ഭാഗികമായി നശിച്ച ബലീൻ തിമിംഗലത്തിന്റെ തലയോട്ടിയുടെയും താടിയെല്ലിന്റെയും അവശിഷ്ടങ്ങൾ. (ഫോട്ടോ: Nature)
ബെയ്ജിങ്: ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴക്കടൽ തട്ടിൽ ലോകത്തിലെ ഏറ്റവും ആഴമേറിയതും വലുതുമായ തിമിംഗല ശ്മശാനം ശാസ്ത്രജ്ഞർ കണ്ടെത്തി. കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള തിമിംഗലങ്ങളുടെ അവശിഷ്ടങ്ങൾക്കൊപ്പം, അവയെ ആശ്രയിച്ച് ജീവിക്കുന്ന വിചിത്രവും സങ്കീർണവുമായ ഒരു പുതിയ ആവാസവ്യവസ്ഥയും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പ്രശസ്ത ശാസ്ത്ര മാസികയായ 'നേച്ചർ' ആണ് ഈ വിസ്മയകരമായ കണ്ടെത്തൽ പുറത്തുവിട്ടത്.
ചൈനീസ് അക്കാദമി ഓഫ് സയൻസസ്, ഇറ്റലിയിലെ പിസ സർവകലാശാല, എർത്ത് സയൻസസ് ന്യൂസിലാൻഡ് എന്നിവടങ്ങളിലെ ശാസ്ത്രജ്ഞർ സംയുക്തമായാണ് ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള 'ഡയാമന്റിന ഫ്രാക്ചർ സോൺ' എന്നറിയപ്പെടുന്ന അതീവ ദുർഘടമായ മേഖലയിലാണ് ഈ ശ്മശാനമുള്ളത്.
സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 4,200 മീറ്റർ മുതൽ 7,002 മീറ്റർ വരെ ആഴത്തിലാണ് 1,200 കിലോമീറ്ററോളം നീളത്തിൽ കിടക്കുന്ന ഈ തിമിംഗല ശ്മശാനം. ഇതിനുമുമ്പ് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ആഴമേറിയ തിമിംഗല ശ്മശാനം 4,200 മീറ്ററിലായിരുന്നു. ചൈനയുടെ 'ഫെൻഡൂഷെ' എന്ന അത്യാധുനിക സമുദ്ര അന്തർവാഹിനി ഉപയോഗിച്ച് 32ലധികം തവണ ആഴക്കടലിലേക്ക് നടത്തിയ ഡൈവിങ്ങിലൂടെയാണ് ശാസ്ത്രജ്ഞർ ഈ പ്രദേശം മാപ്പ് ചെയ്തത്.
ചത്തടിഞ്ഞ തിമിംഗലത്തിന്റെ അവശിഷ്ടങ്ങളിൽ ജീവജാലങ്ങൾ വളരുന്ന ദൃശ്യങ്ങൾ. (ഫോട്ടോ: Nature)
ആകെ 485 തിമിംഗല ഫോസിൽ കേന്ദ്രങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ഇതിൽ അഞ്ച് എണ്ണം ഇപ്പോഴും സജീവമായ 'വെയ്ൽ-ഫോൾ' ആവാസവ്യവസ്ഥകളാണ്. അതായത്, ചത്തുപോയ വലിയ തിമിംഗലങ്ങളുടെ ശരീരങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നുപോകുമ്പോൾ, അത് ആഴക്കടലിലെ ലക്ഷക്കണക്കിന് ജീവികൾക്ക് വലിയൊരു പോഷകാഹാര സ്രോതസ്സായി മാറുന്നു. അസ്ഥികൾ തിന്നുന്ന പ്രത്യേകതരം പുഴുക്കൾ, കടൽ നക്ഷത്രങ്ങൾ, ഞണ്ടുകൾ, ഇനിയും ശാസ്ത്രം തിരിച്ചറിഞ്ഞിട്ടില്ലാത്ത അജ്ഞാത ജീവികൾ എന്നിവയടങ്ങുന്ന വലിയൊരു ജീവലോകം ഈ ശ്മശാനത്തെ കേന്ദ്രീകരിച്ച് വളർന്നുവന്നിട്ടുണ്ട്.
ഇവിടെ നിന്നും കണ്ടെത്തിയ ഫോസിലുകൾക്ക് ഏകദേശം 53 ലക്ഷം വർഷത്തെ പഴക്കമുണ്ടെന്ന് റേഡിയോകാർബൺ പരിശോധനയിൽ തെളിഞ്ഞു. പൂർണമായും വംശനാശം സംഭവിച്ച, ശാസ്ത്രലോകത്തിന് ഇതുവരെ അറിവില്ലാതിരുന്ന ഒരു പുതിയ തിമിംഗല വർഗത്തിന്റെ ഫോസിലും ഇതിൽ ഉൾപ്പെടുന്നു. ശാസ്ത്രജ്ഞർ ഇതിന് 'പ്റ്റെറോസെറ്റസ് ഡയാമന്റിനെ' എന്നാണ് പേരിട്ടിരിക്കുന്നത്.
കടലിനടിയിലെ ഈ പ്രത്യേക മേഖലയുടെ വിചിത്രമായ 'V' ആകൃതിയിലുള്ള ഭൂപ്രകൃതിയാണ് ചത്തുപോകുന്ന തിമിംഗലങ്ങളുടെ ശരീരങ്ങളെ ഒരുമിച്ച് ഒരിടത്തേക്ക് എത്തിക്കാൻ കാരണമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. കരയിൽ നിന്നും ഒരിക്കലും ലഭിക്കാത്ത തരത്തിലുള്ള തിമിംഗലങ്ങളുടെ പരിണാമ ചരിത്രത്തിന്റെ വലിയൊരു കലവറയാണ് ഈ ആഴക്കടൽ ശ്മശാനത്തിലൂടെ തങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.