ന്യൂയോർക്ക്: ഒമ്പതുമാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇരുവരെയും വഹിച്ച് സ്പേസ് എക്സിന്‍റെ ഡ്രാഗൺ ക്രൂ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് വേർപെട്ടു. അൺഡോക്കിങ് പ്രക്രിയ പൂർണമായെന്നും ഇരുവരും തിരിച്ചുവരികയാണെന്നും നാസ അറിയിച്ചു. 17 മണിക്കൂർ നീളുന്ന യാത്രക്കൊടുവിൽ നാളെ പുലർച്ചെ 3.30ന് ഫ്ളോറിഡ തീരത്തോട് അടുത്ത് കടലിലാണ് പേടകം ലാൻഡ് ചെയ്യുക.
നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരും സുനിതക്കും വിൽമോറിനും ഒപ്പമുണ്ട്. പാരഷൂട്ടുകൾ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. ഇന്ത്യൻ സമയം പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേൺ പ്രക്രിയയിലൂടെ വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗൺ പേടകം പ്രവേശിക്കും. അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്ന പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കാനാണ് പദ്ധതി.
2024 ജൂൺ അഞ്ചിനാണ് സുനിതയും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ഇവരെത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു തകരാർ സംഭവച്ചതോടെയാണ് മടക്കയാത്ര നീണ്ടത്. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ വേഗം കുറക്കുന്നതിനുള്ള തകരാറും ഹീലിയം ചോർച്ചയുമായിരുന്നു പ്രധാന കാരണങ്ങൾ. ഈ പേടകത്തിലെ മടങ്ങിവരവ് അപകടകരമായിരിക്കുമെന്ന വിലയിരുത്തലിൽ ബോയിങ്ങിന്റെ എതിരാളിയായ സ്പേസ് എക്സിനെ നാസ ദൗത്യം ഏൽപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.