ആകാശത്ത് നിരനിരയായി നീങ്ങുന്ന കുഞ്ഞു വെളിച്ച തുണ്ടുകൾ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായി ആകാശത്ത് തെളിഞ്ഞ ഈ മനോഹര ദൃശ്യം ജനങ്ങളിൽ അമ്പരപ്പും അതോടൊപ്പം ആശയക്കുഴപ്പവും ഉണ്ടാക്കിയിരുന്നു. ഡിസംബർ 30നായിരുന്നു ആകാശത്തെ ഈ വിസ്മയക്കാഴ്ച.
ദൃശ്യമാകുന്നത് പേടകങ്ങളാണെന്നും അതല്ല, അന്യഗ്രഹ ജീവികളുടെ സഞ്ചാരമാണിതെന്ന വാദങ്ങൾ വരെ ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ കേരളത്തിന് പിന്നാലെ ബംഗളൂരുവിലും അയൽപ്രദേശങ്ങളിലും തീവണ്ടിപോലെ നീങ്ങുന്ന വെളിച്ച തുണ്ടുകൾ ദൃശ്യമായിരിക്കുകയാണ്.
എന്നാൽ നിരനിരയായി നീങ്ങുന്നത് നക്ഷത്രങ്ങളോ ഉൽക്കകളോ അല്ല എന്നതാണ് വസ്തുത. ലോകകോടീശ്വരനായ ഇലോൺ മസ്കിന്‍റെ സ്‌പേയ്‌സ്‌എക്‌സ് കമ്പനി വിക്ഷേപിച്ച സ്റ്റാർലിങ്ക് പേടകങ്ങളാണ് ഇവ. ബഹിരാകാശത്തെ ഏറ്റവും വിപുലമായ ഉപഗ്രഹ ശ്രേണിയാണിവ. ഈ ഉപഗ്രഹങ്ങളുടെ സഞ്ചാരമാണ് കഴിഞ്ഞ കുറച്ചു ദിവസമായി ആകാശത്ത് ദൃശ്യമാവുന്നത്.
ആഗോള ഇന്‍റർനെറ്റ് സേവനങ്ങൾ ലക്ഷ്യമിട്ടുകൊണ്ടാണ് സ്‌പേയ്‌സ്‌എക്‌സ് സ്റ്റാർലിങ്ക് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 50 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളാണ് സ്‌പേയ്‌സ്‌എക്‌സ് കമ്പനി ഇതിനായി വിക്ഷേപിച്ചത്. നേരത്തേയും സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായിരുന്നു. ഈ ആകർഷകമായ ആകാശകാഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നിരവധിപേർ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.