മസ്കത്ത്: അന്താരാഷ്ട്ര ബഹിരാകാശ നിലയം തിങ്കളാഴ്ച ഒമാനിലൂടെ കടന്നുപോകുമെന്ന് ഒമാൻ സൊസൈറ്റി ഓഫ് ആസ്ട്രോണമി ആൻഡ് സ്പേസ് വ്യക്തമാക്കി. മണിക്കൂറിൽ 27,600 കിലോമീറ്റർ വേഗത്തിലായിരിക്കും ഇതിന്റെ സഞ്ചാരം. വൈകീട്ട് 7.41ഓടെ കടന്നുപോകുന്ന ബഹിരാകാശ നിലയത്തെ അഞ്ച് മിനിറ്റ് മാത്രമായിരിക്കും കാണാനാകുക. സമുദ്രനിരപ്പിൽനിന്ന് 420 കി.മീറ്റർ ഉയരത്തിൽ വടക്കുപടിഞ്ഞാറ് മുതൽ തെക്കുകിഴക്ക് വരെയായിരിക്കും ഇതിന്റെ സഞ്ചാരം.
ഈ അപൂർവ ദൃശ്യം നഗ്നനേത്രങ്ങൾകൊണ്ടു കാണാനാവും. പ്രകാശമില്ലാത്ത തുറന്ന സ്ഥലം ഇതിനായി തെരഞ്ഞെടുക്കാം. തെളിഞ്ഞ ആകാശം ഒരുപ്രധാന ഘടകമാണ്. ഒരു സാധാരണ മൊബൈൽ കാമറയിൽ ഇതിന്റെ വിഡിയോ ദൃശ്യം പകർത്താം. അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐ.എസ്.എസ്.) കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി ആകാശത്ത് നമ്മുടെ തലക്കുമുകളിലൂടെ പലതവണ കടന്നുപോകാറുണ്ട്. വാനനിരീക്ഷണകുതുകികൾക്ക് സ്ഥിരം കാഴ്ചയാണിതെങ്കിലും ഇത് കാണാത്തവരായി ഒട്ടേറെപ്പേരുണ്ടിപ്പോഴും.
താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും മനുഷ്യർക്ക് താമസിക്കാനാവുന്നതുമായ ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 1998ലാണ് ഈ നിലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ബഹിരാകാശത്തിലെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെത്തന്നെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വിവിധ ഭാഗങ്ങൾ സംയോജിപ്പിച്ചത്. ഭൂഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഏറ്റവും വലുപ്പം കൂടിയ കൃത്രിമ വസ്തുവാണിത്. റഷ്യയുടെ പ്രോട്ടോൺ, സോയുസ് റോക്കറ്റുകളും അമേരിക്കയുടെ സ്പെയ്സ് ഷട്ടിലുകളും ചേർന്നാണ് ഇതിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ചത് ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങൾക്കൊണ്ട് കാണാവുന്ന ഈ നിലയം 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയിൽ (205 മൈലിനും 270 മൈലിനും) ഉയരത്തിലായുള്ള ഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.