കോഴിക്കോട്: അടുത്തിടെ ആകാശത്തിലെ താരമായിമാറിയ ഇന്ത്യൻ ഗഗനചാരി ശുഭാൻഷു ശുക്ലയടക്കം 11 പേരുമായി ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ (ഐ.എസ്.എസ്) വെറും കണ്ണുകൊണ്ട് കാണാൻ സുവർണാവസരം. വാനകുതുകികളെല്ലാം തയാറെടുത്തുകഴിഞ്ഞ അപൂർവ കാഴ്ചയിൽ പങ്കാളികളാകാൻ മലയാളികളും ഒരുങ്ങി. ഒരു ദിവസം പലതവണ ഭൂമിയെ ചുറ്റുമെങ്കിലും ഈ നിലയം ഒരു നിശ്ചിതസ്ഥലത്തുനിന്ന് വ്യക്തമായി കാണാനുള്ള അവസരം അപൂർവമായേ ഒത്തുവരാറുള്ളൂ.
മാത്രവുമല്ല, ഒരു ഇന്ത്യക്കാരനുമായി തലക്കു മുകളിലൂടെ പറക്കുന്ന പേടകത്തെ കാണുക എന്ന അപൂർവാവസരത്തിനും സാക്ഷ്യം വഹിക്കാനാകും. ജൂലൈ ആറു മുതൽ 10 വരെ ഇതിന് ഏറ്റവും നല്ല സമയമാണ്. ജൂലൈ ആറിന് രാത്രി 7.56ഓടെ തെക്കുപടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന ഐ.എസ്.എസ് ഏതാണ്ട് 7.59ഓടെ തലക്കു മുകളിലൂടെ പറക്കും. 8.03 ആവുമ്പോഴേക്കും വടക്കുകിഴക്കൻ മാനത്ത് അപ്രത്യക്ഷമാവും. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഏതാണ്ട് 6.30 മിനിറ്റ് പൊൻ താരകമായി ഈ നിലയം സഞ്ചരിക്കുന്നത് കാണാം. തുടർന്ന് ജൂലൈ ഏഴിന് രാത്രി 7.10ഓടെ തെക്കു- കിഴക്കൻ മാനത്ത് ഐ.എസ്.എസിനെ കാണാമെങ്കിലും അത്ര മെച്ചപ്പെട്ട കാഴ്ചയാകില്ലെന്നാണ് അമച്വർ വാനനിരീക്ഷകനും അസ്ട്രോ കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറയുന്നത്.
എന്നാൽ, ജൂലൈ ഒമ്പതിന് പുലർകാലത്ത് 5.50ഓടെ വടക്കുപടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന ഐ.എസ്.എസ് 5.53ഓടെ തലക്കു മുകളിലൂടെ പറന്ന് 5.57ന് തെക്കുകിഴക്കൽ മാനത്ത് അപ്രത്യക്ഷമാകുമ്പോൾ അത് ഏറെ തിളക്കത്തിലുള്ള കാഴ്ചയുമാകും. ഏതാണ്ട് കാൽ നൂറ്റാണ്ടിലധികമായി ബഹിരാകാശത്ത് ഭൂമിയെച്ചുറ്റുന്ന ഐ.എസ്.എസിന് ഏതാണ്ട് ഒരു ഫുട്ബാൾ സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുണ്ട്.
അമേരിക്ക, റഷ്യ, ജപ്പാൻ തുടങ്ങി 15ഓളം രാജ്യങ്ങളുടെ ഒരു സംയുക്ത സംരംഭമാണിത്. മണിക്കൂറിൽ 27,500ഓളം കി.മീ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ആകാശക്കൊട്ടാരം ഭൂമിയിൽനിന്ന് ഏതാണ്ട് 400 കി.മീ ഉയരത്തിലാണ്. സാധാരണയായി സന്ധ്യക്കും പുലർകാലത്തുമാണ് ഐ.എസ്.എസിനെ കാണാൻ കഴിയാറെന്നും സൂര്യരശ്മി തട്ടി പ്രതിഫലിച്ചാണ് കാഴ്ച സാധ്യമാകുന്നതെന്നും സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.