തന്മാത്രഘടനയിൽ വാസ്തുവിദ്യയൊരുക്കി; മൂവർ സംഘത്തിന് രസതന്ത്ര നൊബേൽ

സ്റ്റോക്ഹോം: 2025 രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് ഗവേഷകർ പങ്കിട്ടു. രസതന്ത്രത്തിൽ പുതിയ ഗവേഷണ മേഖലകൾക്ക് വഴിതുറന്ന മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്ക് എന്ന തന്മാത്ര ഘടന രൂപകൽപന ചെയ്തതിനാണ് സുസുമു കിറ്റാഗവ (ജപ്പാൻ), റിച്ചാർഡ് റോബ്സൺ (ബ്രിട്ടൻ), ഉമർ മുവന്നിസ് യാഗി (ജോർഡൻ) എന്നിവർ പുരസ്കാരത്തിന് അർഹരായത്. സുസുമു ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലും റോബ്സൺ മെൽബൺ യൂനിവേഴ്സിറ്റിയിലും ഉമർ കാലിഫോർണിയ സർവകലാശാലയിലും ഗവേഷകരാണ്.

ആധുനിക രസതന്ത്രത്തിലെ അത്ഭുത നിർമിതികളിലൊന്നാണ് മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്ക് (എം.ഒ.എഫ്). മനുഷ്യനിർമിത പദാർഥങ്ങളിൽ നവീനമായ ഒന്നാണിത്. ലോഹ അയോണുകളെ നീളമുള്ള ഓർഗാനിക് തന്മാത്രകൾ ഉപയോഗിച്ച് പരസ്പരം ബന്ധിച്ചുണ്ടാക്കുന്ന ഘടനകളാണ് ഇവയെന്ന് സാമാന്യമായി പറയാം. ഇവ ഖരരൂപത്തിലാക്കുമ്പോൾ അതിനുള്ളിൽ ധാരാളം അറകളടങ്ങിയ ക്രിസ്റ്റലുകൾ രൂപപ്പെടുന്നു. ഈ പ്രത്യേക ഘടനകാരണം ഇവക്ക് പല വസ്തുക്കളേയും ആഗിരണം ചെയ്യാനും സൂക്ഷിച്ചുവെക്കാനും കഴിയും. ഈ സവിശേഷതയെ ശാസ്ത്രലോകം വിവിധ നിർമിതികൾ നടത്തി പ്രയോഗവത്കരിച്ചു. മരുഭൂമിയിൽ അന്തരീക്ഷവായുവിൽനിന്ന് ഈർപ്പം വലിച്ചെടുത്ത് ജലം സംഭരിക്കുക; ഹൈഡ്രജൻ, കാർബൺ ഡയോക്സൈഡ് പോലുള്ള വാതകങ്ങൾ ആഗിരണം ചെയ്ത് സൂക്ഷിക്കുക; വിഷവാതകങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക തുടങ്ങി ഒട്ടേറെ പ്രയോജനപ്രദമായ നിർമിതികൾ മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്ക് എന്ന ആശയത്തിലൂടെ സാധ്യമായി.

‘സംഭരണി’കൾ എന്നതിനപ്പുറം, രാസപ്രവർത്തന വേഗംകൂട്ടുന്ന മികച്ച രാസത്വരകങ്ങളായും (കാറ്റലിസ്റ്റ്) ഇവ പ്രവർത്തിക്കുന്നു. 90കളിൽ ഇതിന് തുടക്കംകുറിച്ചത് റിച്ചാർഡ് റോബ്സൺ ആണ്. എം.ഒ.എഫിന്റെ ഒരു പ്രാഗ് രൂപം അദ്ദേഹം വികസിപ്പിച്ചു. നാല് വർഷത്തിനുശേഷം ഉമർ പൂർണമായൊരു എം.ഒ.എഫ് യാഥാർഥ്യമാക്കി. ഈ അന്വേഷണങ്ങളുടെ തുടർച്ചയിൽ കിറ്റാഗവ 1997ൽ കോഓഡിനേഷൻ പോളിമർ ഘടനകൾ കണ്ടെത്തി. ഹൈഡ്രജൻ സ്റ്റോറേജ്, കാർബൺ ഡൈ ഓക്സൈഡ് സ്റ്റോറേജ്, ബയോളജിക്കൽ ഇമേജിങ് തുടങ്ങി വിവിധ മേഖലകളിൽ എം.ഒ.എഫിന് പ്രയോഗസാധ്യതയുണ്ട്. ഗവേഷണങ്ങളെ കൂടുതൽ ത്വരിതപ്പെടുത്താൻ ഈ കണ്ടെത്തൽ സഹായകമായെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി.

