പ്രപഞ്ചത്തിലെ കുഞ്ഞൻ താരകങ്ങളെ തേടി ജെയിംസ് വെബ്; IC 348ന്റെ വിസ്മയചിത്രം പുറത്ത്

വാഷിങ്ടൺ: പ്രപഞ്ചത്തിലെ നക്ഷത്രരൂപീകരണത്തിന്റെ വിസ്മയകരമായ ദൃശ്യങ്ങളുമായി ജെയിംസ് വെബ് സ്പേസ് ടെലിസ്‌കോപ്പ്. ഇതുവരെ പകർത്തിയതിൽ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നിൽ ഭൂമിയോട് അടുത്തുള്ള നക്ഷത്രരൂപീകരണ മേഖലയായ IC 348ന്റെ അതിസൂക്ഷ്മമായ  ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചിത്രത്തിൽ നക്ഷത്രങ്ങൾക്കും വാതക-പൊടിപടലങ്ങൾക്കുമൊപ്പം അതീവ ചെറിയ തവിട്ട് കുള്ളന്മാരെയും (ബ്രൗൺ ഡ്വാർഫ്) കണ്ടെത്തി.

ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രരൂപീകരണ മേഖലകളിലൊന്നാണ് IC 348. നക്ഷത്രങ്ങളും തിളങ്ങുന്ന വാതകങ്ങളും വ്യാപിച്ചുകിടക്കുന്ന പൊടിപടലങ്ങളും ഉൾപ്പെടുന്ന സങ്കീർണമായ ദൃശ്യമാണ് വെബിന്റെ ഇൻഫ്രാറെഡ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ മധ്യഭാഗത്ത് യുവ നക്ഷത്രങ്ങളുടെ സാന്നിധ്യം കൂടുതലാണ്. പ്രകാശമേറിയ നക്ഷത്രങ്ങളിൽ ജെയിംസ് വെബിന്റെ ഒപ്റ്റിക്കൽ ഘടനമൂലം രൂപപ്പെടുന്ന ഡിഫ്രാക്ഷൻ സ്പൈക്കുകളും കാണാം.

IC 348യിലെ ചെറിയ ബ്രൗൺ ഡ്വാർഫുകളെ കണ്ടെത്തുന്നതിനായി ഗവേഷകർ 2024ൽ വെബിന്റെ നിയർ-ഇൻഫ്രാറെഡ് സ്പെക്ട്രോഗ്രാഫ് (NIRCam) ഉപകരണം ഉപയോഗിച്ച് നിരീക്ഷണം നടത്തി. ഇതിൽ 39 ബ്രൗൺ ഡ്വാർഫുകളെ കണ്ടെത്തി. തുടർന്ന് 2025ൽ ഇവയിൽ 15 എണ്ണത്തെ വിശദമായി പഠിച്ചു. ഇതിൽ ഒമ്പതെണ്ണം ക്ലസ്റ്ററിലെ പുതിയ സബ്-സ്റ്റല്ലാർ അംഗങ്ങളാണെന്ന് കണ്ടെത്തി.

ഇവയിൽ ഏറ്റവും കുറഞ്ഞ പിണ്ഡമുള്ളവക്ക് ഏകദേശം രണ്ട് വ്യാഴഗ്രഹങ്ങളുടെ പിണ്ഡം മാത്രമാണെന്നാണ് കണക്കാക്കുന്നത്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കുറഞ്ഞ പിണ്ഡമുള്ള ബ്രൗൺ ഡ്വാർഫുകളാണിവ. നക്ഷത്രങ്ങളുടെയും വാതകഭീമൻ ഗ്രഹങ്ങളുടെയും ഇടയിലുള്ള സ്വഭാവമുള്ള സബ്-സ്റ്റല്ലാർ വസ്തുക്കളാണ് ബ്രൗൺ ഡ്വാർഫുകൾ.

സാധാരണ നക്ഷത്രങ്ങളെപ്പോലെ വാതക-പൊടിമേഘങ്ങൾ ചുരുങ്ങിയാണ് ഇവ രൂപപ്പെടുന്നത്. എന്നാൽ നക്ഷത്രങ്ങളിൽ സംഭവിക്കുന്നതുപോലെ ഹൈഡ്രജനെ ഹീലിയമാക്കി മാറ്റുന്ന ന്യൂക്ലിയർ ഫ്യൂഷൻ നടക്കാൻ ആവശ്യമായ താപനില ഇവയുടെ കേന്ദ്രഭാഗത്ത് ഉണ്ടാകില്ല. അതിനാൽ ഇവയെ ചിലപ്പോൾ ‘പരാജയപ്പെട്ട നക്ഷത്രങ്ങൾ’ എന്നും വിശേഷിപ്പിക്കാറുണ്ട്.

ചിത്രത്തിന്റെ മുകൾ വലതുഭാഗത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പ്രോട്ടോസ്റ്റാറുകളും അവയിൽനിന്ന് പുറത്തേക്ക് പാഞ്ഞുപോകുന്ന വസ്തുക്കളുടെ ജെറ്റുകളും കാണാം. സമീപത്തെ വാതക-പൊടിപടലങ്ങളിലേക്ക് പതിക്കുന്ന ഇത്തരം ജെറ്റുകൾ ഹെർബിഗ്-ഹാരോ വസ്തുക്കൾ രൂപപ്പെടുത്തുന്നു. ഇവക്ക് ട്രില്യൺ കണക്കിന് മൈൽ ദൂരത്തേക്ക് വ്യാപിക്കാനാകുമെന്നും ഗവേഷകർ പറയുന്നു.

IC 348നെ നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയും അടുത്തിടെ നിരീക്ഷിച്ചിരുന്നു. എക്സ്-റേ പ്രകാശത്തിൽ തിളങ്ങുന്ന നക്ഷത്രങ്ങളും മറ്റ് പ്രപഞ്ചവസ്തുക്കളും ഉൾപ്പെടുന്ന ദൃശ്യമാണ് ചന്ദ്ര പകർത്തിയത്.

Tags:    
News Summary - James Webb captures wonder of IC 348 in search of universe's tiny stars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.