ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല; ഇന്ത്യൻ നേട്ടത്തെ ചോദ്യം ചെയ്ത് ചൈനീസ് ശാസ്ത്രജ്ഞൻ

140 കോടി ഇന്ത്യക്കാരുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന്‍റെ വിജയത്തെ ചോദ്യം ചെയ്ത് പ്രമുഖ ചൈനീസ് ശാസ്ത്രജ്ഞൻ രംഗത്ത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ പേടകം വിജയകരമായി നടത്തിയ സോഫ്റ്റ് ലാൻഡിങ്ങിലാണ് ചൈന സംശയം പ്രകടിപ്പിക്കുന്നത്. ചൈനയുടെ ചാന്ദ്രാപര്യവേക്ഷണ പരിപാടിയുടെ സ്ഥാപകൻ എന്നറിയപ്പെടുന്ന ഒയാൻ സുയാൻ ആണ് ഈ വാദം ഉന്നയിച്ചത്.

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലോ ധ്രുവ പ്രദേശത്തോ അന്‍റാർട്ടിക് ധ്രുവ പ്രദേശത്തോ അല്ല ഇന്ത്യയുടെ ചന്ദ്രയാൻ 3 ഇറങ്ങിയതെന്നാണ് ഒയാൻ സുയാൻ സയൻസ് ടൈംസ് ന്യൂസ്പേപ്പറിനോട് വ്യക്തമാക്കിയത്. ചന്ദ്രയാനിലെ റോവർ ഏകദേശം 69 ഡിഗ്രി തെക്ക് അക്ഷാംശത്തിലാണ് ഇറങ്ങിയത്. ഇത് ചന്ദ്രന്‍റെ ദക്ഷിണാർധ ഗോളത്തിനുള്ളിലാണ്. എന്നാൽ, ധ്രുവ പ്രദേശത്തല്ല. 88.5 ഡിഗ്രിക്കും 90 ഡിഗ്രിക്കും ഇടയിലുള്ള അക്ഷാംശങ്ങൾക്ക് ഇടയിലാണിതെന്നും ചൈനീസ് ശാസ്ത്രജ്ഞൻ പറയുന്നു.

Full View

ഭൂമിയുടെ അച്ചുതണ്ട് ഏകദേശം 23.5 ഡിഗ്രിയിൽ ചരിഞ്ഞിരിക്കുന്നു. ഇതുപ്രകാരം ദക്ഷിണ ധ്രുവം 66.5 മുതൽ 90 ഡിഗ്രി വരെ തെക്കോട്ട് ആണെന്നാണ് നിർവചനം. എന്നാൽ, ചന്ദ്രന്‍റെ ചരിവ് 1.5 ഡിഗ്രി മാത്രമായതിനാൽ ധ്രുവ പ്രദേശം വളരെ ചെറുതാണെന്നാണ് സുയാന്‍റെ വാദം.

അതേസമയം, ചന്ദ്രയാൻ 3 പേടകം ചന്ദ്രന്‍റെ വിജയകരമായി ലാൻഡ് ചെയ്തതിന് പിന്നാലെ ഐ.എസ്.ആർ.ഒയെ അഭിനന്ദിച്ച് കൊണ്ട് അമേരിക്കയുടെ നാസ മേധാവി ബിൽ നെൽസൺ എക്സിൽ പ്രതികരിച്ചിരുന്നു. ചന്ദ്രയാൻ മൂന്ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയെന്നാണ് ബിൽ പറഞ്ഞത്. കൂടാതെ, ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും ദൗത്യത്തിൽ പങ്കാളിയായതിൽ സന്തോഷിക്കുന്നതായും ബിൽ വ്യക്തമാക്കിയിരുന്നു.

ചന്ദ്രയാൻ മൂന്നിന്‍റെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശാസ്ത്രജ്ഞരെ അഭിനന്ദിച്ചിരുന്നു.

2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രയാൻ മൂന്ന് പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും എൽ.വി.എം 3 റോക്കറ്റിൽ കുതിച്ചുയർന്നത്. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ സഞ്ചരിച്ച് ആഗസ്റ്റ് 23ന് റോവർ ഉൾപ്പെടുന്ന ലാൻഡർ ച​ന്ദ്ര​ന്റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് (മൃ​ദു ഇ​റ​ക്കം) ന​ട​ത്തി.

Tags:    
News Summary - Top Chinese scientist claims Chandrayaan-3 did not land in Moon's south pole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.