ബംഗളൂരു: സ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് പ്രക്രിയയുടെ വിഡിയോ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ഡോക്കിങ് പ്രക്രിയ വിവരിക്കുന്ന ഏഴ് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയാണ് ഐ.എസ്.ആർ.ഒ എക്സിലൂടെ പങ്കുവെച്ചത്.
ഡിസംബർ 30ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എല്‍.വി സി60 റോക്കറ്റിൽ സ്പെയ്ഡെക്സ് വിക്ഷേപിച്ചത് മുതൽ വിജയകരമായി ഡോക്കിങ് പ്രക്രിയ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം വരെയുള്ള കാര്യങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, ഡോക്കിങ് പ്രക്രിയയുടെ വിജയത്തെ കുറിച്ചുള്ള പ്രമുഖരുടെ പ്രതികരണവും വിഡിയോയിൽ ഉണ്ട്.
ജനുവരി 16നാണ് സ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഭാഗമായ 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളെ ഡോക്കിങ് പ്രക്രിയയിലൂടെ വിജയകരമായി കൂട്ടിയോജിപ്പിച്ചത്. വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അകലം കുറച്ചുകൊണ്ടു വന്ന ശേഷമാണ് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ചത് (ഡോക്കിങ്).
ഡോക്കിങ് പൂർത്തിയാക്കിയ ഇരു ഉപഗ്രഹങ്ങളും തമ്മിലെ ഊർജ കൈമാറ്റം സംബന്ധിച്ച് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ നിരീക്ഷിക്കുകയാണ്. കൂട്ടിച്ചേർത്ത ശേഷം തടസമില്ലാതെ ഉപഗ്രഹങ്ങൾ ഒറ്റ പേലോഡായി പ്രവർത്തിക്കുകയും അൺഡോക്കിങ്ങിന് ശേഷം ഇവ പൂർവസ്ഥിതിയിൽ പ്രവർത്തിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. അൺഡോക്കിങ്ങിന് ശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിക്കും.
2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുക എന്ന ചരിത്ര ദൗത്യത്തിലേക്ക് നിർണായക ചുവടുവെപ്പായാണ് കഴിഞ്ഞ ഡിസംബർ 30ന് ഐ.എസ്.ആര്.ഒയുടെ സ്പെയ്ഡെക്സ് വിജയകരമായി വിക്ഷേപിച്ചത്. ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളെ കൂടാതെ 24 പരീക്ഷണോപകരണങ്ങളും സ്പെയ്ഡെക്സ് ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (POEM) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക.
പല തവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഡോക്കിങ് സാങ്കേതിക വിദ്യയിലൂടെയാണ്. സ്പെയ്സ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് സ്പെയ്സ് ഡോക്കിങ് നടപ്പാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.