ചെന്നൈ: ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിനായി വിക്ഷേപിക്കാനിരിക്കുന്ന ചന്ദ്രയാൻ - 5 ദൗത്യത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതായി ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ബംഗളൂരുവിൽ ഔദ്യോഗിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രയാൻ - 5 ദൗത്യത്തിൽ 250 കിലോഗ്രാം ഭാരമുള്ള 'പ്രയാഗ്യാൻ' റോവർ ഉപയോഗിക്കും. ഇത് ചന്ദ്രയാൻ -3 ന്‍റെ 25 കിലോഗ്രാം റോവറിനെക്കാൾ ഭാരം കൂടിയതും കൂടുതൽ സാധ്യതയുള്ളതുമാണ്. ചന്ദ്രന്‍റെ ഉപരിതലത്തെ കൂടുതൽ ആഴത്തിൽ പഠിക്കാനാണ് ഈ ദൗത്യത്തിന്‍റെ ലക്ഷ്യമെന്ന് നാരായണൻ വ്യക്തമാക്കി.
2008 ൽ വിക്ഷേപിച്ച 'ചന്ദ്രയാൻ - 1' ചന്ദ്രന്‍റെ രാസഘടന, ധാതു വിതരണം, ഫോട്ടോ-ജിയോളജിക്കൽ മാപ്പിങ് തുടങ്ങിയ പഠനങ്ങൾ നടത്തി. 'ചന്ദ്രയാൻ -2' 98 ശതമാനം വിജയം നേടിയെങ്കിലും അവസാന ഘട്ടത്തിലെ ലാൻഡിങ് വിജയകരമായില്ല. അതിലെ ഹൈ റെസല്യൂഷൻ കാമറ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. 2023 ഓഗസ്റ്റ് 23 ന് 'ചന്ദ്രയാൻ-3' ദക്ഷിണധ്രുവത്തിൽ വിജയകരമായി സോഫ്റ്റ്-ലാൻഡിങ് നടത്തി. 2027 ൽ 'ചന്ദ്രയാൻ -4' ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനായി വിക്ഷേപിക്കും.
മൂന്ന് ദിവസം മുമ്പാണ് 'ചന്ദ്രയാൻ -5' നിർമാണത്തിന് അനുമതി ലഭിച്ചത്. ഈ ദൗത്യത്തിന് ജപ്പാനുമായുള്ള സഹകരണം ഉണ്ടാകുമെന്നും ഇസ്രോ ഭാവിയിൽ കൂടുതൽ ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും നാരായണൻ വ്യക്തമാക്കി. ഗഗൻയാൻ പദ്ധതിയുടെയും ഭാരതീയ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.