11 കോടി ഇന്ത്യൻ രൂപയാണ് സമ്മാനത്തുക. ഇത് മൂവരും തുല്യമായി പങ്കിടും. ഡിസംബർ 10നാണ് പുരസ്കാര ദാനം. വ്യാഴാഴ്ച സാഹിത്യ നൊബേൽ ജേതാവിനെ പ്രഖ്യാപിക്കും.

അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ​നി​ന്നൊ​രു നൊ​ബേ​ൽ ജേതാവ്

ഉ​മ​ർ മു​വ​ന്നി​സ് യാ​ഗി എ​ന്ന ശാ​സ്ത്ര​ജ്ഞ​ൻ ര​സ​ത​ന്ത്ര നൊ​ബേ​ൽ നേ​ടു​മ്പോ​ൾ ലോ​ക​ത്തെ മു​ഴു​വ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്നൊ​രു ച​രി​ത്ര സ​ന്ദ​ർ​ഭ​മാ​യി അ​ത്. നൊ​ബേ​ൽ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​​ണ് അ​ഭ​യാ​ർ​ഥി​ത്വ അ​നു​ഭ​വ​മു​ള്ളൊ​രാ​ൾ ശാ​സ്ത്ര നൊ​ബേ​ൽ നേ​ടു​ന്ന​ത്. 2021ൽ ​സാ​ഹി​ത്യ നൊ​ബേ​ൽ നേ​ടി​യ അ​ബ്ദു റ​സാ​ഖ് ഗു​ർ​ന​യും മുൻപ് അ​ഭ​യാ​ർ​ഥി​യാ​യി​രു​ന്നു.

ഫ​ല​സ്തീ​ൻ വം​ശ​ജ​നാ​ണ് ഉ​മ​ർ യാ​ഗി. 1948ലെ ​ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ൽ ജീ​വി​തം പി​ഴു​തെ​റി​യ​പ്പെ​ട്ട​വ​രാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ൾ. 1965ൽ, ​ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​യി​രു​ന്നു ഉ​മ​റി​ന്റെ ജ​ന​നം. പി​താ​വ് അ​വി​ടെ കാ​ലി മേ​ച്ചും ബീ​ഫ് സ്റ്റാ​ൾ ന​ട​ത്തി​യും ഉ​പ​ജീ​വ​ന മാ​ർ​ഗം ക​ണ്ടെ​ത്തി. ആ ​കാ​ലം പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും ഉ​മ​ർ സ്മ​രി​ച്ചി​ട്ടു​ണ്ട്. ഒ​രൊ​റ്റ മു​റി​യിലാണ് 12 അം​ഗ കു​ടും​ബം കഴി​ഞ്ഞത്. കു​ടി​വെ​ള്ള​വും വൈ​ദ്യു​തി​യു​മൊ​ന്നു​മി​ല്ലാ​ത്ത ആ ​ദു​ര​ന്ത​പ​ർ​വം അ​വ​സാ​നി​ച്ച​ത് 15ാം വ​യ​സി​ലെ ​യു.​എ​സ് കു​ടി​യേ​റ്റ​ത്തോ​ടെ​യാ​ണ്. അ​റ​ബി ഭാ​ഷ മാ​ത്രം വ​ശ​മു​ള്ള ഉ​മ​റി​ന്റെ ഹു​ഡ്സ​ൺ വാ​ലി​യി​ലെ ജീ​വി​ത​വും ദു​ര​ന്തം നി​റ​ഞ്ഞ​താ​യി​രു​ന്നു. എ​ന്നാ​ൽ, നി​ശ്ച​യ​ദാ​ർ​ഢ്യ​ത്താ​ൽ അവ​യെ​ല്ലാം വ​ക​ഞ്ഞു​മാ​റ്റി​യാ​ണ് അ​ദ്ദേ​ഹം ര​സ​ത​ന്ത്ര ച​രി​ത്ര​ത്തി​ന് നാ​ന്ദി​കു​റി​ച്ച​ത്. ഇ​ലി​നോ​യി​സ്, ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നാ​യി ഗ​വേ​ഷ​ണ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഉ​മ​ർ തൊ​ട്ട​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ​ത​ന്നെ ഇ​പ്പോ​ഴ​ത്തെ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​മാ​യ ക​ണ്ടെ​ത്ത​ൽ ന​ട​ത്തി.

Tags:    
News Summary - Susumu Kitagawa, Richard Robson, Omar Yaghi Win Nobel Prize In Chemistry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT