ജീവനുള്ള വസ്തുക്കൾക്കെല്ലാം ഒരു ചൈതന്യമുണ്ടാകുമെന്ന് പറയാറുണ്ട്. എന്നാൽ, അത് ഏത് വിധത്തിലാണെന്ന് പലരും പലതരത്തിലാണ് വിശദീകരിക്കാറ്. ഇപ്പോഴിതാ, ജീവനുള്ള എല്ലാ വസ്തുക്കൾക്കും ഒരു പ്രത്യേക തിളക്കമുണ്ടെന്നും മരണത്തോടെ അത് ഇല്ലാതാകുമെന്നും കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്ര ഗവേഷകർ.
കാനഡയിലെ കാൽഗറി യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു കണ്ടെത്തലിന് പിന്നിൽ. ശാസ്ത്രീയ അടിത്തറയോടെയാണ് ഇവർ ഈ വാദം മുന്നോട്ടുവെക്കുന്നതും. അൾട്രാ വീക്ക് ഫോട്ടോൺ എമിഷൻ (ultraweak photon emission-UPE) എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.
പ്രകാശത്തിന്റെയും മറ്റ് ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളുടെയും അടിസ്ഥാന കണികയാണ് ഫോട്ടോൺ എന്നത്. അതായത്, വെളിച്ചത്തിന്‍റെ ഏറ്റവും ചെറിയ പാക്കറ്റുകൾ എന്ന് ഇവയെ വിശേഷിപ്പിക്കാം. ജീവനുള്ള വസ്തുക്കൾ ഊർജം ഉത്പാദിപ്പിക്കുമ്പോൾ, ആ രാസപ്രവർത്തനങ്ങളുടെ ഫലമായി വളരെ നേരിയ അളവിൽ ഫോട്ടോണുകൾ പുറത്തേക്ക് വിടുന്നുവെന്നാണ് കണ്ടെത്തൽ. ഇതിന്‍റെ ഫലമായി ജീവശരീരത്തിന് ചുറ്റും വളരെ നേരിയ അളവിലുള്ള ഒരു തിളക്കമുണ്ടാകുന്നു. ഇത് ജീവനുള്ള എല്ലാ വസ്തുക്കളിലും കാണാൻ സാധിക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും ഗവേഷകർ വിശദീകരിക്കുന്നു.
ജീവശരീരത്തിന്‍റെ അടിസ്ഥാന ഘടകമാണല്ലോ കോശങ്ങൾ. കോശങ്ങളിലെ ഊർജ്ജോൽപ്പാദന, സംഭരണ, വിതരണ കേന്ദ്രങ്ങളാണ് മൈറ്റോകോൺഡ്രിയ. നമ്മുടെ ഭക്ഷണത്തിലെ പഞ്ചസാരയെ ഓക്സിഡേറ്റീവ് മെറ്റബോളിസത്തിലൂടെ ഊർജമാക്കി സംഭരിക്കുകയാണ് ഇവിടെ. ഈ പ്രവർത്തനങ്ങൾക്കിടയിൽ, തന്മാത്രകൾക്ക് ഊർജ്ജം നേടുകയും നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് കുറച്ച് ഫോട്ടോണുകൾ പുറത്തുവിടുന്നു. ഇതാണ് ജീവനുള്ളവയ്ക്ക് തിളക്കം നൽകുന്നത്.
വളരെ നേർത്തതാണ് ഈ പ്രകാശം. 200 മുതൽ 1000 നാനോ മീറ്റർ വരെയുള്ള സ്പെക്ട്രൽ പരിധിയിലാണിത്. ഇങ്ങനെയൊരു പ്രകാശം ജീവനുള്ളവയ്ക്ക് ഉണ്ടെന്ന് പല ശാസ്ത്രജ്ഞരും തിയറികൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവ തെളിയിക്കാനായിരുന്നില്ല. കാൽഗറി യൂണിവേഴ്സിറ്റിയിലെ ഡോ. ഡാനിയേൽ ഒബ്ലാക്കിൻ്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനത്തിലൂടെ ഇത് തെളിയിച്ചിരിക്കുന്നത്. എലികളിലാണ് ഇവർ ഇതിനായി പരീക്ഷണം നടത്തിയത്. 'ജേണൽ ഓഫ് ഫിസിക്കൽ കെമിസ്ട്രി ലേറ്റേഴ്സ്' എന്ന ശാസ്ത്ര ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.