂടെ കിട്ടും എന്ന് ഉറപ്പായിരുന്നു. അവരെ കൂടി കരുതി ആണ് എപ്പോഴും ഇത് പൊതിഞ്ഞെടുക്കാറുള്ളത്.
ചങ്കിലൂടെ ഒരു നീറ്റൽ.. സന്തോഷമാണോ വിഷമമാണോ?..ഭാവങ്ങളൊന്നും പുറത്തു കാണിക്കാതെ അധികം ആരുമില്ലാത്ത ഒരു ഭാഗത്തേക്ക് ഒരു ഗ്ലാസ് ചായ വാങ്ങിയതും ചേർത്ത് ഞങ്ങൾ മാറിയിരുന്നു. പത്തിരിക്കുള്ളിൽ ഹബീബിന്റെ ഉമ്മ പൊതിഞ്ഞുവെച്ച മൊരിഞ്ഞ ബീഫിന്റെ സ്നേഹത്തിൽ ഞാനും പങ്കാളിയായി .പരസ്പരം ഒരുപാട് സംസാരിച്ചു. അയാളുടെ കണ്ണിലെ തിളക്കവും സന്തോഷവും നേരിട്ട് അറിഞ്ഞു.
ഉമ്മാന്റെ സ്നേഹം.. അവന്റെ സ്നേഹം.. 5 മിനുട്ട് മുൻപ് മാത്രം ജീവിതത്തിൽ കണ്ടു മുട്ടിയവരുടെ സ്നേഹം.. പടച്ചോന്റെ ദുനിയാവിൽ അവൻ നമ്മൾക്കെല്ലാവർക്കും വേണ്ടി നിറച്ചു വെച്ച സ്നേഹം..
850 കോടിയോളം മനുഷ്യരിൽ ജീവിതത്തിൽ നമ്മൾ നേരിൽ കണ്ട് പരിചയപ്പെടുന്നത് 10000 ആൾക്കാർ പോലും ഉണ്ടാകുമോ.. ആയിരം പേർക്കപ്പുറംഅവരുടെ പേരുകൾ ഓർത്തു വെക്കാൻ സാധിക്കുമോ..
അപ്പോൾ നമുക്ക് ചുറ്റുമുള്ള നമ്മുടെ പരിചയക്കാരെ നമ്മൾ എത്ര മാത്രം സ്നേഹിക്കണം? അവരുടെ ആവശ്യങ്ങൾ നമ്മൾക്ക് ആവുന്നതിന്റെ പരമാവധി സാധിച്ചു കൊടുത്തേക്കണം?
നമുക്ക് കിട്ടുന്ന മനുഷ്യരുടെ സ്നേഹത്തെ പടച്ചോൻ നമുക്കായി കരുതിവെച്ചതിനെ നമ്മൾ എത്ര മാത്രം നന്ദിപൂർവ്വം കാണണം!! കുഞ്ഞു കാര്യങ്ങളുടെ ഉടയ തമ്പുരാനെ നാം എത്ര മാത്രം സ്നേഹിക്കണം!!
നന്ദി ഹബീബ് ഉമർ ഓമാനൂർ.. നിങ്ങളെ പോലുള്ളവർ ആണ് മനുഷ്യർക്ക് കൂടുതൽ സന്തോഷം കൊടുക്കാൻ ആയി അല്ലാഹു തെരഞ്ഞെടുത്തയച്ചവർ.. അല്ലാഹുവിന്റെ പ്രിയപ്പെട്ടവർ..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.