വാഷിങ്ടൺ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും മുൻ പ്രസിഡന്റ് ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം രാഷ്ട്രീയകാരണങ്ങളാൽ ബഹിരാകാശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും തിരികെ ഭൂമിലെത്തിക്കാൻ ഉദ്ദേശ്യമില്ലായിരുന്നുവെന്നും ആരോപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ ഉപദേശകൻ ഇലോൺ മസ്കും രംഗത്ത്. അധികാരമേറ്റ ശേഷം ട്രംപും മസ്കും ഒരുമിച്ച് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ആരോപണം.
ബൈഡൻ ഭരണകൂടം ബഹിരാകാശ യാത്രികരെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് താൻ കരുതുന്നതായി അവതാരകന്റെ ചോദ്യത്തിന് മറുപടിയായി മസ്ക് പറഞ്ഞു. പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടതുപ്രകാരം അവരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങൾ. നേരത്തെ തന്നെ അവരെ തിരിച്ചെത്തിക്കാമായിരുന്നു. എന്നാൽ അത്തരത്തിലൊരു ആവശ്യം മുമ്പ് വന്നിട്ടില്ല. രാഷ്ട്രീയ കാരണങ്ങളാൽ അവരം ബഹിരാകാശത്ത് ഉപേക്ഷിച്ചു. നാലാഴ്ചക്കുള്ളിൽ ഇരുവരെയും തിരികെ എത്തിക്കുമെന്നും മസ്ക് വ്യക്തമാക്കി.
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ എൻഡവർ വാഹനത്തിലാണ് ഇരുവരും ഭൂമിയിൽ തിരിച്ചെത്തുക. മാർച്ച് 12ന് എൻഡവർ ഭൂമിയിൽനിന്ന് കുതിക്കും. മാർച്ച് 20ഓടെ സുനിതക്ക് ഭൂമിയിലെത്താനാകും. നേരത്തേ നിശ്ചയിച്ചതനുസരിച്ച്, മാർച്ച് 25നായിരുന്നു പേടകം ഭൂമിയിൽനിന്ന് പുറപ്പെടേണ്ടിയിരുന്നത്. ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്കോവ് എന്നിവരെ വഹിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന എൻഡവറിൽ വില്യംസും വിൽമോറും നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവും മടങ്ങും.
2024 ജൂൺ അഞ്ചിനാണ് സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലായിരുന്നു യാത്ര. ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണം മടക്കം മുടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.