217 വർഷം പഴക്കമുള്ള നെപ്പോളിയന്റെ രഹസ്യസന്ദേശം; വെറും ആറ് മണിക്കൂറിൽ ഡീകോഡ് ചെയ്ത് എ.ഐ

പാരിസ്: നെപ്പോളിയൻ ബോണപ്പാർട്ടിന്റെ നിർദേശപ്രകാരം 1809ൽ തയ്യാറാക്കിയ രഹസ്യസന്ദേശം 217 വർഷങ്ങൾക്ക് ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഡീകോഡ് ചെയ്തു. ഫ്രഞ്ച് ജനറൽ ആഗസ്റ്റെ ഡി മാർമോണിന് കൈമാറിയ എൻക്രിപ്റ്റഡ് സൈനിക സന്ദേശമാണ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വായിച്ചെടുത്തത്.

ഇത് നെപ്പോളിയൻ നേരിട്ട് എഴുതിയ കത്തായിരുന്നില്ല. ഇറ്റലിയുടെ വൈസ്രോയിയായിരുന്ന യൂജിൻ ഡി ബോഹാർനെസിന്റെ ആസ്ഥാനത്ത് തയ്യാറാക്കിയ സൈനിക വിവരങ്ങളടങ്ങിയ സന്ദേശമായിരുന്നു ഇത്. നെപ്പോളിയന്റെ നിർദേശപ്രകാരം മാർമോണിന് കൈമാറാനായി രഹസ്യകോഡിലാണ് സന്ദേശം തയ്യാറാക്കിയത്.

സൈബർ സുരക്ഷാ കമ്പനിയായ സെൻ്റിനൽ വൺ-ലെ (SentinelOne) എൻജിനീയർ കാർട്ടർ ചർച്ചിന്റെ നേതൃത്വത്തിലാണ് ഡീകോഡിങ് നടന്നത്. ഓപ്പൺ എ.ഐയുടെ  ജി.പി.ടി-6 ആസ്ട്ര(GPT-6 Astra) മോഡൽ ഉപയോഗിച്ച് 1809-ലെ കത്തിലെ എൻക്രിപ്റ്റഡ് സന്ദേശം ഏകദേശം ആറ് മണിക്കൂറിനുള്ളിൽ ഡീകോഡ് ചെയ്തതായി ചർച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

1,202 × 1,836 പിക്സൽ വലുപ്പമുള്ള ചിത്രത്തെ വരികളായി വിഭജിച്ച് അതിലെ ചിഹ്നങ്ങൾ വായിച്ചെടുത്ത ശേഷമാണ് എ.ഐ രഹസ്യകോഡ് വിശകലനം ചെയ്തത്. കൈകൊണ്ട് വരച്ച 175 വ്യത്യസ്ത ചിഹ്നങ്ങളിൽ ഒരേ ചിഹ്നം പലതവണ ഉപയോഗിച്ചിട്ടുണ്ടോ എന്നും  രേഖയിലുണ്ടായിരുന്ന ചിത്രത്തിലെ എഴുത്ത് തിരിച്ചറിയുകയും ചിഹ്നങ്ങൾ വിശകലനം ചെയ്യുകയും ചെയ്ത ശേഷമാണ് എ.ഐ രഹസ്യകോഡ് വായിച്ചെടുത്തത്. തുടർന്ന് ഇവ ഉപയോഗിച്ചുള്ള ഹോമോഫോണിക് സബ്സ്റ്റിറ്റ്യൂഷൻ സൈഫർ വിശകലനം ചെയ്തു

പതിറ്റാണ്ടുകളായി നിരവധി ഗവേഷകർ രേഖയുടെ ഉള്ളടക്കം പുനർനിർമിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പൂർണമായ ഡീകോഡിങ് ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. സൈഫർ വിശകലനം, കോഡ് തയ്യാറാക്കൽ, ചരിത്രരേഖകളുമായുള്ള വിവരങ്ങളുടെ താരതമ്യം എന്നിവയും എ.ഐ ഉപയോഗിച്ചാണ് നടത്തിയതെന്ന് ചർച്ച് പറഞ്ഞു.

ഡീകോഡ് ചെയ്ത സന്ദേശത്തിൽ ബവേറിയൻ, പോളിഷ്, ഫ്രഞ്ച് സൈനിക വിഭാഗങ്ങളുടെ സ്ഥാനങ്ങളും സൈനികരുടെ എണ്ണവും ഉൾപ്പെട്ടിരുന്നു. 1809ൽ ഓസ്ട്രിയ ഫ്രാൻസിനെതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സന്ദേശം അയച്ചത്.

“ഫ്രിയൂളിയിലെ സൈന്യത്തിൽ ഇന്ന് 80,000 പേരുണ്ട്. ഡാൽമേഷ്യൻ സൈനിക വിഭാഗത്തെയും കൂടി പരിഗണിക്കുമ്പോൾ ഓസ്ട്രിയ എല്ലാ ഭാഗത്തുനിന്നും ആക്രമിക്കപ്പെടും,” എന്നായിരുന്നു സന്ദേശത്തിലെ പ്രധാന വിവരങ്ങളിലൊന്ന്. നീങ്ങാനുള്ള ഉത്തരവ് ലഭിക്കുമ്പോൾ എതിർപക്ഷത്തെ ചെറിയ സൈനിക സംഘങ്ങളെ കണ്ട് ഭയപ്പെടരുതെന്നും മാർമോണിന് നിർദേശം നൽകിയിരുന്നു.

സൈനികരുടെ എണ്ണം, ഉദ്യോഗസ്ഥരുടെ പദവികൾ, യൂണിറ്റുകളുടെ സ്ഥാനങ്ങൾ തുടങ്ങിയ വിവരങ്ങൾ പരിശോധിച്ചതിന് പിന്നാലെ രേഖ 1809 മാർച്ച് അവസാനത്തോടെ തയ്യാറാക്കിയതാണെന്ന് ചർച്ച് വിലയിരുത്തി. ഓസ്ട്രിയൻ സൈന്യം ആക്രമണം ആരംഭിക്കുന്നതിന് ഏകദേശം രണ്ടാഴ്ച മുമ്പായിരുന്നു ഇത്.

രേഖയുടെ ട്രാൻസ്ക്രിപ്ഷൻ, സൈഫർ പട്ടികകൾ, ഡീകോഡിങ് പുനഃസൃഷ്ടിക്കാൻ ആവശ്യമായ പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടെയുള്ള ഗവേഷണരേഖ സെപ്റ്റംബർ 18ന് ചർച്ച് പ്രസിദ്ധീകരിച്ചു. ടോക്കിയോ ആസ്ഥാനമായ ഗവേഷകൻ സതോഷി തോമോകിയോയും ഡീകോഡിങ് പരിശോധിച്ച് രേഖയെ 'സോൾവ്ഡ്' (solved) എന്ന് അടയാളപ്പെടുത്തിയതായി ചർച്ച് പറഞ്ഞു.

Tags:    
News Summary - 217-year-old secret Napoleon message decoded by AI in just 6 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.