ആദിമ മനുഷ്യർ ജീവിച്ചിരുന്നതിന്‍റെ തെളിവുകൾ നൽകുന്നതിൽ നിർണായക പങ്കാണ് തെക്കുകിഴക്കൻ ഏഷ്യക്കുള്ളത്. ആദിമ മനുഷ്യരുടെ പുരാതന ഫോസിലുകൾ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് ഗവേഷകർ കണ്ടെത്തിയതാണ് പുതിയ വാർത്ത. ഹോമോ ഇറക്റ്റസിന്റെ ഫോസിലുകളാണ് ഇവയെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
മനുഷ്യനുൾപ്പെടെ ജീവജാലങ്ങളാലും ജൈവവൈവിധ്യത്താലും സമ്പന്നമായിരുന്ന സുന്ദലാൻഡ് എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തിന്‍റെ ഭാഗം കഴിഞ്ഞ ഹിമയുഗത്തിനുശേഷം സമുദ്രനിരപ്പ് ഉയർന്നപ്പോൾ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളിൽ വസിച്ചിരുന്ന വംശനാശം സംഭവിച്ച മനുഷ്യ പൂർവ്വികനായ ഹോമോ ഇറക്റ്റസിന്‍റേതാണ് ഗവേഷകർ കണ്ടെത്തിയ ഫോസിൽ. അവർ ആധുനിക മനുഷ്യരുമായി കൂടുതൽ ഇടപഴകിയിട്ടുണ്ടാകാമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു
കിഴക്കൻ ഇന്തോനേഷ്യയിലെ ജാവ ദ്വീപിന് സമീപമുള്ള കടൽത്തീരത്ത് നിന്നാണ് ഫോസിലുകൾ കണ്ടെടുത്തത്. ജാവയെയും മധുര ദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന ജലനിരപ്പായ മധുര കടലിടുക്കിൽ നിന്ന് ദശലക്ഷക്കണക്കിന് ക്യുബിക് മീറ്റർ അവശിഷ്ടം കുഴിച്ചെടുക്കുന്ന പദ്ധതിക്കിടെയാണ് ഫോസിലുകൾ കണ്ടെത്തിയത്.
കൊമോഡോ ഡ്രാഗണുകൾ മുതൽ ഹിപ്പോപ്പൊട്ടാമസുകൾ വരെയുള്ള 36 ഇനങ്ങളിൽ നിന്നുള്ള 6000ത്തിലധികം മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഫോസിലുകളിൽ ഉൾപ്പെടുന്നു. മധുര കടലിടുക്കിലെ ഹോമിനിഡുകൾ ആമകളെയും വലിയ ബോവിഡുകളെയും വേട്ടയാടിയിരുന്നു എന്നതിന്റെ സൂചനയായി ചില മൃഗ ഫോസിലുകളിൽ ഗവേഷകർ മുറിവേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ ആമവേട്ടയുടെ ആദ്യ തെളിവ് കൂടിയാണിത്.
പശുവിനെപ്പോലുള്ള മൃഗങ്ങളെ തിരഞ്ഞെടുത്ത് വേട്ടയാടുക എന്നത് ഏഷ്യൻ വൻകരയിലെ ആധുനിക മനുഷ്യരുടെ സാധാരണ ജീവിത രീതിയായിരുന്നു.
മധുര കടലിടുക്ക് ഹോമിനിഡുകൾ വേട്ടയാടൽ സ്വതന്ത്രമായി വികസിപ്പിച്ചെടുത്തിരിക്കാമെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു.
' ഒരുതരം സാംസ്കാരിക വിനിമയത്തിനും ഇത് സാധ്യതയുണ്ട്. ആദ്യകാല ഹോമോ ഇറക്റ്റസ് ഒറ്റപ്പെട്ടായിരുന്നില്ല വസിച്ചിരുന്നത് എന്നതിന്‍റെയും സാധ്യതകൾ നൽകുന്നു' -ലൈഡൻ സർവകലാശാലയിലെ പ്രധാന എഴുത്തുകാരനും ഗവേഷകനുമായ ഹരോൾഡ് ബെർഗൂയിസ് പറഞ്ഞു.
മത്സ്യം, ആമകൾ, സ്രാവുകൾ, ഹിപ്പോപ്പൊട്ടാമസുകൾ, ആനകൾ, ഇപ്പോൾ വംശനാശം സംഭവിച്ച സ്റ്റെഗോഡോൺ തുടങ്ങിയവ ഉൾപ്പെടെ വിവിധതരം ആവാസവ്യവസ്ഥകളാൽ സമ്പന്നമായിരുന്നു വെള്ളത്തിനടിയിലായ പ്രദേശമെന്ന് ഫോസിലുകളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.