ചന്ദ്രയാത്ര പാളി; നാസക്ക് തിരിച്ചടി; മനുഷ്യന്റെ രണ്ടാം ചന്ദ്രയാത്രക്ക് ഇനിയും കാത്തിരിക്കണം

വാഷിങ്ടൺ: അപ്പോളോ ദൗത്യത്തിനുശേഷം, മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ദൗത്യത്തിന് കനത്ത തിരിച്ചടി. 2025 മുതൽ മനുഷ്യനെ ചന്ദ്രോപരിതലത്തിലെത്തിക്കുന്ന ആർട്ടെമിസ് പദ്ധതി മുൻകൂട്ടി നിശ്ചയിച്ചപ്രകാരം മുന്നോട്ടുപോകുന്നില്ലെന്ന് കഴിഞ്ഞദിവസം നാസ തന്നെ വ്യക്തമാക്കി.

ആർട്ടെമിസ്-3 പേടകം വഴി അടുത്തവർഷം മൂന്നു പേരെ ചന്ദ്രനിലെത്തിക്കാനായിരുന്നു നാസയുടെ പദ്ധതി. 30 ദിവസത്തെ ദൗത്യമായിരുന്നു ലക്ഷ്യം. എന്നാൽ, ആർട്ടെമിസ്-3, 2026 സെപ്റ്റംബറിനുശേഷമേ കുതിക്കാനുള്ള സാധ്യതയുള്ളൂവെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചു. നാസയുടെ സഹായത്തോടെ, ‘പെരിഗ്രീൻ’എന്നപേരിൽ ഒരു സ്വകാര്യ കമ്പനിയുടെ ചാന്ദ്രദൗത്യം ഏതാനും ദിവസം മുമ്പ് വിക്ഷേപിച്ചിരുന്നു.

ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിക്കാൻ കഴിയുന്ന ഒരു അസ്ട്രോബോട്ട് ആണിത്. ആർട്ടെമിസ് ദൗത്യംവഴി ചന്ദ്രനിലിറങ്ങുന്ന യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും അവർക്ക് ‘വഴി കാണിക്കാനു’മുള്ള ഉപകരണങ്ങൾ പെരിഗ്രീനിലുണ്ട്. എന്നാൽ, ഇന്ധന ചോർച്ചയെ തുടർന്ന് പെരിഗ്രീൻ ദൗത്യം പരാജയപ്പെട്ടു. ഇതോടെയാണ് ആർട്ടെമിസ് മിഷനും അനിശ്ചിതത്വത്തിലായത്.

2022 നവംബർ 16നാണ് ആർട്ടെമിസ്-1 വിക്ഷേപിച്ചത്. ഇതിൽ മനുഷ്യനില്ല. ഇതിന്റെ തുടർച്ചയിൽ ഈ വർഷം, ആർട്ടെമിസ്-2 വാഹനത്തിൽ ഒരാളെ ചന്ദ്രോപരിതലത്തിന് സമീപം അയക്കാനായിരുന്നു നാസയുടെ പദ്ധതി. ഈ യാത്രികൻ ചന്ദ്രനിലിറങ്ങില്ല. തുടർന്ന്, ആർട്ടെമിസ്-3ൽ, മൂന്നു പേർ ചന്ദ്രോപരിതലത്തിൽ ഇറങ്ങും. അതോടെ, അഞ്ച് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമാകുമായിരുന്നു. 1972ൽ, അപ്പോളോ-17ലാണ് അവസാനമായി മനുഷ്യർ ചന്ദ്രനിലിറങ്ങിയത്.

ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ചാന്ദ്ര പര്യവേക്ഷണത്തിൽ വൻ കുതിപ്പ് നടത്തുമ്പോഴാണ് നാസക്ക് തിരിച്ചടിയേറ്റിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ ഒരു നിലയം സ്ഥാപിക്കുക, ചന്ദ്രനെ പരിക്രമണം ചെയ്യുന്ന ഒരു ബഹിരാകാശ നിലയം വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾകൂടി ആർട്ടെമിസ് ദൗത്യത്തിനുണ്ട്. പുതിയ സാഹചര്യത്തിൽ ഇതെല്ലാം അനിശ്ചിതമായി വൈകും.

Tags:    
News Summary - US moon landing mission suffered a major setback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.